NEWS UPDATE

6/recent/ticker-posts

എഐ ക്യാമറയെ പരീക്ഷിക്കാൻ അഭ്യാസപ്രകടനങ്ങള്‍; ഒടുവില്‍ യുവാക്കള്‍ക്ക് കിട്ടി 'എട്ടിന്‍റെ പണി'

കണ്ണൂര്‍: ഇരിട്ടിയില്‍ എഐ ക്യാമറയെ പരീക്ഷിക്കാൻ അഭ്യാസം കാണിച്ച യുവാക്കൾക്ക് കിട്ടിയത് എട്ടിന്‍റെ പണി. അമ്പതിലധികം തവണ നിയമലംഘനം നടത്തിയതോടെ മട്ടന്നൂർ സ്വദേശികളായ മൂവർ സംഘത്തെ എംവിഡി കയ്യോടെ പിടികൂടുകയായിരുന്നു.[www.malabarflash.com]


എഐ ക്യാമറ നോക്കി പല അഭ്യാസവും കാണിച്ച് പോകുന്നതാണ് യുവാക്കളുടെ പതിവ്. ഇരിട്ടി പയഞ്ചേരിയിലെ റോഡ് ക്യാമറയാണ് ഇവരുടെ സ്ഥിരം ഉന്നം. ഹെല്‍മെറ്റില്ലാതെയും മൂന്ന് പേരെ വച്ചുമെല്ലാമുള്ള ബൈക്ക് യാത്രകളെല്ലാം എഐ ക്യാമറയില്‍ എത്രയോ തവണ പതിഞ്ഞു.

പലതവണ പിഴയടക്കാൻ മോട്ടോര്‍ വാഹനവകുപ്പ് യുവാക്കള്‍ക്ക് നിര്‍ദേശം വന്നെങ്കിലും ഇതൊന്നും ഇവര്‍ വകവച്ചില്ല. നോട്ടീസ് അയച്ച് എംവിഡി മടുത്തുവെന്നത് മിച്ചം. മാത്രമല്ല എഐ ക്യാമറ നോക്കിയുള്ള അഭ്യാസപ്രകടനങ്ങള്‍ ഇവര്‍ നിര്‍ത്തിയതുമില്ല.

അങ്ങനെ ഈ മാസം എട്ടിന് വീണ്ടും യുവാക്കളുടെ ഷോ എഐ ക്യാമറയില്‍ പതിഞ്ഞതോടെ എംവിഡി മൂന്ന് യുവാക്കളെയും വിളിച്ചുവരുത്തി. എന്തുകൊണ്ടാണ് ഇങ്ങനെ എഐ ക്യാമറ നോക്കി അഭ്യാസപ്രകടനങ്ങള്‍ നടത്തുന്നത് എന്ന് ചോദിച്ചപ്പോള്‍ ക്യാമറ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് പരീക്ഷിക്കുന്നതാണ് എന്നായിരുന്നു ഇവരുടെ മറുപടി.

എന്തായാലും യുവാക്കളുടെ 'പരീക്ഷണം' അത്ര ബോധിക്കാതിരുന്ന എംവിഡി മൂന്ന് പേരുടെയും ലൈസൻസ് മൂന്ന് മാസക്കേത്ത് റദ്ദാക്കിയിരിക്കുകയാണ്. മൂന്ന് ദിവസത്തെ ഡ്രൈവിംഗ് റിസര്‍ച്ച് കോഴ്സിനായി എടപ്പാളിലേക്ക് ഇവരെ വിട്ടിട്ടുണ്ട്. ഇതൊന്നും പോരാതെ തിരിച്ചെത്തിയാല്‍ ശിക്ഷയായി ജനസേവനവും നിര്‍ബന്ധമായി ചെയ്യാൻ നിര്‍ദേശിച്ചിട്ടുണ്ട്.

Post a Comment

0 Comments