Top News

നടി കസ്തൂരി അറസ്റ്റിൽ; തമിഴ്‌നാട് പോലീസ് പിടികൂടിയത് ഹൈദരാബാദിൽ നിർമാതാവിന്റെ വീട്ടിൽനിന്ന്

ചെന്നൈ: തെലുങ്കർക്കെതിരെ അപകീർത്തി പരാമർശം നടത്തിയ കേസിൽ നടി കസ്തൂരി അറസ്റ്റിൽ. തമിഴ്നാട് പോലീസ് ഹൈദരാബാദിലെ ഒരു നിർമാതാവിന്റെ വീട്ടിൽനിന്നാണ് ശനിയാഴ്ച വൈകിട്ട് നടിയെ അറസ്റ്റ് ചെയ്തത്. ചെന്നൈയിലെത്തിച്ച ശേഷം നടിയ മജിസ്ട്രട്ടിനു മുന്നിൽ ഹാജരാക്കും. നേരത്തെ നടിയുടെ മുൻകൂർ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു.[www.malabarflash.com]


300 വർഷം മുൻപ് തമിഴ് രാജാക്കന്മാരുടെ അന്തഃപുരങ്ങളിൽ പരിചാരകരായി വന്ന തെലുങ്കർ, തങ്ങളാണ് തമിഴരെന്ന് അവകാശപ്പെടുന്നു എന്നായിരുന്നു ബിജെപി അനുഭാവിയായ നടിയുടെ പ്രസംഗം. പരാമർശത്തിനെതിരെ ആന്ധ്രയിലും തെലങ്കാനയിലും വൻ പ്രതിഷേധം ഉയർന്നിരുന്നു. ഹിന്ദു മക്കൾ കക്ഷി എഗ്‌മൂറിൽ നടത്തിയ പ്രകടനത്തിലെ വിവാദ പരാമർശത്തിന്റെ പേരിൽ പോലീസ് റജിസ്റ്റർ ചെയ്ത കേസിനു പിന്നാലെയാണ് സംസ്ഥാനത്തിന്റെ ഇതര ഭാഗങ്ങളിലും നടിക്കെതിരെ കേസെടുത്തിരുന്നു.

വിവിധ സംഘടനകൾ നൽകിയ പരാതിയിലാണ് ചെന്നൈ അടക്കം സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ കേസ് റജിസ്റ്റർ ചെയ്തത്. തുടർന്ന് കസ്തൂരി കോടതിയെ സമീപിച്ചു. പൊട്ടിത്തെറിക്കാൻ പോകുന്ന ബോംബ് പോലെയാണ് നടി കസ്തൂരിയുടെ വിദ്വേഷ പ്രസംഗമെന്നാണ് മദ്രാസ് ഹൈക്കോടതി വിശേഷിപ്പിച്ചത്. പ്രസംഗത്തിലെ വാക്കുകൾ സമൂഹത്തിന്റെ വികസനത്തിനുള്ളതാകണം, ആരെയും ഭിന്നിപ്പിക്കാനാകരുതെന്നും മുൻകൂർജാമ്യ ഹർജി തള്ളിയ ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് വ്യക്തമാക്കി.

ഹർജി തള്ളിയതോടെ, ഒളിവിൽ പോയ കസ്തൂരിയെ അറസ്റ്റ് ചെയ്യാനായി 2 പ്രത്യേക സംഘങ്ങളെ പോലീസ് നിയോഗിച്ചിരുന്നു. ‘അനിയൻ ബാവ ചേട്ടൻ ബാവ’ അടക്കമുള്ള മലയാള ചിത്രങ്ങളിലും ഒട്ടേറെ തമിഴ്, തെലുങ്ക് ചിത്രങ്ങളിലും നായികയായി അഭിനയിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post