മേപ്പാടി: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ച തിരിച്ചറിയാത്ത എട്ട് മൃതദേഹങ്ങള്‍ പുത്തുമലയില്‍ സംസ്‌കരിച്ചു. മേപ്പാടി കമ്യൂണിറ്റി ഹാളില്‍നിന്ന് ആംബുലന്‍സുകളില്‍ എത്തിച്ച മൃതദേഹങ്ങള്‍ ഹാരിസണ്‍സ് മലയാളം ലിമിറ്റഡിന്റെ തോട്ടത്തില്‍ സംസ്‌കരിക്കുകയായിരുന്നു. സര്‍വമതപ്രാര്‍ഥനയോടെയായിരുന്നു സംസ്‌കാരം.[www.malabarflash.com]
നാലുമണിയോടെ സംസ്‌കാരം എന്നായിരുന്നു നേരത്തെ അറിയിച്ചത്. ഏറെ വൈകിയാണ് മേപ്പാടിയില്‍നിന്ന് പുത്തുമലയിലേക്ക് മൃതദേഹങ്ങളുമായി ആംബുലന്‍സുകള്‍ തിരിച്ചത്. തുടര്‍ന്ന് ചുരുങ്ങിയ സമയം ആളുകള്‍ക്ക് ആദരമര്‍പ്പിക്കാന്‍ സമയം അനുവദിച്ചു. തുടര്‍ന്നാണ് സര്‍വമത പ്രാര്‍ഥനയും സംസ്‌കാരചടങ്ങുകളും നടന്നത്.
ചൂരല്‍മല സെന്റ് സെബാസ്റ്റിയന്‍സ് ചര്‍ച്ച് വികാരി ഫാ. ജിബിന്‍ വട്ടക്കുളത്തിന്റെ നേതൃത്വത്തിലായിരുന്നു ക്രൈസ്തവ ആചാരപ്രകാരമുള്ള പ്രാര്‍ഥന. മേപ്പാടി മാരിയമ്മന്‍ ക്ഷേത്രത്തിലേയും ചൂരല്‍മല ശിവക്ഷേത്രത്തിലേയും ഭാരവാഹികളും സമുദായസംഘടനകളും ഹിന്ദു മതാചാരപ്രകാരമുള്ള ചടങ്ങുകള്‍ക്കായി സ്ഥലത്തുണ്ടായിരുന്നു. മാരിയമ്മന്‍ ക്ഷേത്രത്തിലെ കുട്ടന്‍ ആണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്. മേപ്പാടി മഹല്ലിലെ ഖത്തീബ് മുസ്തഫുല്‍ ഫൈസി മയ്യത്ത് നിസ്‌കാരത്തിന് നേതൃത്വം നല്‍കി.
പി.പി.ഇ. കിറ്റ് ധരിച്ച സന്നദ്ധപ്രവര്‍ത്തകരാണ് സംസ്‌കാരച്ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്. ആദ്യം മൂന്ന് മൃതദേഹങ്ങളും പിന്നീട് രണ്ടെണ്ണവും തുടര്‍ന്ന് മൂന്ന് ശരീരങ്ങളുമാണ് വാഹനവ്യൂഹത്തില്‍ എത്തിച്ചത്.
പത്തടിയോളം താഴ്ചയില്‍ 32 കുഴികളാണ് ഒരുക്കിയത്. പുത്തുമലയില്‍ മുമ്പ് ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ സ്ഥലത്താണ് കൂട്ടസംസ്‌കാരത്തിനുള്ള സൗകര്യമൊരുക്കിയത്. ഞായറാഴ്ച രാവിലെ സര്‍ക്കാര്‍ ഉത്തരവിറക്കി വൈകീട്ട് അഞ്ചുമണിയോടെ തന്നെ കുഴികള്‍ ഒരുക്കുകയായിരുന്നു. അരയേക്കറോളം സ്ഥലമാണ് ഹാരിസണ്‍സ് മലയാളം വിട്ടുനില്‍കിയത്.
0 Comments