Top News

സര്‍ക്കാര്‍ ഭൂമി പതിച്ചു നല്‍കിയെന്ന കേസ്; മുന്‍ തഹസീല്‍ദാറിന് കഠിന തടവ്

ഇടുക്കി: സര്‍ക്കാര്‍ ഭൂമി പതിച്ചുനല്‍കിയെന്ന കേസില്‍ മുന്‍ തഹസീല്‍ദാറിന് കഠിന തടവ് ശിക്ഷ വിധിച്ച് വിജിലന്‍സ് കോടതി. ദേവികുളം തഹസീല്‍ദാറായിരുന്ന രാമന്‍കുട്ടിയെയാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി നാലു വര്‍ഷം കഠിന തടവിനും 30,000 രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചത്.[www.malabarflash.com]


2001-2002 കാലഘട്ടത്തില്‍ ദേവികുളം തഹസീല്‍ദാറായിരുന്ന രാമന്‍ കുട്ടി, കണ്ണന്‍ ദേവന്‍ ഹില്‍സ് വില്ലേജില്‍ പെട്ട സര്‍ക്കാര്‍ വക 36 സെന്റ് ഭൂമി രണ്ട് സ്വകാര്യ വ്യക്തികളുടെ പേരില്‍ പട്ടയം പിടിച്ച് നല്‍കി സര്‍ക്കാരിന് നഷ്ടം ഉണ്ടാക്കിയെന്നാണ് കേസ്. ഇടുക്കി വിജിലന്‍സ് യൂണിറ്റ് രജിസ്റ്റര്‍ ചെയ്ത് കുറ്റപത്രം നല്‍കിയ കേസിലാണ് രാമന്‍കുട്ടിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.

ഇടുക്കി വിജിലന്‍സ് മുന്‍ ഡിവൈ.എസ്.പി കെ.വി. ജോസഫ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇടുക്കി വിജിലന്‍സ് മുന്‍ ഇന്‍സ്‌പെക്ടര്‍മാരായിരുന്ന വി. വിജയന്‍, മുഹമ്മദ് കബീര്‍ റാവുത്തര്‍, എ.സി. ജോസഫ്, അലക്‌സ്.എം.വര്‍ക്കി എന്നിവര്‍ അന്വേഷണം നടത്തി ഇടുക്കി വിജിലന്‍സ് മുന്‍ ഡിവൈ.എസ്.പി പി.ടി കൃഷ്ണന്‍കുട്ടി കുറ്റപത്രം സമര്‍പ്പിച്ച കേസിലാണ് രാമന്‍കുട്ടി കുറ്റക്കാരനാണെന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി കണ്ടെത്തിയത്. പ്രോസിക്യൂഷന് വേണ്ടി വിജിലന്‍സ് പബ്ലിക് പ്രോസിക്യൂട്ടര്‍ സരിത വി.എ ഹാജരായി. പ്രതിയെ റിമാന്‍ഡ് ചെയ്ത് മൂവാറ്റുപുഴ സബ് ജയിലില്‍ അടച്ചു.

പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592 900 900 എന്ന നമ്പരിലോ 9447 789 100 എന്ന വാട്‌സ്ആപ്പ് നമ്പരിലോ അറിയിക്കണമെന്ന് വിജിലന്‍സ് ഡയറകടര്‍ ടി. കെ വിനോദ്കുമാര്‍ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post