Top News

മദ്യനയ അഴിമതിക്കേസ്: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം


ന്യൂഡൽഹി: മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം. ഡൽഹി റോസ് അവന്യു കോടതി ജഡ്ജ് ന്യായ് ബിന്ദുവാണ് ജാമ്യം അനുവദിച്ചത്. ജാമ്യത്തുകയായി 1 ലക്ഷം രൂപ കെട്ടിവെയ്ക്കണമെന്ന് കോടതി വ്യക്തമാക്കി. ജാമ്യ ഉത്തരവ് 48 മണിക്കൂര്‍ നേരത്തേക്ക് സ്റ്റേ ചെയ്യണമെന്ന് ഇ.ഡി. കോടതിയോട് ആവശ്യപ്പെട്ടുവെങ്കിലും കോടതി അംഗീകരിച്ചില്ല. ജാമ്യത്തിൽ യാതൊരു സ്റ്റേ ഇല്ലെന്നും സ്പെഷ്യൽ ജഡ്ജ് ബിന്ദു വ്യക്തത വരുത്തി.[www.malabarflash.com]


കെജ്‌രിവാളിനെതിരേ ഇ.ഡിയുടെ പക്കൽ തെളിവുകളില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. കെജ്‌രിവാളിനെതിരേയുള്ള എല്ലാ കേസും, ചില മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമാണെന്നും അഭിഭാഷകൻ കൂട്ടിച്ചേർത്തു. കെജ്‌രിവാള്‍ മദ്യനയവുമായി ബന്ധപ്പെട്ട് 100 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടതിന് തെളിവുണ്ടെന്നായിരുന്നു ഇഡിയുടെ വാദം.

ജാമ്യ ഉത്തരവ് ലഭിക്കുന്നതോടെ കെജ്‌രിവാൾ ജയിലിൽ നിന്ന് പുറത്തിറങ്ങും. വെള്ളിയാഴ്ചയോടെ കെജ്‌രിവാൾ ജയിലിൽ നിന്ന് പുറത്തിറങ്ങുമെന്നാണ് വിവരം.

മാർച്ച് 21-നാണ് കെജ്‌രിവാളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി അദ്ദേഹത്തിന് നേരത്തെ സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഇത് ജൂൺ ഒന്നിന്‌ അവസാനിച്ചതിനെത്തുടർന്ന് ജൂൺ രണ്ടിന്‌ അദ്ദേഹം തിരികെ ജയിലിലേക്ക് മടങ്ങുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇപ്പോൾ അദ്ദേഹത്തിന് സ്ഥിര ജാമ്യം അനുവദിച്ചിരിക്കുന്നത്.

Post a Comment

Previous Post Next Post