Top News

ഉദുമ സബ് റജിസ്ട്രാർ ഓഫിസ് സ്വന്തം കെട്ടിടത്തിലേക്ക്; 23നു മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും

ഉദുമ: 53 വർഷത്തിലേറെയായി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഉദുമ സബ്റജിസ്ട്രാർ ഓഫിസ് 23 മുതൽ സ്വന്തം കെട്ടിടത്തിലേക്ക്. ഇതോടെ റജിസ്ട്രേഷൻ വകുപ്പിന്റെ ജില്ലയിലെ മുഴുവൻ ഓഫിസുകൾക്കും സ്വന്തമായി കെട്ടിടമാകും.[www.malabarflash.com]

1971 മാർച്ച് 13നാണ് ഉദുമ സബ്റജിസ്ട്രാർ ഓഫിസ് അനുവദിച്ച് സർക്കാർ ഉത്തരവായത്. അതേ മാസം 22 മുതൽ സബ് റജിസ്ട്രാർ ഓഫിസ് പ്രവർത്തനം ഉദുമയിൽ തുടങ്ങിയത് ചേരിപ്പാടി കുഞ്ഞിക്കണ്ണൻ നായരുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലായിരുന്നു. 30 രൂപ മാസ വാടകയായിരുന്നു അന്നു ആദ്യം നൽകിയിരുന്നത്. 1996 ജൂണിലാണ് നിലവിലുള്ള കെട്ടിടത്തിൽ ഓഫിസ് പ്രവർത്തിക്കുന്നത്. ഇതാണ് പുതിയ കെട്ടിടത്തിലേക്ക് മാറുന്നത്.എല്ലാവിധ സൗകര്യങ്ങളോടു കൂടിയുള്ള കെട്ടിടമാണ് ഉദുമ പള്ളത്ത് സ്വകാര്യ വ്യക്തി സൗജന്യമായി നൽകിയ സ്ഥലത്ത് നിർമിച്ചത്.

കെട്ടിടത്തിന്റെ താഴത്തെ നിലയിൽ പൊതുജനങ്ങൾക്ക് ഇരിക്കാനുള്ള മുറി, സബ് റജിസ്ട്രാറുടെ മുറി, ഓഫിസ്, ഭക്ഷണശാല, പരിശോധന മുറി എന്നിവയും 4 ശുചിമുറിയും ഉണ്ട്. ഒന്നാം നിലയിൽ 1971 മുതലുള്ള റിക്കാർഡ് സൂക്ഷിക്കാനുള്ള മുറി ഉൾപ്പെടെയുള്ള സൗകര്യമാണുള്ളത്. 23നു രാവിലെ 10നു മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി കെട്ടിടം ഉദ്ഘാടനം ചെയ്യും. സി.എച്ച്.കുഞ്ഞമ്പു എംഎൽഎ അധ്യക്ഷത വഹിക്കും.

ടാർഗറ്റ് പൂർത്തിയാക്കി ഉദുമ
കഴിഞ്ഞ വർഷം ജില്ലയിലെ 9 സബ് റജിസ്ട്രാർ ഓഫിസുകളിൽ ഉദുമ,ബദിയടുക്കയുമാണ് വകുപ്പ് നൽകിയ ടാർഗറ്റ് പൂർത്തീകരിച്ചത്. വരുമാനത്തിന്റെ കാര്യത്തിൽ ജില്ലയിൽ മൂന്നു വർഷമായി മൂന്നാം സ്ഥാനത്താണ് ഈ ഓഫിസ്.13 വില്ലേജുകൾക്കു പുറമേ ജില്ലയിൽ എവിടെയും ആധാരം ചെയ്യാമെന്ന എനിവേർ റജിസ്ട്രേഷൻ നടപ്പാക്കിയതോടെ പലയിടങ്ങളിൽ നിന്നായി ഇവിടേക്ക് റജിസ്റ്റർ ചെയ്യാൻ എത്തുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം 4563 ആധാരമാണ് റജിസ്റ്റർ ചെയ്തത്. ഇതിലൂടെ സ്റ്റാംപ് ഡ്യൂട്ടി ഇനത്തിൽ 12.64 കോടിയും റജിസ്ട്രേഷൻ ഫീസിനത്തിൽ 5.34 കോടി ഉൾപ്പെടെ 17.99 കോടിയുടെ വരുമാനമാണ് ഈ ഓഫിസിൽ നിന്നു ലഭിച്ചത്

ഒരു വർഷം ശരാശരി ആധാരം - 4600,കുടിക്കട സർട്ടിഫിക്കറ്റ് - 9200, ആധാരപകർപ്പ്-2500, ഗഹാൻ– 4200,ചിട്ടി 50,വിവാഹം 50 എന്നിവയാണ് നടക്കുന്നത്. 40 വർഷമായി ബേഡഡുക്ക, കുറ്റിക്കോൽ ആസ്ഥാനമായി സബ് റജിസ്ട്രാർ ഓഫിസ് വേണമെന്ന ആവശ്യം ഉന്നയിക്കാൻ തുടങ്ങിയിട്ട് ഏറെ നാളായി എങ്കിലും ഇതുവരെ അനുകൂല തീരുമാനം ഉണ്ടായില്ല.

Post a Comment

Previous Post Next Post