Top News

ഒരു ‘മതേതര’ വിവാഹത്തട്ടിപ്പ് ; പത്തിലേറെ വിവാഹം, സ്വർണവും പണവും തട്ടിയ യുവാവ് പിടിയിൽ


വളാഞ്ചേരി: ഹിന്ദു മാട്രിമോണിയൽ സൈറ്റുകളിൽ സുദീപ്, അഭിലാഷ് എന്നീ പേരുകൾ. മുസ്‌ലിം വിവാഹ സൈറ്റുകളിലെത്തിയാൽ സിയാദ്, അഫ്സൽ. ക്രിസ്ത്യൻ സൈറ്റുകളിലെങ്കിൽ അലക്സാകും. ഇങ്ങനെ മതംനോക്കാതെ വിവാഹത്തട്ടിപ്പ് നടത്തി ലക്ഷങ്ങൾ കൈക്കലാക്കിയ യുവാവ് ഒടുവിൽ പോലീസിന്റെ വലയിലായി. എറണാകുളം തൃപ്പൂണിത്തുറ ഉദയംപേരൂർ സ്വദേശി അയ്യപ്പദാസാണ് (33) മതേതര വിവാഹത്തട്ടിപ്പ‌ിനൊടുവിൽ അറസ്റ്റിലായത്.[www.malabarflash.com]


വിവിധ മതങ്ങളുടെ മാട്രിമോണിയൽ സൈറ്റുകളിൽ പലപേരുകളിലാണ് ഇയാൾ വിവാഹപരസ്യം നൽകിയിരുന്നത്. പട്ടാള ഉദ്യോഗസ്ഥനാണെന്ന് വ്യാജ പ്രൊഫൈലുണ്ടാക്കിയായിരുന്നു തട്ടിപ്പ്.

കാടാന്പുഴ പിലാത്തറയിൽ താമസിക്കുന്ന യുവതിയുടെ പരാതിയെത്തുടർന്നാണ് ഇയാളെ അറസ്റ്റുചെയ്യുന്നത്. ഇവരിൽനിന്ന് ഒന്നരലക്ഷം രൂപ തട്ടിയെടുത്തതിനുപുറമേ, ഒരുമിച്ച് താമസിക്കാനെന്നപേരിൽ ടി.വി.യും വാഷിങ്‌മെഷീനും വാങ്ങിപ്പിക്കുകയുംചെയ്തിരുന്നു.

തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരിൽ സിയാദ് എന്നപേരിൽ മുസ്‌ലിം സ്ത്രീയെ വിവാഹംചെയ്ത് ജീവിക്കുകയായിരുന്നു ഇയാൾ.

താനൂർ ഡിവൈ.എസ്.പി. വി.വി. ബെന്നിയുടെ നിർദേശാനുസരണം കാടാമ്പുഴ പോലീസ് ഇൻസ്പെക്ടർ കെ.സി. വിനുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് അയ്യപ്പദാസിനെ അറസ്റ്റുചെയ്തത്.

Post a Comment

Previous Post Next Post