Top News

ഗുജറാത്തിലെ രാജ്‌കോട്ടിലെ തീപ്പിടിത്തം; വെന്തു മരിച്ചവരിൽ നവദമ്പതികളും

ഗാന്ധിനഗര്‍: ഗുജറാത്തിലെ രാജ്കോട്ടിലെ ഗെയിമിംഗ് സോണിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ കൂട്ടത്തിൽ നവദമ്പതികളും ഭാര്യ സഹോ​ദരിയും. അക്ഷയ് ധോലാരിയയും ഭാര്യ ഖ്യാതിയും ഭാര്യാസഹോദരി ഹരിതയും രാജ്കോട്ടിലെ ഗെയിമിംഗ് സോണിലെത്തിയപ്പോഴായിരുന്നു അപകടം. തീപ്പിടിത്തത്തില്‍ 27 പേരാണ് മരിച്ചത്.[www.malabarflash.com] 

കാനഡയിൽ മാതാപിതാക്കളോടൊപ്പം താമസിച്ചിരുന്ന അക്ഷയ് ഖ്യതിയെ രജിസ്റ്റർ വിവാഹം ചെയ്യാനാണ് രാജ്‌കോട്ടിൽ എത്തുന്നത്. ഇരുവരുടെ വിവാഹ സത്കാരം ഈ വർഷം അവസാനം ഗംഭീരമായി ആഘോഷിക്കാനിരിക്കെയായിരുന്നു ദുരന്തമുണ്ടായതെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇവരുടെ മൃതദേഹങ്ങൾ തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. അക്ഷയ് ധരിച്ചിരുന്ന മോതിരമാണ് മൃതദേഹം തിരിച്ചറിയാൻ സഹായിച്ചത്. ഖ്യതിയുടെയും ഹരിതയുടെയും മൃതദേഹങ്ങൾ ഡിഎൻഎ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 

വാരാന്ത്യ ഡിസ്‌കൗണ്ട് ഉണ്ടായതിനാൽ ടിആര്‍പി ഗെയിം സോണിൽ വലിയ തിരക്കുണ്ടായിരുന്നു. ഫയർ ക്ലിയറൻസിനായി നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) ഇല്ലാതെയാണ് അമ്യൂസ്‌മെൻ്റ് സെൻ്റർ പ്രവർത്തിക്കുന്നതെന്നും ഒരു എക്സിറ്റ് മാത്രമാണുള്ളതെന്നും അധികൃതർ പറഞ്ഞു.

സംഭവത്തില്‍ സ്ഥാപന ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.ദുരന്തം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും എത്രയും വേ​ഗം റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹർഷ് രമേഷ് സംഘവി വ്യക്തമാക്കി. തീപ്പിടിത്തം ദാരുണസംഭവമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിന് എല്ലാ സഹായവും നല്‍കാന്‍ പ്രാദേശിക ഭരണകൂടം സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

Previous Post Next Post