NEWS UPDATE

6/recent/ticker-posts

ധർമടത്ത് പിണറായിക്കെതിരെ മൽസരിച്ച സി. രഘുനാഥ് കോൺഗ്രസ് വിട്ടു; 'വേട്ടക്കാരൻ്റെ മനസ്സുള്ള രാഷ്ട്രീയ നേതൃത്വമാണ് കോൺഗ്രസിൻ്റേത്

കണ്ണൂർ: കോൺഗ്രസിനെതിരെ രൂക്ഷവിമശനവുമായി പാർട്ടിവിട്ട ഡിസിസി ജനറൽ സെക്രട്ടറി സി രഘുനാഥ്. കണ്ണൂർ കോർപ്പറേഷൻ ഭരണത്തിനും ഡിസിസി നേതൃത്വത്തിനും എതിരെ രൂക്ഷവിമർശനമാണ് രഘുനാഥ് ഉയർത്തിയത്.[www.malabarflash.com]

കണ്ണൂർ കോർപ്പറേഷൻ ഭരണത്തിനെതിരെ സി രഘുനാഥ് ആഞ്ഞടിച്ചു. കോർപ്പറേഷൻ ഭരണത്തിൽ സുതാര്യതയില്ലെന്ന് ചൂണ്ടിക്കാണിച്ചു. അതോടെയാണ് കോൺഗ്രസിൻ്റെ കണ്ണിലെ കരടായി മാറിയത്. ഡിസിസി യോഗത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ കയ്യേറ്റം ഉണ്ടായെന്നും പരാതി നൽകിയിട്ടും കെപിസിസി നിശബ്ദത പാലിച്ചുവെന്നും രഘുനാഥ് വെളിപ്പെടുത്തി. കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി ബോധപൂർവ്വം അവഗണിക്കുന്നുവെന്നും നന്ദികേടിൻ്റെ പര്യായമായി കണ്ണൂർ കോർപ്പറേഷൻ മാറിയെന്നും രഘുനാഥ് കുറ്റപ്പെടുത്തി.

വേട്ടക്കാരൻ്റെ മനസ്സുള്ള രാഷ്ട്രീയ നേതൃത്വമാണ് കോൺഗ്രസിൻ്റേത്. പഴയ കോൺഗ്രസല്ല, ഇപ്പോഴത്തെ കോൺഗ്രസ്. പാർട്ടിയുടെ ഡിഎൻഎ മാറി കഴിഞ്ഞു. പാർട്ടിയിൽ ഗ്രൂപ്പ് അവസാനിക്കും എന്ന് പറഞ്ഞിട്ട് ഇന്ന് ഗ്രൂപ്പുകളുടെ എണ്ണം അഞ്ചായി. കെ സുധാകരൻ കെപിസിസി പ്രസിഡന്റ് ആയപ്പോൾ യുവാക്കൾ പാർട്ടിയിലേക്ക് എത്തുമെന്ന് കരുതി. പക്ഷെ കൂടുതൽ പേർ പാർട്ടിയിൽ നിന്ന് പുറത്താകുന്ന കാഴ്ചയാണ് കാണുന്നത്. കേരളത്തിലെ കോൺഗ്രസിൽ സുധാകരന്റെ പിടി അയഞ്ഞുവെന്നും രഘുനാഥ് ചൂണ്ടിക്കാണിച്ചു. കെപിസിസിക്കും എഐസിസിക്കും ഇന്നലെ രാജി നൽകിയെന്നും രഘുനാഥ് വ്യക്തമാക്കി.

കണ്ണൂർ പാർലമെൻ്റ് സീറ്റ് കോൺഗ്രസിന് നഷ്ടപ്പെടുമെന്നും രഘുനാഥ് ചൂണ്ടിക്കാണിച്ചു. സതീശൻ പാച്ചേനിയെ കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ പരാജയപ്പെടുത്താൻ ഡിസിസി നേതാക്കൾ ശ്രമിച്ചുവെന്ന ഗുരുതര ആരോപണവും രഘുനാഥ് ഉന്നയിച്ചു. കടന്നപ്പള്ളിക്ക് വോട്ട് മറിച്ചു. രാഷ്ട്രീയ ഗൂഢാലോചന നടന്നു. സതീശൻ പാച്ചേനിയെ പാലം വലിച്ച് തോൽപ്പിച്ചതാണെന്നും രഘുനാഥ് ആരോപിച്ചു.

ധർമ്മടത്ത് മത്സരിക്കേണ്ടി വന്നത് ഗതിക്കെട്ട സ്ഥാനാർഥിയായി. പിണറായിക്കെതിരെ മത്സരിച്ചത് മനസ്സില്ലാ മനസ്സോടെയെന്നും രഘുനാഥ് വെളിപ്പെടുത്തി. ധർമ്മടത്ത് മത്സരിക്കുമ്പോൾ ഒറ്റ കെപിസിസി നേതാവ് പോലും പ്രചരണത്തിന് എത്തിയില്ല. സുധാകരൻ മാത്രമാണ് പ്രചരണത്തിന് വന്നത്. മുല്ലപ്പള്ളി രാമചന്ദ്രൻ അത് വഴി പോയിട്ടും പ്രചരണത്തിനെത്തിയില്ലെന്നും രഘുനാഥ് വെളിപ്പെടുത്തി. പിണറായിക്കെതിരെ മത്സരിക്കേണ്ടിയിരുന്നില്ല എന്ന് തോന്നുന്നുവെന്നും വ്യക്തമാക്കി.

ഏതെങ്കിലും പാർട്ടിയിലേക്ക് പോകാൻ തീരുമാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ രഘുനാഥ് തന്നെ ആക്രമിച്ച സിപിഐഎമ്മിനോട് പോലും പകയോ വിദ്വേഷമോ ഇല്ലായെന്നും പറഞ്ഞു. കണ്ണൂരിലെ പൊതുവേദിയിൽ ഉണ്ടാവുമെന്ന് വ്യക്തമാക്കിയ രഘുനാഥ് കേരളത്തിലെ പൊതുവേദിയിലും ഉണ്ടാവും ചിലപ്പോൾ അതിനപ്പുറവും ഉണ്ടാവുമെന്ന് വെളിപ്പെടുത്തി. രഘുനാഥിൻ്റെ ഈ പ്രതികരണം വ്യക്തമായ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.

പല രാഷ്ട്രീയ പാർട്ടികളും ക്ഷണിച്ചു. സിപിഐഎം, ബിജെപി കോൺഗ്രസ് എസ് എന്നിവരൊക്കെ വിളിച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയ രഘുനാഥ് നിലവിൽ തീരുമാനം എടുത്തിട്ടില്ലെന്നും വ്യക്തമാക്കി. എന്തായാലും ഏത് രാഷ്ട്രീയ പാർട്ടിക്കും ഞാൻ അനഭിമതനല്ലെന്ന് മനസിലാക്കിയെന്നും രഘുനാഥ് പറഞ്ഞു. ഇന്ന് വീട്ടിന്റെ വാതിൽ തുറക്കുമ്പോൾ സിപിഐഎം നേതാക്കൾ വന്നു. കൈകൂപ്പി കോൺഗ്രസ് പ്രവർത്തകരോട് നന്ദി പറയാനും രഘുനാഥ് മറന്നില്ല.

Post a Comment

0 Comments