Top News

മലപ്പുറത്ത് സ്കൗട്സ് ആൻഡ് ഗൈഡ്സ് ക്യാംപിൽ പങ്കെടുക്കാനെത്തിയ 2 വിദ്യാർഥിനികൾ മുങ്ങിമരിച്ചു

നിലമ്പൂർ: കരുളായി വനത്തിൽ നെടുങ്കയം ടൂറിസം കേന്ദ്രത്തിൽ പ്രകൃതി പഠന ക്യാംപിനെത്തിയ വിദ്യാർഥിനികളിൽ രണ്ടു പേർ കരിമ്പുഴയിൽ മുങ്ങിമരിച്ചു. കല്ലിങ്ങൽപറമ്പ് എംഎസ്എം എച്ച്എസ്എസിലെ വിദ്യാർഥിനികളായ ആയിഷ റിദ (13), ഫാത്തിമ മുഹ്സിന (11) എന്നിവരാണ് മരിച്ചത്.[www.malabarflash.com]  

അധ്യാപകരുടെയും വനപാലകരുടെയും കൺമുന്നിലായിരുന്നു സംഭവം. സ്കൂൾ അധികൃതർ വനം വകുപ്പുമായി സഹകരിച്ച് ക്രമീകരിച്ച സ്‌കൗട്സ് ആൻഡ് ഗൈഡ്സിന്റെ 2 ദിവസത്തെ ക്യാംപിനെത്തിയ സംഘത്തിൽ ഉൾപ്പെട്ട കുട്ടികളാണ് മരിച്ചത്.

കലിങ്ങൽ പറമ്പ് എംഎസ്എം എച്ച്എസ്എസിലെ നേച്ചർ ക്ലബ്ബിന്റെ നേതൃത്വത്തിൽ 49 കുട്ടികളുമായി വെള്ളിയാഴ്ച വൈകിട്ട് 4ന് ആണ് ടൂറിസ്റ്റ് ബസിൽ സംഘം നെടുങ്കയത്തെത്തിയത്. ഒൻപത് അധ്യാപകരും കുട്ടികൾക്കൊപ്പമുണ്ടായിരുന്നു. ക്യാംപ് തുടങ്ങുന്നതിന് മുൻപ് ഇവർ അഞ്ചരയോടെ നെടുങ്കയം പരിസരം ചുറ്റിക്കാണാൻ ഇറങ്ങി. ഇതിൽ ഡോസൻ പാലത്തിനു സമീപം കരിമ്പുഴയിൽ ഇറങ്ങിയ കുട്ടികളിൽ മൂന്നുപേർ കയത്തിൽ പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന അധ്യാപകൻ മുബഷിർ ഒരാളെ രക്ഷപ്പെടുത്തി. ബാക്കി രണ്ടുപേർ പിടിവിട്ട് മുങ്ങിത്താഴ്ന്നു.

അഞ്ചാൾ താഴ്ചയുള്ള കയമാണ് ഇവിടെയുള്ളത്. നിലവിളികേട്ട് ഓടിയെത്തിയവർ രക്ഷാപ്രവർത്തനം തുടങ്ങി. വിവരം അറിഞ്ഞ് കരുളായി റേഞ്ച് ഓഫിസർ പി.കെ. മുജീബ് റഹ്മാൻ സ്ഥലത്തെത്തി. 6.30 യോടെ വനംവകുപ്പ് ഡ്രൈവർ സിദ്ദിഖ് അലി ആയിഷയെയും ഫാത്തിമയെയും മുങ്ങിയെടുത്തു. നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ചു. ഇവിടെ നിന്നാണ് മരണം സ്ഥിരീകരിച്ചത്.

Post a Comment

Previous Post Next Post