Top News

അങ്കണവാടിക്കു സമീപം സ്വകാര്യ മൊബൈല്‍ കമ്പനിയുടെ ടവര്‍ നിര്‍മാണത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍

ഉദുമ: കോതാറമ്പത്ത് ചെരിപ്പാടികാവ് അങ്കണവാടിയോട് ചേര്‍ന്ന് സ്വകാര്യ മൊബൈല്‍ കമ്പനി നിര്‍മിക്കുന്ന ടവറിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍. 60 ഓളം കുട്ടികള്‍ ഉള്ളതും രണ്ട് തവണ സംസ്ഥാനതല അവാര്‍ഡ് നേടിയതുമായ ഈ അങ്കണവാടിയുടെ സമീപത്താണ് ടവര്‍ നിര്‍മ്മാണം നടക്കുന്നത്.[www.malabarflash.com]

ഇക്കഴിഞ്ഞ ജനുവരിയില്‍ തന്നെ നാട്ടിലെ രാഷ്ടീയ, സാമൂഹിക, സാംസ്‌ക്കാരിക, വിദ്യാഭ്യാസ, പരിസ്ഥിതി രംഗത്തുളളവരെ പങ്കെടുപ്പിച്ച് ജനകീയകൂട്ടായ്മയില്‍ യോഗം ചേര്‍ന്നിരുന്നു. അങ്കണവാടിയോട് ചേര്‍ന്ന് ടവര്‍ നിര്‍മിക്കുന്നതിനെതിരേ ഉദുമ പഞ്ചായത്ത് ഭരണ സമിതിയും രംഗത്ത് വന്നിരുന്നു. 

അങ്കണവാടിക്ക് 41 മീറ്റര്‍ അകലെ നിര്‍മിക്കുന്ന ടവര്‍ മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജനകീയ കമ്മിറ്റി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് വെള്ളിയാഴ്ച്ച ഉച്ചയോടെ കാഞ്ഞങ്ങാട് ഡെപ്യുട്ടി കളക്ടര്‍(എന്‍ഡോസള്‍ഫാന്‍ പുനരധിവാസം) സുര്‍ജിത് കെ.എ.എസ്. സ്ഥലത്തെത്തി നാട്ടുകാരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. ഉദുമ വില്ലേജ് ഓഫിസരും ടവര്‍ കമ്പനി അധികൃതരും ഡെപ്യുട്ടി കളക്ടറോടൊപ്പം ഉണ്ടായിരുന്നു. 

ജില്ലാ പഞ്ചായത്ത് അംഗം ഗീത കൃഷ്ണന്‍, ത്രിതലപഞ്ചായത്ത് അംഗങ്ങളായ പുഷ്പ ശ്രീധരന്‍, സൈനബ അബൂബക്കര്‍, ചന്ദ്രന്‍ നാലാംവാതുക്കല്‍, ശകുന്തള ഭാസ്‌കരന്‍, ബിന്ദു സുതന്‍ തുടങ്ങിയവരും നാട്ടുകാരും ഡെപ്യുട്ടി കളക്ടറോട് നാട്ടുകാരുടെ ആശങ്ക പങ്കുവെച്ചു.

Post a Comment

Previous Post Next Post