NEWS UPDATE

6/recent/ticker-posts

ഐ.ടി ജീവനക്കാരിയെ കൊന്നത് ട്രാൻസ്മാൻ സുഹൃത്ത്; കൈകാലുകൾ കെട്ടി ജീവനോടെ കത്തിച്ചു, പിറന്നാളിൽ അരുംകൊല

ചെന്നൈ: ഐ.ടി. ജീവനക്കാരിയെ കൈകാലുകള്‍ കെട്ടിയിട്ട് തീകൊളുത്തി കൊലപ്പെടുത്തിയ കേസില്‍ ട്രാന്‍സ്മാന്‍ സുഹൃത്ത് അറസ്റ്റില്‍. ചെന്നൈയിലെ ഐ.ടി. കമ്പനിയില്‍ സോഫ്റ്റ് വേര്‍ എന്‍ജിനിയറായ നന്ദിനി(27)യെ കൊലപ്പെടുത്തിയ സംഭവത്തിലാണ് സുഹൃത്തായ വെട്രിമാരനെ(27) പോലീസ് പിടികൂടിയത്. ശനിയാഴ്ച താലമ്പൂരിന് സമീപം പൊന്‍മാറിലെ ആളൊഴിഞ്ഞ സ്ഥലത്താണ് നന്ദിനിയെ പൊള്ളലേറ്റനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.[www.malabarflash.com]


ഇപ്പോള്‍ ട്രാന്‍സ്മാനായ വെട്രിമാരനും നന്ദിനിയും മധുരയിലെ ഗേള്‍സ് സ്‌കൂളില്‍ ഒരുമിച്ച് പഠിച്ചവരാണെന്നാണ് പോലീസ് പറയുന്നത്. ചെന്നൈയില്‍ ജോലിചെയ്യുന്ന നന്ദിനി അടുത്തിടെയായി സഹപ്രവര്‍ത്തകനായ യുവാവുമായി അടുപ്പം പുലര്‍ത്തിയിരുന്നു. ഇതിന്റെ പ്രകോപനത്തിലാണ് പ്രതി നന്ദിനിയെ കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ വിശദീകരണം.

നന്ദിനി ആണ്‍സുഹൃത്തുക്കളുമായി സംസാരിക്കുന്നതോ ഇടപഴകുന്നതോ വെട്രിമാരന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. ഇതേച്ചൊല്ലി കഴിഞ്ഞ എട്ടുമാസമായി ഇരുവരും തമ്മില്‍ പലപ്പോഴും വഴക്കുണ്ടായിരുന്നു. തുടര്‍ന്ന് നന്ദിനി വെട്രിമാരനുമായി സംസാരിക്കാതായി. ഇതിനിടെയാണ് നന്ദിനി പതിവായി സഹപ്രവര്‍ത്തകനൊപ്പം ചെലവഴിക്കുന്നത് പ്രതിയുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്നാണ് പ്രതി കൃത്യം ആസൂത്രണം ചെയ്തതെന്നും പോലീസ് പറഞ്ഞു.

ഡിസംബര്‍ 24-നായിരുന്നു നന്ദിനിയുടെ ജന്മദിനം. ഇതിന്റെ തലേദിവസമാണ് വെട്രിമാരന്‍ വീണ്ടും നന്ദിനിയെ ഫോണില്‍ വിളിച്ചത്. ഇനി വഴക്കിടില്ലെന്നും പിറന്നാളിന് ഒരു സര്‍പ്രൈസ് സമ്മാനം ഒരുക്കിയിട്ടുണ്ടെന്നും നേരില്‍ കാണണമെന്നും പ്രതി യുവതിയോട് ആവശ്യപ്പെട്ടു. ശനിയാഴ്ച ഇരുവരും തമ്മില്‍ കാണുകയും ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുകയുംചെയ്തു. തുടര്‍ന്ന് രാത്രി 7.15-ഓടെയാണ് പ്രതി നന്ദിനിയെ പൊന്മാര്‍ റോഡിന് സമീപത്തെ ആളൊഴിഞ്ഞസ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയത്.

പിറന്നാള്‍ സമ്മാനം നല്‍കാനെന്നപേരില്‍ പ്രതി ആദ്യം യുവതിയുടെ കണ്ണുകെട്ടി. പിന്നാലെ ചങ്ങലകൊണ്ട് കൈകാലുകള്‍ കെട്ടി പൂട്ടിയിട്ടു. തുടര്‍ന്ന് കൈത്തണ്ടകളിലും കാല്‍പ്പാദങ്ങളിലും മുറിവുണ്ടാക്കുകയും ജീവനോടെ തീകൊളുത്തുകയുമായിരുന്നു.

യുവതിയെ ജീവനോടെ കത്തിച്ചതിന് ശേഷം പ്രതി സ്ഥലത്തുനിന്ന് കടന്നുകളഞ്ഞിരുന്നു. നിലവിളി കേട്ടെത്തിയ സമീപവാസികളാണ് നന്ദിനിയെ ആദ്യംകണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ ആംബുലന്‍സ് വിളിച്ചുവരുത്തുകയും പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു.

