Top News

റിയാസ് മൗലവി വധക്കേസ്: വിദ്വേഷപ്രചാരണത്തിനെതിരെ കർശന നടപടിയെന്ന് കേരള പോലീസ്, അറിയിപ്പിനു കീഴെ പൊങ്കാല

കാസറകോട്: റിയാസ് മൗലവി വധക്കേസിന്റെ പശ്ചാത്തലത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ വിദ്വേഷപ്രചാരണം നടത്തുന്നവർക്കും പങ്കുവയ്ക്കുന്നവർക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കേരള പോലീസ്. ഇത്തരം സന്ദേശങ്ങൾ കണ്ടെത്തുന്നതിനായി സാമൂഹ്യമാധ്യമങ്ങളിൽ 24 മണിക്കൂറും സൈബർ പട്രോളിങ് നടത്തുമെന്ന് കേരള പോലീസ് ഫേസ് ബുക്ക് പേജിലൂടെയാണ് അറിയിച്ചിരിക്കുന്നത്.[www.malabarflash.com] 

എന്നാൽ, ഈ പോസ്റ്റിന് കീഴെ കേസ് അന്വേഷണത്തിൽ പോലീസിനുണ്ടായ വീഴ്ച ചൂണ്ടിക്കാണിച്ചു​കൊണ്ടുള്ള പൊങ്കാലയാണ് നാട്ടുകാരുടെ ഭാഗത്തുനിന്നുള്ളത്. അഞ്ച് മണിക്കൂർ മുൻപ് കേരള ​പോലീസ് പോസ്റ്റ് ചെയ്ത ഈ അറിയിപ്പിന് കീഴെ ഇതിനകം 9,242 കമന്റുകളാണുള്ളത്. ഇതിലേറെയും കേരള പോലീസിനെ വിമർശിക്കുന്നവയും പരിഹസിക്കുന്നതുമാണ്.

ഇതിനിടെ, റിയാസ് മൗലവി വധത്തിൽ പ്രോസിക്യൂഷനും അന്വേഷണ ഉദ്യോഗസ്ഥനും ഗുരുതരമായ വീഴ്ചപറ്റിയെന്ന് വിധിന്യായം പുറത്ത് വന്നിരിക്കയാണ്. തെളിവെടുപ്പിലും തെളിവുശേഖരണത്തിലും അന്വേഷണ ഉദ്യോഗസ്ഥന് വീഴ്ച പറ്റിയെന്ന് വിധിന്യായത്തിൽ പറയുന്നു. കൊലയുടെ ഉദ്ദേശ്യം സ്ഥാപിക്കാൻ പ്രോസിക്യൂഷനായില്ല. വസ്ത്രത്തിൽ പുരണ്ട രക്തക്കറയുടെ ഡി.എൻ.എ പരിശോധന നടത്തിയില്ല, അന്വേഷണം ഏകപക്ഷീയമായിരുന്നെന്നും വിധിന്യായത്തിൽ പറയുന്നു.

മുറിയില്‍നിന്ന് കണ്ടെടുത്ത ഫോണും മെമ്മറി കാര്‍ഡുകളും പരിശോധിച്ചില്ല. ഇത് സംശയം ജനിപ്പിക്കുന്നതെന്ന് വിധിപ്പകര്‍പ്പില്‍ നിരീക്ഷിക്കുന്നു. മരണത്തിന് മു‍ന്‍പ് റിയാസ് മൗലവി ഇടപഴകിയവരെ കണ്ടെത്തിയില്ല. അതിനുള്ള അവസരം അന്വേഷണസംഘം നഷ്ടപ്പെടുത്തിയെന്നും കോടതി പറയുന്നു.

കാസർകോട് മുഹമ്മദ് റിയാസ് മൗലവി വധക്കേസിലെ മൂന്ന് പ്രതികളെയുമാണ് വെറുതെ വിട്ടത്. കാസര്‍കോട് ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.കെ. ബാലകൃഷ്ണനാണ് കേസ് പരിഗണിച്ചത്. കേസ് പരിഗണിക്കുന്ന എട്ടാമത്തെ ജഡ്ജിയാണ് കെ.കെ. ബാലകൃഷ്ണൻ.

ആര്‍.എസ്.എസ് പ്രവർത്തകരായ കേളുഗുഡ്ഡെയിലെ അജേഷ് എന്ന അപ്പു, നിതിന്‍കുമാര്‍, കേളുഗുഡ്ഡെ ഗംഗൈ റോഡിലെ അഖിലേഷ് എന്ന അഖില്‍ എന്നിവരാണ് കേസിലെ പ്രതികള്‍. ഇതുവരെ ജാമ്യം ലഭിക്കാത്തതിനാല്‍ പ്രതികള്‍ ഏഴുവര്‍ഷക്കാലമായി ജയിലില്‍ തന്നെയാണ്.

പഴയ ചൂരി മദ്‌റസയിലെ അധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ 2017 മാർച്ച് 20-നാണ് പ്രതികൾ കൊലപ്പെടുത്തിയത്. കൊലപാതകം നടന്ന മൂന്നാം ദിവസം തന്നെ പോലീസ് പ്രതികളെ പിടികൂടിയിരുന്നു. 

കണ്ണൂർ ക്രൈംബ്രാഞ്ച് എസ്.പിയായിരുന്ന ഡോ എ.ശ്രീനിവാസന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടന്നത്. സാമുദായിക സംഘര്‍ഷം സൃഷ്ടിക്കുകയെന്ന ഗൂഢലക്ഷ്യത്തോടെയാണ് പ്രതികള്‍ കൊലപാതകം നടത്തിയതെന്ന് കുറ്റപത്രത്തില്‍ ആരോപിച്ചിരുന്നു.

Post a Comment

Previous Post Next Post