Top News

ഖാസിമാരായ മഹല്ല് ഭാരവാഹികളുടെ ഏകോപനത്തിന് ശ്രമവുമായി പാണക്കാട് കുടുംബം

മലപ്പുറം : സമസ്തയിലെ ഒരു വിഭാഗവും മുസ്ലീം ലീഗും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നതിനിടെ പാണക്കാട് കുടുംബാംഗങ്ങള്‍, ഖാസിമാരായ മഹല്ല് ഭാരവാഹികളുടെ ഏകോപനത്തിന് ശ്രമം തുടങ്ങി. മഹല്ല് ഭാരവാഹികളുടേയും ഖതീബുമാരുടേയും സംഗമം വിളിച്ച് ചേര്‍ക്കാനായി പി.കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ളവരെ ഉള്‍പ്പെടുത്തി കമ്മറ്റിക്കും രൂപം നല്‍കി. സമസ്തയിലെ ലീഗ് വിരുദ്ധര്‍ക്കുള്ള തിരിച്ചടിയായായാണ് പുതിയ നീക്കം വ്യാഖാനിക്കപ്പെടുന്നത്.[www.malabarflash.com]


പട്ടിക്കാട് ജാമിഅ നൂരിയ സമ്മേളനത്തില്‍ നിന്നും സമസ്തയിലെ ലീഗ് വിരുദ്ധരായ യുവ നേതാക്കളെ ഒഴിവാക്കിയതോടെ ലീഗും സമസ്തയിലെ ഒരു വിഭാഗവും തമ്മിലുളള പോര് പാരമ്യത്തിലാണ്. ഇതിനിടയിലാണ് പാണക്കാട് കുടുംബാംഗങ്ങള്‍ മുഖ്യ ഖാസിമാരായ പള്ളികളിലെ മഹല്ല് ഭാരവാഹികളുടെ യും ഖത്തീബുമാരുടേയും സംഗമം അടുത്ത മാസം 17ന് കോഴിക്കോട് വിളിച്ച് ചേര്‍ത്തിരിക്കുന്നത്. 

കോഴിക്കോട്, വയനാട്, കണ്ണൂര്‍, പാലക്കാട്, മലപ്പുറം, തൃശൂര്‍ ജില്ലകള്‍ക്ക് പുറമേ നീലഗിരിയിലെയും മഹല്ല് ഭാരവാഹികളെ സംഗമത്തില്‍ പങ്കെടുപ്പിക്കും. പാണക്കാട് ഓഫീസ് സ്ഥാപിച്ച് പഠന ഗവേഷണ പരിപാടികള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സമിതികള്‍ രൂപീകരിക്കാനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താനുമുള്ള പദ്ധതികളും ഇതിനോടൊപ്പമുണ്ട്.

സംഗമത്തിനായി രൂപീകരിച്ചിരിക്കുന്ന കമ്മറ്റിയുടെ മുഖ്യ രക്ഷാധികാരി സാദിഖലി തങ്ങളും പികെ കുഞ്ഞാലിക്കുട്ടിയുള്‍പ്പെടെയുള്ളവര്‍ രക്ഷാധികാരികളുമാണ്. ഇത്തരമൊരു സംവിധാനത്തിലേക്ക് മഹല്ലുകളെ കൊണ്ടു പോകുന്നതിനു പിന്നില്‍ മുസ്ലീം ലീഗിന്റെ രാഷ്ട്രീയ താത്പര്യമാണെന്ന ആരോപണമാണ് എതിര്‍ വിഭാഗം ഉന്നയിക്കുന്നത്. 

എന്നാല്‍ ഇപ്പോഴത്തെ വിവാദങ്ങളുമായി പുതിയ നീക്കത്തിന് ബന്ധമില്ലെന്നും മഹല്ലുകളുടെ പ്രവര്‍ത്തനത്തിന് കൂടുതല്‍ സൗകര്യമൊരുക്കുകയെന്നതാണ് ലക്ഷ്യമെന്നും സംഘാടകര്‍ വിശദീകരിക്കുന്നു. സിഐസി നടത്തിപ്പുമായി ബന്ധപ്പെട്ട് തുടങ്ങിയ ലീഗ് സമസ്ത തര്‍ക്കം ലോക് സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കേ പുതിയ തലങ്ങളിലേക്ക് നീങ്ങുന്നത് യുഡിഎഫിലും ആശങ്കയുണ്ടാക്കുന്നുണ്ട്.

Post a Comment

Previous Post Next Post