NEWS UPDATE

6/recent/ticker-posts

മകളെ അന്വേഷിച്ച് ചെല്ലുമ്പോള്‍ ചിൽഡ്രൻസ് ഹോം അധികൃതർ ആട്ടിയകറ്റുന്നു; പരാതിയുമായി കാസർകോട് സ്വദേശി അമ്മ


തൃശൂർ: ചിൽഡ്രൻസ് ഹോമിലാക്കിയ പെൺകുട്ടിയെക്കുറിച്ച് അഞ്ചു വർഷമായി ഒരു വിവരവുമില്ലെന്ന് അമ്മയുടെ പരാതി. കാസർകോട് സ്വദേശി സാലി സണ്ണിയുടെ മകൾ ഹിദ സാലിയെയാണ് തൃശൂരിലെ ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായത്.[www.malabarflash.com] 

2018-ന് ശേഷം കുട്ടിയെ കാണിക്കുകയോ എന്തെങ്കിലും വിവരം നൽകുകയോ ചെയ്തിട്ടില്ല. കുട്ടിയെ അന്വേഷിച്ചെത്തിയപ്പോഴെല്ലാം അധികൃതർ അസഭ്യവർഷം ചൊരിഞ്ഞെന്നും പരാതിയുണ്ട്. 2000-ത്തിലാണ് കൈക്കുഞ്ഞുമായി തൃശൂർ വെട്ടുകാടുള്ള അഗതിമന്ദിരത്തിലേക്ക് സാലി എത്തുന്നത്. ഭർത്താവ് മരിച്ച സാലിക്ക് കുഞ്ഞിനെ സുരക്ഷിതമായി നിർത്തുകയായിരുന്നു ലക്ഷ്യം. അഗതി മന്ദിരത്തിലെ സിസ്റ്റർ ലതികയെയുടെ നിർദ്ദേശ പ്രകാരമാണ് മകൾ ഹിദയെ മുളയം എസ്ഒഎസ് ചിൽഡ്രൻസ് ഹോമിലേക്ക് അയച്ചത്.

18 വയസുവരെ മകളെ കാണാനും സംസരിക്കാനുമൊക്കെ കഴിഞ്ഞിരുന്നു. അവസാനമായി കണ്ടത് 2018-ലാണ്. 18 വയസിന് ശേഷം മകളെ വീട്ടിലേക്ക് കൂട്ടാൻ ചിൽഡ്രൻസ് ഹോമിലെത്തിയെങ്കിലും അവളെ കാണാനായില്ല. പിന്നീട് പല തവണ മകളെ കാണാൻ ചെന്നെങ്കിലും അസഭ്യവർഷം ചൊരിഞ്ഞ് ചിൽഡ്രൻസ് ഹോം അധികൃതർ ആട്ടിയകറ്റുകയായിരുന്നെന്നാണ് സാലിയുടെ ആരോപണം. 

അവസാനമായി മകൾ അറിയിച്ചത് ചെന്നൈയിൽ ജോലിക്ക് പോകുന്നു എന്നത് മാത്രമാണ്. ഇത് സംബന്ധിച്ച് ഒരു വിവരവും നൽകാൻ ചിൽഡ്രൻസ് ഹോം അധികൃതർ തയ്യാറാകാത്തതിനെ തുടർന്ന് സാലി മണ്ണുത്തി പോലീസിൽ പരാതി നൽകി. പിന്നീട് പല തവണ കുട്ടിയെ കണ്ടെത്താൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. 

വനിതാ കമ്മീഷനിലടക്കം പരാതി നൽകി കാത്തിരിക്കുകയാണ് സാലി. മുഖ്യമന്ത്രിക്ക് നൽകാനുള്ള പരാതിയും സാലി തയ്യാറാക്കിയിട്ടുണ്ട്. സ്വന്തം മകളെ ഒരു നോക്ക് കാണാനുള്ള ആഗ്രഹത്തോടൊപ്പം ചിൽഡ്രൻസ് ഹോമിൽ വച്ച് മകൾക്ക് ആപത്ത് പിണഞ്ഞോ എന്ന ആശങ്കയും ഈ അമ്മയ്ക്കുണ്ട്.

Post a Comment

0 Comments