NEWS UPDATE

6/recent/ticker-posts

വീട് കൊള്ളയടിച്ചത് പരാതിക്കാരിയുടെ മകൾ; കവർന്നത് സഹോദരിയുടെ വിവാഹത്തിന് കരുതിയ ആഭരണങ്ങളും പണവും

ന്യൂഡല്‍ഹി: വീട് കൊള്ളയടിച്ച കേസില്‍ പിടിയിലായത് പരാതിക്കാരിയുടെ മകള്‍. ഡല്‍ഹി ഉത്തംനഗര്‍ സ്വദേശി കംലേഷിന്റെ വീട്ടില്‍നിന്ന് പണവും സ്വര്‍ണവും കവര്‍ന്ന കേസിലാണ് ഇവരുടെ മൂത്തമകള്‍ ശ്വേത(31)യെ പോലീസ് അറസ്റ്റ് ചെയ്തത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.[www.malabarflash.com]


ജനുവരി 30-നാണ് കംലേഷിന്റെ ഉത്തംനഗര്‍ സേവക് പാര്‍ക്കിലെ വീട്ടില്‍നിന്ന് 25,000 രൂപയും ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വര്‍ണ, വെള്ളി ആഭരണങ്ങളും മോഷണംപോയത്. ജനുവരി 30-ന് ഉച്ചയ്ക്ക് രണ്ടിനും രണ്ടരയ്ക്കും ഇടയിലാണ് മോഷണം നടന്നതെന്നായിരുന്നു ഇവരുടെ പരാതി. തുടര്‍ന്ന് പോലീസ് വീട്ടില്‍ പരിശോധന നടത്തിയെങ്കിലും തെളിവുകളൊന്നും ലഭിച്ചില്ല. 

ബലംപ്രയോഗിച്ച് വീട്ടില്‍ പ്രവേശിച്ചതിന്റെ ലക്ഷണങ്ങളും കണ്ടില്ല. ഇതോടെ സമീപത്തെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു. ഈ ദൃശ്യങ്ങളില്‍നിന്നാണ് ബുര്‍ഖ ധരിച്ചെത്തിയ യുവതി വീടിനകത്തേക്ക് കയറുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം നടത്തിയതോടെ പരാതിക്കാരിയുടെ മകള്‍ തന്നെയാണ് മോഷണം നടത്തിയതെന്ന് വ്യക്തമാവുകയായിരുന്നു.

തന്റെ കടബാധ്യതകള്‍ തീര്‍ക്കാനായാണ് മോഷണം ആസൂത്രണംചെയ്തതെന്നായിരുന്നു പ്രതിയുടെ മറുപടി. അമ്മയ്ക്ക് ഇളയസഹോദരിയോടുള്ള ഇഷ്ടക്കൂടുതലും മോഷണത്തിന് കാരണമായി. തുടര്‍ന്നാണ് സഹോദരിയുടെ വിവാഹത്തിനായി അമ്മ കരുതിയിരുന്ന സ്വര്‍ണാഭരണങ്ങളടക്കം പ്രതി മോഷ്ടിച്ചത്. പ്രതി നേരത്തെ അമ്മയെ സൂക്ഷിക്കാനേല്‍പ്പിച്ച സ്വന്തം ആഭരണങ്ങളും ഇതിലുണ്ടായിരുന്നു.

മോഷണം ആസൂത്രണംചെയ്ത പ്രതി ഇതിനായി ജനുവരിയില്‍ തന്നെ വീട്ടില്‍നിന്ന് താമസം മാറിയിരുന്നതായാണ് പോലീസ് പറയുന്നത്. ശ്വേതയ്ക്ക് പുതിയ താമസസ്ഥലം ഏര്‍പ്പാടാക്കാന്‍ സഹായിച്ചതും അമ്മയായിരുന്നു. തുടര്‍ന്ന് പുതിയ സ്ഥലത്തേക്ക് താമസം മാറിയതോടെ അമ്മയും ഇവിടേക്ക് വരുന്നത് പതിവായി. ഇളയമകള്‍ ജോലിക്ക് പോയതിന് ശേഷമാണ് ഇവര്‍ ശ്വേതയുടെ പുതിയ വീട്ടിലെത്തിയിരുന്നത്. ജനുവരി 30-നും പതിവുപോലെ അമ്മ തന്റെ വീട്ടിലെത്തിയപ്പോളാണ് ശ്വേത കുടുംബവീട്ടിലെത്തി കവര്‍ച്ച നടത്തിയതെന്നും പോലീസ് പറഞ്ഞു.

Post a Comment

0 Comments