Top News

ഊരാളുങ്കൽ സൊസൈറ്റിക്ക് ദേശീയപാത അതോറിറ്റിയുടെ ‘ബെസ്റ്റ് പെർഫോമർ പുരസ്ക്കാരം

തിരുവനന്തപുരം: മികച്ച പ്രകടനം കാഴ്ചവച്ചതിന് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് ദേശീയപാതാ അതോറിറ്റി(NHAI)യുടെ അംഗീകാരം. ബെസ്റ്റ് പെർഫോർമർ പുരസ്കാരം അതോറിറ്റി ചെയർമാൻ സന്തോഷ് കുമാർ യാദവ് ഊരാളുങ്കൽ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരിക്ക് തിരുവനന്തപുരത്തു സമ്മാനിച്ചു.[www.malabarflash.com] 

സംസ്ഥാനത്ത് 20-ൽപ്പരം റീച്ചുകളിലായി ദേശീയപാത ആറുവരിയായി വികസിപ്പിക്കുന്ന പ്രവൃത്തിയിൽ രാജ്യത്തെ മുൻനിര നിർമ്മാണസ്ഥാപനങ്ങളെക്കാൾ മികച്ച പ്രകടനം കാഴ്ചവച്ചതിനാണ് അംഗീകാരം.

സമയക്ലിപ്തത, ഗുണമേന്മ, തൊഴിൽനൈപുണ്യം, പ്രൊജക്ട് മാനേജ്മെന്റ് എന്നിവയിലുള്ള സൊസൈറ്റിയുടെ സമർപ്പണവും അസാമാന്യവൈദഗ്ദ്ധ്യവും കണക്കിലെടുത്താണ് അംഗീകാരം.  പുരസ്കാര സമർപ്പണത്തിൽ ദേശീയപാത അതോറിറ്റി മെമ്പർ (പിപിപി) വെങ്കിട്ടരമണ, റീജിയണൽ ഓഫീസർ ബി. എൽ. മീണ, യുഎൽസിസിഎസ് എംഡി എസ്. ഷാജു, പ്രൊജക്റ്റ് മാനേജർ നാരായണൻ, കൺസഷണയർ പ്രതിനിധി ടി. പി. കിഷോർ കുമാർ, സിജിഎം റോഹൻ പ്രഭാകർ, ജിഎം റോഡ്സ് പി. ഷൈനു തുടങ്ങിയവർ സംബന്ധിച്ചു.

ഭാരത് മാല പദ്ധതിയിൽ കേരളത്തിൽ നടക്കുന്ന പ്രവൃത്തികളിൽ ആദ്യം പൂർത്തിയായാകുക ഊരാളുങ്കൽ സൊസൈറ്റി നിർമ്മിക്കുന്നതലപ്പാടി - ചെങ്കള റീച്ചാണ്. സംസ്ഥാനത്തെ വടക്കേയറ്റത്തെ ഈ റീച്ചിൽ ആറുവരിപ്പാതയുടെ 36-ൽ 28.5 കിലോമീറ്ററും സർവ്വീസ് റോഡിൻ്റെ 66-ൽ 60.7 കിലോമീറ്ററും ഡ്രയിൻ ലൈൻ 76.6-ൽ 73 കിലോമീറ്ററും പൂർത്തിയായി. വലിയ പാലങ്ങളിൽ രണ്ടെണ്ണം പൂർണ്ണമായും ഓരോന്ന് 85-ഉം 80-ഉം ശതമാനം വീതവും ചെറിയ പാലങ്ങളിൽ രണ്ടെണ്ണം പൂർണ്ണമായും ഓരോന്ന് 85-ഉം 50-ഉം ശതമാനം വീതവും പൂർത്തിയായിക്കഴിഞ്ഞുവെന്ന് ഊരാളുങ്കൽ അറിയിച്ചു.

Post a Comment

Previous Post Next Post