ഗുരുതരമായി പരിക്കേറ്റ നന്ദിനി ഇതിനിടെ ഒരുഫോണ്‍നമ്പര്‍ നാട്ടുകാര്‍ക്ക് കൈമാറിയിരുന്നു. ഇതില്‍ വിളിച്ചപ്പോള്‍ വെട്രിമാരനാണ് ഫോണെടുത്തത്. തുടര്‍ന്ന് ഇയാള്‍ സ്ഥലത്തെത്തുകയും നന്ദിനിക്കൊപ്പം ആശുപത്രിയിലേക്ക് പോകുകയുംചെയ്തു. പിന്നാലെ പോലീസ് നടത്തിയ ചോദ്യംചെയ്യലിലാണ് പ്രതി കുറ്റംസമ്മതിച്ചത്. വെട്രിമാരനൊപ്പം പുറത്തേക്ക് പോകുകയാണെന്ന് നന്ദിനി നേരത്തെ സഹപ്രവര്‍ത്തകയെ അറിയിച്ചിരുന്നു. ഇവരുടെ മൊഴിയും അന്വേഷണത്തില്‍ നിര്‍ണായകമായി. തുടര്‍ന്നാണ് വെട്രിമാരനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തത്.

ട്രാന്‍സ്മാനായ വെട്രിമാരനും നന്ദിനിയും 12-ാം ക്ലാസ് വരെ മധുരയിലെ ഗേള്‍സ് സ്‌കൂളില്‍ ഒരുമിച്ച് പഠിച്ചവരാണെന്നാണ് നന്ദിനിയുടെ കുടുംബം പറയുന്നത്. നന്ദിനിയും വെട്രിമാരനും മറ്റൊരുപെണ്‍കുട്ടിയുമായിരുന്നു കൂട്ടുകാര്‍. സ്‌കൂള്‍ പഠനത്തിന് ശേഷം മൂവരും ഉന്നതപഠനത്തിനായി വ്യത്യസ്ത കോളേജുകളില്‍ ചേര്‍ന്നു. ഈ സമയത്താണ് വെട്രിമാരന്‍ തന്റെ ലിംഗസ്വത്വം വെളിപ്പെടുത്തിയത്. ഇതോടെ സുഹൃദ്‌സംഘത്തില്‍പ്പെട്ട മൂന്നാമത്തെ പെണ്‍കുട്ടി വെട്രിമാരനുമായുള്ള സൗഹൃദം ഉപേക്ഷിച്ചു. 2019-ല്‍ വെട്രിമാരനെ കുടുംബം വീട്ടില്‍നിന്ന് പുറത്താക്കി. പ്രതിയുമായുള്ള എല്ലാബന്ധങ്ങളും കുടുംബം ഉപേക്ഷിച്ചു. എന്നാല്‍, എല്ലാവരും വെട്രിമാരനെ അകറ്റിനിര്‍ത്തിയപ്പോഴും നന്ദിനി സൗഹൃദം ഉപേക്ഷിച്ചില്ല. നന്ദിനിയുടെ വീട്ടുകാരും മകളുടെ സുഹൃത്തിനെ അകറ്റിനിര്‍ത്തിയിരുന്നില്ല.

മധുരയിലെ കോളേജ് പഠനത്തിന് ശേഷമാണ് നന്ദിനി ജോലിക്കായി ചെന്നൈയിലെത്തിയത്. നേരത്തെ ബെംഗളൂരുവില്‍ ജോലിചെയ്തിരുന്ന വെട്രിമാരനും ഇതിനിടെ ചെന്നൈയിലെത്തി. ബെംഗളൂരുവിലെ ജോലിയില്‍നിന്ന് സമ്പാദിച്ച പണവുമായി ലിംഗമാറ്റ ശസ്ത്രക്രിയ നടത്താനായാണ് വെട്രിമാരന്‍ ചെന്നൈയിലേക്ക് വന്നത്. ഇതോടെ ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചകളും പതിവായെന്നും നന്ദിനിയുടെ കുടുംബം പറയുന്നു.

ജീവിതത്തിലെ ഓരോകാര്യങ്ങളും വെട്രിമാരന്‍ നന്ദിനിയുമായി പങ്കുവെച്ചിരുന്നു. ഏറ്റവും അവസാനം നന്ദിനി വീട്ടില്‍വന്നപ്പോഴും തങ്ങള്‍ വെട്രിമാരനെക്കുറിച്ച് തിരക്കി. നന്ദിനിയെ പൊള്ളലേറ്റനിലയില്‍ കണ്ടെത്തിയെന്ന വിവരം പോലീസ് അറിയിച്ചപ്പോള്‍ ആദ്യം വിളിക്കാന്‍ ശ്രമിച്ചതും വെട്രിമാരനെയായിരുന്നു. പക്ഷേ, വെട്രിമാരന്‍ ഫോണ്‍ കട്ട് ചെയ്യുകയാണുണ്ടായതെന്നും പിന്നീട് പോലീസുകാരാണ് നന്ദിനി മരിച്ചെന്ന വിവരം അറിയിച്ചതെന്നും സഹോദരി മാധ്യമങ്ങളോട് പറഞ്ഞു.

Post a Comment

0 Comments