Top News

നടി പ്രവീണയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; ജാമ്യത്തിലിറങ്ങിയ 26കാരൻ വീണ്ടും ഡ‍ൽഹിയിൽ പിടിയിൽ

തിരുവനന്തപുരം: നടി പ്രവീണയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന പരാതിയിൽ പ്രതി പിടിയില്‍. തമിഴ്നാട് തിരുനെൽവേലി സ്വദേശി ഭാഗ്യരാജ് (26) ആണ് ഡൽഹിയിൽ പിടിയിലായത്. തിരുവനന്തപുരം സിറ്റി സൈബര്‍ പോലീസാണ് ഭാഗ്യരാജിനെ പിടികൂടിയത്.[www.malabarflash.com]

പ്രവീണയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് ഭാഗ്യരാജിനെ 2021 നവംബറിലും അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ജാമ്യത്തിലിറങ്ങിയ പ്രതി ചിത്രം പ്രചരിപ്പിക്കുന്നത് തുടരുകയായിരുന്നു.

ഒരു വര്‍ഷം മുൻപ് നടി വീണ്ടും പരാതി നൽകി. അന്വേഷണ സംഘം ഡൽഹിയിലെത്തിയെങ്കിലും കണ്ടെത്താനായില്ല. നീണ്ടനാളത്തെ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. സിഐ ശ്രീകാന്ത് മിശ്രയുടെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫിസർ ഗിരീഷ്, സിവിൽ പോലീസ് ഓഫിസർ സുബീഷ് എന്നിവരാണു പ്രതിയെ അറസ്റ്റു ചെയ്തത്.

നിരന്തരം ശല്യം ചെയ്ത ഭാഗ്യരാജിനെതിരെ 2021ലാണ് പ്രവീണ തിരുവനന്തപുരം സൈബർ പോലീസിൽ പരാതി നൽകിയത്. തന്റെ ഫോട്ടോകൾ സമൂഹമാധ്യമങ്ങളിലൂടെ ഡൗൺലോഡ് ചെയ്ത് മോർഫിങ്ങിലൂടെ നഗ്ന ചിത്രങ്ങളാക്കി പരിചയക്കാർക്കും സുഹൃത്തുക്കൾക്കും അയച്ചു നൽകുന്നുവെന്നായിരുന്നു പരാതി.

Post a Comment

Previous Post Next Post