Top News

പുല്‍പള്ളി ബാങ്ക് തട്ടിപ്പ്: കെ പി സി സി മുന്‍ ജനറല്‍ സെക്രട്ടറി കെ കെ എബ്രഹാമിനെ ഇ ഡി അറസ്റ്റ് ചെയ്തു

കോഴിക്കോട്: പുല്‍പള്ളി ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ കെ പി സി സി മുന്‍ ജനറല്‍ സെക്രട്ടറി കെ കെ എബ്രഹാമിനെ ഇ ഡി അറസ്റ്റ് ചെയ്തു. ബാങ്ക് മുന്‍ പ്രസിഡന്റായ കെ കെ എബ്രഹാം ഏകദേശം എട്ടു കോടിയുടെ തട്ടിപ്പ് നടത്തിയതായാണ് ഇ ഡി കണ്ടെത്തിയത്.[www.malabarflash.com]


രാവിലെ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് കോഴിക്കോട് ഇ ഡി യൂണിറ്റ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കെ കെ എബ്രഹാമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് ഇ ഡി ഓഫീസില്‍ തിരികെ എത്തിച്ചു.

എബ്രഹാമിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് രേഖകള്‍ കണ്ടെത്തിയിരുന്നു. കഴിഞ്ഞമാസം ഇദ്ദേഹത്തിന്റെ വിശ്വസ്തന്‍ സജീവന്‍ കൊല്ലപ്പള്ളിയെ ഇ ഡി അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ കള്ളപ്പണം വെളുപ്പിക്കാനും വായ്പ തട്ടിപ്പില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചിരുന്നു എന്നും ഇ ഡി കണ്ടെത്തിയിരുന്നു.

പുല്‍പ്പള്ളി ബാങ്കില്‍ നിന്ന് 80,000 രൂപ ലോണെടുത്തിരുന്ന കര്‍ഷകന്‍ ആത്മഹത്യ ചെയ്തിരുന്നു. 40 ലക്ഷം രൂപ തിരിച്ചടക്കണമെന്ന് ബാങ്ക് നോട്ടീസ് നല്‍കിയതോടെയാണു കര്‍ഷകന്‍ ആത്മഹത്യ ചെയ്തത്. കെ കെ എബ്രഹാം ഉള്‍പ്പെടെ നാലോളം പേരുടെ പേരുവിവരങ്ങള്‍ ആത്മഹത്യക്കുറിപ്പില്‍ ഉള്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തുവന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകും. 10 പേരെയാണ് കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്.

Post a Comment

Previous Post Next Post