Top News

എന്റെ കമ്പനി തട്ടിയെടുത്തു, മകളുടെ വിവാഹം മുടക്കുക ലക്ഷ്യം: സൗദി പൗരൻ ഉന്നയിച്ചത് വ്യാജ ആരോപണമെന്ന് ഇ.പി.ഷമീൽ

കോഴിക്കോട്: 27 കോടി രൂപ തട്ടിയെടുത്തു മലയാളി നാട്ടിലേക്കു മുങ്ങിയെന്ന സൗദി പൗരൻ ഇബ്രാഹിം അൽ ഒതെബിയുടെ ആരോപണത്തിന് മറുപടിയുമായി മലപ്പുറം തേഞ്ഞിപ്പാലം സ്വദേശി ഇ.പി.ഷമീൽ. ജിദ്ദയിൽ 220 കോടി രൂപ മൂല്യമുള്ള കമ്പനിയും വസ്തുവകകളും തട്ടിയെടുത്തവരാണു താൻ 27 കോടി രൂപ തട്ടിയെടുത്തെന്ന് ആരോപിക്കുന്നതെന്നു ഷമീൽ പറഞ്ഞു.[www.malabarflash.com]

ജിദ്ദയിൽ മത്തീൽ അൽനുജും ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്ന സ്ഥാപനത്തിന്റെ നടത്തിപ്പിനായി പവർ ഓഫ് അറ്റോർണി നൽകിയിരുന്ന സൗദി പൗരൻ ഇബ്രാഹിം അൽ ഒതൈബിയും മറ്റു രണ്ടുപേരും ചേർന്നാണു സൗദിയിലെ തന്റെ കമ്പനി തട്ടിയെടുത്തശേഷം പുതിയ ആരോപണവുമായി വന്നിരിക്കുന്നതെന്നും ഇ.പി.ഷമീൽ ആരോപിച്ചു. 

2017 ൽ നടന്ന ഒരു ഇടപാടിന്റെ പേരിൽ ഇത്രയും വർഷങ്ങൾക്കു ശേഷം വ്യാജ ആരോപണങ്ങളുമായി മുന്നോട്ടുവന്നതു മകളുടെ വിവാഹം മുടക്കുകയെന്ന ദുരുദ്ദേശത്തോടെയാണെന്നും തനിക്കെതിരായി വ്യാജ പ്രചാരണങ്ങൾ നടത്തി തന്നെ അപമാനിച്ചവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഇ.പി.ഷമീൽ അറിയിച്ചു.

ഇ.പി.ഷമീലിന്റെ ആരോപണം

ഇബ്രാഹിം അൽ ഒതെബി 2013 മുതൽ എന്റെ സ്ഥാപനത്തിന്റെ പിആർഒ ആണ്. സൗദി ആഭ്യന്തര മന്ത്രാലയത്തിൽ ഉന്നത തസ്തികയിൽ ജോലി ചെയ്യുന്നയാള്‍ കൂടിയാണ് ഇയാൾ. 2016ൽ എന്റെ സ്ഥാപനത്തിനു ചില സാമ്പത്തിക പ്രയാസങ്ങൾ ഉണ്ടായി. തുടർന്നു 15 മില്യൻ റിയാൽ മുടക്കി സ്ഥാപനത്തിന്റെ ഓഹരി പങ്കാളിയാവാൻ ഇയാൾ തയാറായി. 

3 മാസത്തിനുള്ളിൽ മുഴുവൻ തുകയും തരാമെന്നു പറഞ്ഞ് ഉണ്ടാക്കിയ രേഖാമൂലമുള്ള കരാർ പ്രകാരം 2.15 മില്യൻ കമ്പനി അക്കൗണ്ടിലേക്കു നൽകി. തുടർന്ന് ഒന്നിച്ചു പണം തരാനുള്ള പ്രയാസം അറിയിക്കുകയും കമ്പനിയുടെ പേരിലുള്ള 4.4 മില്യൻ വായ്പ അദ്ദേഹത്തിന്റെ വസ്തുവകകളുടെ ഗ്യാരന്റിയിൽ ഏറ്റെടുക്കാമെന്നും വ്യക്തമാക്കി. 2016 ഓഗസ്റ്റ് 20നു ഉണ്ടാക്കിയ പുതിയ കരാർ പ്രകാരം 2016 സെപ്റ്റംബർ 3നു ജിദ്ദയിലെ ബന്ധപ്പെട്ട കോടതിയിൽ പോയി കമ്പനിയുടെ 4.4 മില്യൻ വായ്പ അദ്ദേഹം ഏറ്റെടുത്തു. ഇതിനുശേഷം അദ്ദേഹം കാശു തരികയോ ബാങ്ക് വായ്പ അടക്കുകയോ ചെയ്തില്ല. പണം തരാതെ കമ്പനി ഷെയർ മകന്റെ പേരിലേക്കു മാറ്റിക്കൊടുക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

ഇത് അംഗീകരിക്കാൻ തയാറാവാതിരുന്നതോടെ അദ്ദേഹം ഭീഷണിപ്പെടുത്തി. ഇതേത്തുടർന്നു മധ്യസ്ഥരുടെ സാന്നിധ്യത്തിൽ ദുബായിൽ വച്ച് ചർച്ച നടത്തുകയും ബാക്കിയുള്ള തുക തരാൻ കഴിയില്ലെന്നും പാർട്ണർഷിപ്പ് കരാറിൽനിന്നു പിന്മാറുകയാണെന്നും അദ്ദേഹം അറിയിച്ചു. തുടർന്നു അദ്ദേഹം കമ്പനിക്കു നൽകിയ തുക 2020 ഡിസംബറിനകം തിരിച്ചു നൽകാൻ സമ്മതിച്ചു. അദ്ദേഹം സൗദിയിൽ തിരിച്ചെത്തിയാൽ ഉടൻ തന്നെ ഈ കരാർ ഇന്ത്യൻ എംബസിയിൽ അറ്റെസ്റ്റ് ചെയ്തു എനിക്ക് അയച്ചുതരാമെന്നും വാക്കാൽ ഉറപ്പു നൽകിയിരുന്നു. എന്നാൽ ഈ ഉറപ്പുകൾ അദ്ദേഹം പാലിച്ചില്ല. 

സ്ഥാപനം കൈക്കലാക്കുന്നതിനായി രണ്ടാഴ്ചക്കുള്ളിൽ എനിക്കെതിരായി വ്യാജ കേസ് കൊടുക്കുകയും എന്റെ അസാന്നിധ്യത്തിൽ എക്സ് പാർട്ടി വിധി നേടുകയുമാണ് ഉണ്ടായത്. ഇദ്ദേഹം കരാർ ലംഘിച്ചതിനാൽ എനിക്ക് സൗദിയിലെ കമ്പനിയും സർവ സ്വത്തുക്കളും നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായി.

Post a Comment

Previous Post Next Post