Top News

ഷഹ്നയുടെ ആത്മഹത്യ; പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധ മാര്‍ച്ച് നടത്തി ജമാഅത്ത് പരിപാലന കമ്മിറ്റി

തിരുവനന്തപുരം: തിരുവല്ലത്ത് യുവതി ആത്മഹത്യ ചെയ്ത കേസിൽ പ്രതികളെ പിടികൂടാത്ത തിരുവല്ലം പോലീസിന്റെ നിലപാടിൽ പ്രതിഷേധിച്ച് പാച്ചല്ലൂർ മുസ്ലിം ജമാഅത്ത് പരിപാലന കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവല്ലം സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. പാച്ചല്ലൂർ വാറുവിള പുത്തൻ വീട്ടിൽ ഷാജഹാൻ - സുൽഫത്ത് ദമ്പതികളുടെ മകൾ ഷഹ്ന എന്ന 23 കാരി ഇക്കഴിഞ്ഞ ഡിസംബർ 23നാണ് വീടിനുള്ളിൽ തൂങ്ങി മരിച്ചത്.[www.malabarflash.com]


ഭർത്താവിന്റെയും ഭർതൃ വീട്ടുകാരുടെയും സ്ത്രീധനത്തെ ചൊല്ലിയുള്ള പീഢനത്തെ തുടർന്നാണ് മകൾ ആത്മഹത്യ ചെയ്തതെന്ന മാതാപിതാക്കളുടെ പരാതിയിൽ ഭർത്താവിനും ഭർതൃ വീട്ടുകാർക്കുമെതിരെ തിരുവല്ലം പോലീസ് കേസെടുത്തെങ്കിലും പ്രതികളെ പിടികൂടാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. സംഭവത്തിന് ശേഷം പ്രതികൾ ഒളിവിലാണെന്നും ഇവരെ കണ്ടെത്താനുള്ള അന്വേഷണം നടന്നു വരുന്നെന്നുമാണ് പോലീസ് പറയുന്നത്. 

എന്നാൽ പ്രതികളെ പിടികൂടുന്ന കാര്യത്തിൽ പോലീസ് അലംഭാവം കാണിക്കുകയാണെന്നും പ്രതികളെ ഉടൻ പിടികൂടണമെന്നും ആവശ്യപ്പെട്ടാണ് ജമാഅത്ത് പരിപാലന കമ്മിറ്റിയുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്. 

ജമാഅത്ത് പ്രസിഡന്റ് അഡ്വ പാച്ചല്ലൂർ നുജുമുദീൻ മാർച്ച് ഉദ്ഘാടനം ചെയ്തു. ജന.സെക്രട്ടറി എ.കെ ബുഹാരി, ഇമാം സജ്ജാദ് റഹ്മാനി, എം.വൈ നവാസ്, എം. വാഹിദ്, മുജീബ് റഹ്മാൻ , അബ്ദുൽ സമദ് ഹാജി, അബ്ദുൽ മജീദ്,
ഷെബു , റാഷിദ്, ഷഹ്നയുടെ മാതാപിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

Previous Post Next Post