Top News

കാലിഫോർണിയയിൽ മലയാളി കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: അമേരിക്കയിലെ കാലിഫോർണിയയിൽ മലയാളി കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി. സാൻമറ്റേയോയിൽ താമസിക്കുന്ന കൊല്ലം സ്വദേശികളായ നാലംഗ കുടുംബമാണ് മരണപ്പെട്ടത്.[www.malabarflash.com] 

കൊല്ലം ഫാത്തിമാമാതാ കോളജിലെ മുൻ പ്രിൻസിപ്പൽ പട്ടത്താനം വികാസ് നഗർ 57-ൽ ഡോ.ജി.ഹെൻറിയുടെ മകൻ ആനന്ദ് സുജിത് ഹെൻറി (42), ഭാര്യയും കിളികൊല്ലൂർ പ്രിയദർശിനി നഗർ വെളിയിൽ വീട്ടിൽ പരേതനായ ബെൻസിഗറിന്റെയും ജൂലിയറ്റിന്റെയും മകളുമായ ആലീസ് പ്രിയങ്ക (40), ഇവരുടെ ഇരട്ടക്കുട്ടികളായ നോഹ, നെയ്തൻ (4) എന്നിവരാണ് മരിച്ചത്.

ഇന്ത്യൻ സമയം തിങ്കളാഴ്ച രാത്രി 7.45 നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. തണുപ്പിനെ പ്രതിരോധിക്കാൻ ഉപയോഗിച്ച ഹീറ്ററിൽ നിന്നുള്ള വാതകം ശ്വസിച്ചതാവാം മരണകാരണമെന്നാണ് പ്രാഥമിക നി​ഗമനം. ഗൂഗിളിൽ ജോലിചെയ്യുകയായിരുന്ന ആനന്ദ് അടുത്തിടെയാണ് ജോലി രാജിവച്ച് സ്റ്റാർട്ടപ്പ് തുടങ്ങിയത്. ആലീസ് പ്രിയങ്ക സീനിയർ അനലിസ്റ്റായിരുന്നു.

ആറ് വർഷങ്ങൾക്ക് മുമ്പാണ് കുടുംബം അമേരിക്കയിലേക്ക് പോയത്. അതിനുശേഷം നാട്ടിലേക്ക് വന്നിട്ടില്ല. ആലീസിന്റെ അമ്മ ജൂലിയറ്റും ഇവർക്കൊപ്പം അമേരിക്കയിലായിരുന്നു. ഞായറാഴ്ചയാണ് ജൂലിയറ്റ് അവിടെനിന്ന് നാട്ടിലേക്ക് തിരിച്ചത്. 

തിങ്കളാഴ്ച പുലർച്ചെ തിരുവനന്തപുരത്തെത്തി ആലീസിനെ വിളിച്ചിരുന്നു. അതിനുശേഷം ഇരുവരേയും ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല. അവിടെയുള്ള സുഹൃത്തുക്കൾ വഴി ആനന്ദിന്റെ വീട്ടിൽ അന്വേഷിച്ചെങ്കിലും വീട് തുറന്നില്ല. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തി പൂട്ടുതുറന്നപ്പോഴാണ് ഒരുമുറിയിൽ നാലുപേരേയും മരിച്ച നിലയിൽ കണ്ടത്.

Post a Comment

Previous Post Next Post