Top News

കൈവെട്ട് കേസ്: പ്രതി സവാദിന് ഒളിത്താവളമൊരുക്കിയയാൾ പിടിയിൽ

കൊച്ചി: മൂവാറ്റുപുഴ കൈവെട്ട് കേസിൽ ഒരാൾ കൂടി കസ്റ്റഡിയിൽ. കണ്ണൂർ ഇരിട്ടി വിളക്കോട് സ്വദേശി സഫീറിനെയാണ് എൻഐഎ കസ്റ്റഡിയിലെടുത്തത്. കേസിലെ മുഖ്യപ്രതി എറണാകുളം സ്വദേശി സവാദിന് ഒളിവിൽ കഴിയാൻ സഹായമൊരുക്കിയത് സഫീറാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. വ്യാഴാഴ്ച ഉച്ചയോടെയാണ് എൻഐഎ സഫീറിനെ കസ്റ്റഡിയിലെടുത്തത്.[www.malabarflash.com]

2024 ജനുവരിയിലായിരുന്നു ഒന്നാംപ്രതിയെ എൻഐഎ അറസ്റ്റ് ചെയ്തത്. മട്ടന്നൂർ ബേരത്ത് വെച്ചാണ് സവാദിനെ കസ്റ്റഡിയിലെടുത്തത്. ഒളിവിൽ കഴിയുന്ന സമയത്ത് പ്രതിക്ക് പ്രാദേശിക സഹായം ലഭിച്ചതായി എൻഐഎ കണ്ടെത്തിയിട്ടുണ്ട്. റിമാൻഡ് റിപ്പോർട്ടിലും ഇത് വ്യക്തമാണ്.

പ്രാദേശിക സഹായത്തെ കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് സഫീറിനെ എൻഐഎ കസ്റ്റഡിയിലെടുത്തത്. മട്ടന്നൂരിൽ സവാദ് ഒളിവിൽ കഴിയുന്നതിന് മുൻപ് വിളക്കോട് ഒളിവിൽ കഴിഞ്ഞിരുന്നു. സവാദിന് വിളക്കോട് വാടക വീട് തരപ്പെടുത്തി നൽകിയതും സഫീറാണെന്നാണ് കണ്ടെത്തൽ. സവാദിനെ അറസ്റ്റ് ചെയ്ത് ഏഴ് മാസത്തിന് ശേഷമാണ് എൻഐഎ കേസിൽ ഒരാളെ കൂടി കസ്റ്റഡിയിലെടുക്കുന്നത്.

Post a Comment

Previous Post Next Post