Top News

അശ്ലീല കമന്റ്, കോടതിപരിസരത്തുവച്ച് യുവാവിനെ ചെരിപ്പൂരി തല്ലിയും കഴുത്തിൽ ചവിട്ടിയും യുവതി

സോഷ്യൽ മീഡിയയിൽ ആളുകൾ ചിലപ്പോൾ അതിരുവിട്ട് പെരുമാറാറുണ്ട്. സ്ത്രീകളുടെ കമന്റ് ബോക്സുകളും ഇൻബോക്സുകളുമാണെങ്കിൽ പറയുകയേ വേണ്ട. ചിലരൊക്കെ അതിനെതിരെ പ്രതികരിക്കും. എന്നാൽ, ചിലർ ഇതിനെതിരെയൊന്നും പ്രതികരിക്കാൻ പോകാറില്ല. മറ്റൊന്നും കൊണ്ടല്ല, പ്രതികരിച്ചിട്ടും കാര്യമില്ല എന്നത് തന്നെ കാര്യം. പരാതി കൊടുത്താലാണെങ്കിലോ നടപടിയാവാനെടുക്കും കുറേ കാലം. എന്നാൽ, സോഷ്യൽ മീഡിയയിൽ അശ്ലീല കമന്റുകളിട്ടതിന് ഒരു യുവാവിനെ പൊതിരെ തല്ലുകയാണ് ഒരു യുവതി.[www.malabarflash.com]

ഉത്തർ പ്രദേശിലെ ഉന്നാവോ കോടതി പരിസരത്ത് വച്ചാണ് യുവതി യുവാവിനെ മർദ്ദിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം കുറച്ച് ദിവസങ്ങളായി യുവാവ് യുവതിയേയും അവരുടെ കുടുംബാം​ഗങ്ങളെയും കുറിച്ച് മോശം കമന്റുകൾ തുടർച്ചയായി ഫേസ്ബുക്കിൽ എഴുതുന്നുണ്ടത്രെ. ഇതാണ് യുവതിയെ പ്രകോപിപ്പിച്ചത്. ആദ്യം യുവാവിനെ ഒരു ഷോപ്പിൽ വച്ചാണ് മർദ്ദിച്ചതെന്നും പിന്നീട് കോടതി പരിസരത്തേക്ക് കൊണ്ടുവന്ന് അവിടെ വച്ചും മർദ്ദിക്കുകയായിരുന്നു എന്നും റിപ്പോർട്ടുകൾ പറയുന്നു.

യുവതി യുവാവിനെ ചെരിപ്പൂരി മർദ്ദിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. 'ഇത്തരം കമന്റുകൾ ഫേസ്ബുക്കിലിടാൻ നിനക്കെങ്ങനെ ധൈര്യം വന്നു, എന്റെ സ്വഭാവത്തെ കുറിച്ച് നീയെന്താണ് പറഞ്ഞത്' തുടങ്ങിയ ചോദ്യങ്ങളും തല്ലുന്നതിനിടയിൽ യുവതി യുവാവിനോട് ചോദിക്കുന്നുണ്ട്. ഇതിനിടെ യുവതി യുവാവിനെ ചവിട്ടുന്നതും കാണാം.

അതിനിടെ ഒരു പുരുഷനും യുവാവിനെ തല്ലാനൊരുങ്ങുന്നുണ്ടെങ്കിലും യുവതി അത് തടയുകയാണ്. നിരവധിപ്പേർ സമീപത്ത് കൂടി നിൽക്കുന്നുണ്ട്. അതേസമയം കോടതി പരിസരമായിരുന്നിട്ടും ഒരു പോലീസുകാരൻ പോലും സംഭവത്തിൽ ഇടപെട്ടില്ല എന്നും റിപ്പോർട്ടുകളുണ്ട്. യുവതിയുടെ ഭർത്താവും മറ്റും ഇടപെട്ടതിനെ തുടർന്നാണ് യുവതി അക്രമം അവസാനിപ്പിച്ചത് എന്നും പറയുന്നു.

വീഡിയോ പ്രചരിക്കുന്നുണ്ടെന്നും അത് കണ്ടിരുന്നുവെന്നും എന്നാൽ പരാതിയൊന്നും ലഭിച്ചിട്ടില്ല എന്നുമാണ് പോലീസ് പറയുന്നത്.

 



Post a Comment

Previous Post Next Post