Top News

മൂന്നു സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കം, പിന്നീട് സംഭവിച്ചതെന്ത്? ദുരൂഹതയായി തൃത്താല ഇരട്ടക്കൊലപാതകം

പാലക്കാട്: തൃത്താല കരിമ്പനക്കടവിൽ നടന്നത് ഇരട്ട കൊലപാതകമെന്ന് പോലീസ്. വ്യാഴാഴ്ച കൊല്ലപ്പെട്ട അൻസാറിനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് കബീറിനെയും കഴുത്തു മുറിച്ച് കൊലപ്പെടുത്തിയ രീതിയിൽ കണ്ടെത്തി. അൻസാറിനെ ആക്രമിച്ച ശേഷം ഒളിവിൽ പോയ സുഹൃത്ത് മുസ്തഫയെ, പോലീസ് ചോദ്യം ചെയ്യുന്നതിനിടെയാണ് ഇരുവരുടെയും സുഹൃത്തായ കബീറിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്.[www.malabarflash.com]


വ്യാഴാഴ്ച വൈകീട്ടോടെ തൃത്താല കരിമ്പനക്കടവ് ഭാഗത്തേക്ക് എത്തിയ മൂവരും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. തർക്കത്തിനിടെ കൊണ്ടൂർക്കര സ്വദേശി അൻസാറിന്റെ കഴുത്തിൽ ആഴത്തിൽ മുറിവേറ്റു. നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിയ അൻസാർ സുഹൃത്തും കൊടലൂർ സ്വദേശിയുമായ മുസ്തഫയാണ് തന്നെ ആക്രമിച്ചതെന്ന് മൊഴി നൽകിയ ഉടൻ മരിച്ചു. അൻസാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ, വടക്കാഞ്ചേരിയിൽ വച്ച് വ്യാഴാഴ്ച രാത്രി തന്നെ മുസ്തഫയെ തൃത്താല പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാളെ ചോദ്യം ചെയ്യുന്നതിനിടെയാണ് ഇവർക്കൊപ്പം ഉണ്ടായിരുന്ന കാരക്കാട് സ്വദേശി കബീറിനെയും കഴുത്തു മുറിച്ച് കൊലപ്പെടുത്തിയ രീതിയിൽ ഭാരതപ്പുഴയിൽ നിന്ന് വെള്ളിയാഴ്ച കണ്ടെത്തിയത്.

എന്നാൽ എന്താണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്ന് ഇതുവരെയും പോ ലീസ് കണ്ടെത്തിയിട്ടില്ല. കസ്റ്റഡിയിലുള്ള മുസ്തഫയെ വിശദമായി ചോദ്യം ചെയ്ത ശേഷം മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാവൂ എന്നാണ് പോലീസ് അറിയിക്കുന്നത്. നിലവിൽ ഷൊർണൂർ ഡിവൈഎസ്പി പി.സി. ഹരിദാസിന്റെ നേതൃത്വത്തിൽ തൃത്താല പോലീസാണ് കേസ് അന്വേഷിക്കുന്നത്.

Post a Comment

Previous Post Next Post