NEWS UPDATE

6/recent/ticker-posts

സി അബ്ദുല്ല ഹാജി ചിത്താരിക്ക് ത്വാഹിർ തങ്ങൾ സ്മാരക അവാർഡ് 15ന് സുൽത്താനുൽ ഉലമ സമ്മാനിക്കും

കാസർകോട്: സൗദി അറേബ്യ അസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി കൂട്ടായ്മ മാലിക് ദീനാർ കൾച്ചറൽ ഫോറം ഏർപ്പെടുത്തിയ ആറാമത് ത്വാഹിറുൽ അഹദൽ സ്മാരക അവാർഡ് സാമൂഹ്യ പ്രവർത്തകൻ സി അബ്ദുല്ല ഹാജി ചിത്താരിക്ക് ഈ മാസം 15ന് സമ്മാനിക്കും. വ്യാഴാഴ്ച വൈകിട്ട് 6.30ന് പുത്തിഗെ മുഹിമ്മാത്തിൽ ഗ്രാൻഡ് മുഫ്തി സുൽത്താനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ അവാർഡ് സമ്മാനിക്കും.[www.malabarflash.com] 

മത സാംസ്കാരിക സാമൂഹിക മേഖലകളിലെ പ്രമുഖർ സംബന്ധിക്കും. സയ്യിദ് അലി ബാഫഖി തങ്ങള്‍, സമസ്ത പ്രസിഡന്റ് റഈസുല്‍ ഉലമ ഇ സുലൈമാന്‍ മുസ്‌ലിയാർ, സമസ്ത കർണാടക പ്രസിഡന്റ് സൈനുൽ ഉലമ അബ്ദുൽ ഹമീദ് മുസ്‌ലിയാർ മാണി, സമസ്ത മുശാവറ അംഗം എ പി അബ്ദുല്ല മുസ്‌ലിയാർ മാണിക്കോത്ത്, മുഹിമ്മാത്ത് ജന സെക്രട്ടറി ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, എസ് വൈ എസ് സംസ്ഥാന ജന സെക്രട്ടറി എ പി അബ്ദുൽ ഹകീം അസ്ഹരി കാന്തപുരം തുടങ്ങിയവർ അവാർഡ് ദാന ചടങ്ങിൽ സംബന്ധിക്കും.

15 വർഷത്തോളം എസ് വൈ എസ് കാസർകോട് ജില്ലാ ട്രഷറായും വിവിധ കമ്മിറ്റികളുടെയും സ്ഥാപനങ്ങളുടെയും മുഖ്യ സാരഥിയായും സി അബ്ദുല്ല ഹാജി സമൂഹത്തിന് ചെയ്ത അര നൂറ്റാണ്ട് കാലത്തെ സേവനങ്ങൾ പരിഗണിച്ചാണ് അവാർഡ് നൽകി ആദരിക്കുന്നത്.

1948ൽ ചിത്താരി മമ്മുഞ്ഞി ഹാജിയുടെയും കദീജയുടെയും മകനായി ജനിച്ച അബ്ദുല്ല ഹാജി പ്രാരംഭ പഠന ശേഷം കച്ചവട മേഖലയിലേക്ക് തിരിയുകയായിരുന്നു. താജുൽ ഉലമ, നൂറുൽ ഉലമ, കെ പി ഹംസ മുസ്ലിയാർ തുടങ്ങിയവരുമായി അടുത്ത ബന്ധം പുലർത്തിയ അദ്ദേഹം സുന്നി പ്രസാഥാനിക പ്രവർത്തനങ്ങളിൽ‌ സജീവമായി. 

ശൈഖുനാ കാന്തപുരം, സയ്യിദ്ഖഅലി ബാഫഖി തങ്ങൾ, സയ്യിദ് ഖലീൽ ബുഖാരി തങ്ങൾ. പേരോട് അബ്ദു റഹ്മാൻ സഖാഫി തുടങ്ങിയവരുമായി അടുത്ത ബന്ധം തുടർന്ന് സുന്നി പ്രാസ്ഥാനിക സ്ഥാപന പ്രവർത്തനങ്ങളിൽ‌ സജീവമാണ്.

ഉലമ ഉമറാ ബന്ധത്തിന്റെ വലിയ കണ്ണിയായി പ്രവർത്തിക്കുന്ന സി അബ്ദുല്ല ഹാജിയെ ആദരിക്കൽ വഴി ഒരു കാലഘട്ടത്തിലെ ത്യാഗപൂർണമായ പ്രവർത്തനങ്ങൾക്ക് അംഗീകാരം നൽകുകയാണ്.

ജി.സി.സി രാഷ്ട്രങ്ങളിലെ കാസർകോട് ജില്ലക്കാരുടെ കൂട്ടായ്മയാണ് മാലിക്ദീനാർ കൾച്ചറൽ ഫോറം. 2019 ൽ രൂപം കൊണ്ട ഫോറത്തിന് കീഴിൽ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടന്നു വരുന്നു. ഓരോ വർഷവും ജില്ലയിലെ സുന്നി സംഘടനാ സ്ഥാപന മേഖലയിൽ ഗണ്യമായ സേവനങ്ങൾ അർപ്പിച്ച പ്രമുഖ വ്യക്തികൾക്കു ത്വാഹിറുൽ അഹ്ദൽ അവാർഡ് സമ്മാനിച്ച് വരുന്നു.

Post a Comment

0 Comments