NEWS UPDATE

6/recent/ticker-posts

നാലുദിവസം മുമ്പ് കാണാതായയാൾ ആളൊഴിഞ്ഞ പറമ്പിൽ മരിച്ച നിലയിൽ

ആലുവ: നാലുദിവസം മുമ്പ് കാണാതായയാളെ വീട്ടിൽനിന്ന് രണ്ട് കിലോമീറ്റർ ദൂരെ ആളൊഴിഞ്ഞ കാടുമൂടിയ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെങ്ങമനാട് ദേശം കുന്നുംപുറം ചേട്ടാകുളത്തിൻകര വീട്ടിൽ ബേബിയെന്ന ജോർജ് സി. ഹാർബലിനെയാണ് (66) ബുധനാഴ്ച രാവിലെ ദേശം തലക്കൊള്ളി ഭാഗത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.[www.malabarflash.com]


കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് മുതലാണ് ബേബിയെ കാണാതായത്. ആലുവ സെമിനാരിപ്പടി ബസ് സ്റ്റോപ്പിൽ നിന്ന് അങ്കമാലി ഭാഗത്തേക്കുള്ള ബസിൽ കയറുന്നത് ചിലർ കണ്ടിരുന്നു. ഇതേത്തുടർന്ന് ബന്ധുക്കൾ ആലുവ സ്റ്റേഷനിൽ പരാതി നൽകുകയും പൊലീസ് അന്വേഷണം നടത്തിവരുകയുമായിരുന്നു. അതിനിടെയാണ് ചെങ്ങമനാട്- മംഗലപ്പുഴപ്പാലം റോഡിൽ ദേശം തലക്കൊള്ളി ഭാഗത്തെ പറമ്പിൽ രാവിലെ വിറക് ശേഖരിക്കാനെത്തിയ യുവാവ് മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നു മൃതദേഹം.

ആലുവ പോലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു. വിഷം അകത്ത് ചെന്നാണ് മരിച്ചതെന്നാണ് സൂചന. സമീപത്ത് നിന്ന് വിഷക്കുപ്പിയും പോക്കറ്റിൽ നിന്ന് ബസ് ടിക്കറ്റും പോലീസ് കണ്ടെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ഭാര്യ: ലില്ലി ജോർജ് (റിട്ട. ടീച്ചർ, ഹോളി ഗോസ്റ്റ്, തോട്ടയ്ക്കാട്ടുകര). മക്കൾ: ശ്രുതി (ദുബൈ), ശ്വേത. മരുമക്കൾ: വിനോദ് (ദുബൈ), സഞ്ജയൻ (അസോസിയേറ്റ് ഡയറക്ടർ). സംസ്കാരം വ്യാഴാഴ്ച ആലുവ തൃക്കുന്നത്ത് സെമിനാരിയിൽ.

Post a Comment

0 Comments