NEWS UPDATE

6/recent/ticker-posts

യൂട്യൂബറെ ഹണിട്രാപ്പില്‍ കുടുക്കി പണവും വാഹനവും കൈക്കലാക്കി; യുവതികളുള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍

കൂത്താട്ടുകുളം: മലപ്പുറം-മഞ്ചേരി സ്വദേശിയായ യൂട്യൂബറെ കൂത്താട്ടുകുളത്തെ ലോഡ്ജ് മുറിയില്‍ വിളിച്ചുവരുത്തി ഹണി ട്രാപ്പില്‍ കുടുക്കിയ സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. കൊല്ലം ചടയമംഗലം വലിയകുഴി നൗഫല്‍ മന്‍സിലില്‍ അല്‍ അമീന്‍ (23), ഇടുക്കി വട്ടപ്പാറ പുതുശ്ശേരിപ്പടിക്കല്‍ അഭിലാഷ് (28), ശാന്തന്‍പാറ ചെരുവില്‍ പുത്തന്‍ വീട്ടില്‍ ആതിര (28), അടിമാലി കാട്ടാഞ്ചേരി വീട്ടില്‍ അക്ഷയ (21) എന്നിവരാണ് കൂത്താട്ടുകുളം പോലീസിന്റെ പിടിയിലായത്. ആലുവയില്‍ താമസിച്ച് കൗണ്‍സലിങ് നടത്തുന്നയാളാണ് യൂട്യൂബര്‍.[www.malabarflash.com]


യൂട്യൂബില്‍ നിന്നു ലഭിച്ച ഫോണ്‍ നമ്പര്‍ വഴി സംഘാംഗമായ അക്ഷയ ഇയാളുമായി സൗഹൃദത്തിലായി. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന സഹോദരന് കൗണ്‍സലിങ് നല്‍കണമെന്ന് പറഞ്ഞാണ് അക്ഷയ ഇയാളെ കൂത്താട്ടുകുളത്തെ ലോഡ്ജിലേക്ക് വിളിപ്പിച്ചത്. ലോഡ്ജില്‍ വെച്ച് അക്ഷയ നല്‍കിയ പാനീയം കുടിച്ച് മയങ്ങിപ്പോയെന്നും മയക്കം വിട്ടെഴുന്നേറ്റപ്പോള്‍ മറ്റൊരു പെണ്‍കുട്ടിയെ ആണ് കണ്ടതെന്നും യൂട്യൂബര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

പിന്നീട് മുറിക്ക് പുറത്തു നിന്നിരുന്ന സംഘാംഗങ്ങളായ അല്‍ അമീന്‍, അഭിലാഷ്, അക്ഷയ എന്നിവര്‍ മുറിയിലെത്തി. യുവതികളെ യൂട്യൂബറിനൊപ്പം ചേര്‍ത്തുനിര്‍ത്തി ഫോട്ടോയും വീഡിയോയും എടുത്തു. ഇത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കാതിരിക്കാന്‍ അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ടു. തന്റെ പക്കലുണ്ടായ 11,000 രൂപ ഫോണ്‍ വഴി അക്ഷയയുടെ അക്കൗണ്ടിലേക്ക് കൈമാറി. കാര്‍ അക്ഷയയുടെ പേരില്‍ എഴുതി വാങ്ങുകയും ചെയ്തു. തുടര്‍ന്ന് യൂട്യൂബറെ കൂത്താട്ടുകുളം ബസ് സ്റ്റാന്‍ഡില്‍ ഇറക്കിവിട്ടു.

സംഭവത്തിനു ശേഷം വ്യാഴാഴ്ച യൂട്യൂബര്‍ കൂത്താട്ടുകുളം പോലീസില്‍ പരാതി നല്‍കി. ഡിവൈ.എസ്.പി. ടി.ബി. വിജയന്റെ നിര്‍ദേശപ്രകാരം കൂത്താട്ടുകുളം സ്റ്റേഷന്റെ ചുമതല വഹിക്കുന്ന പിറവം സബ് ഇന്‍സ്‌പെക്ടര്‍ എം.എ. ആനന്ദിന്റെ നേതൃത്വത്തില്‍ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘം മൂന്നുപേരെ കരിങ്ങാച്ചിറ ഭാഗത്തു നിന്നും ആതിരയെ ഇടപ്പള്ളിയില്‍ നിന്നുമാണ് പിടികൂടിയത്. യൂട്യൂബറില്‍ നിന്നും തട്ടിയെടുത്ത കാറില്‍ കറങ്ങുകയായിരുന്നു ഇവര്‍.

അഭിലാഷ് വാടകക്കെടുത്ത കൂത്താട്ടുകുളത്തെ മുറിയിലാണ് സംഭവം നടന്നത്. വാഹനത്തിന്റെ രജിസ്‌ടേഷന്‍ നമ്പര്‍, മൊബൈല്‍ ഫോണ്‍ എന്നിവ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലാകുന്നത്.

കൂത്താട്ടുകുളത്തെ ഓഡിറ്റോറിയത്തോട് ചേര്‍ന്നുള്ള ലോഡ്ജ് മുറിയില്‍ വെള്ളിയാഴ്ച പോലീസ് പരിശോധന നടത്തി. ഇടുക്കി സ്വദേശിയായ അഭിലാഷ് കഴിഞ്ഞ ഒരു മാസമായി ഇവിടെയാണ് താമസം. പാറമട തൊഴിലാളി എന്ന പേരിലാണ് മുറിയെടുത്തത്. അഭിലാഷ് സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട കൊല്ലം സ്വദേശിയായ അമീര്‍ അലിയുമായി സൗഹൃദത്തിലായിരുന്നുവെന്നും അമീര്‍ അലി ആതിരയ്‌ക്കൊപ്പം പലവട്ടം കൂത്താട്ടുകുളത്തെ വാടകമുറിയിലെത്തിയതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൂട്ടുകാരനും സഹോദരിയുമാണെന്നാണ് ഓഡിറ്റോറിയത്തിലെ സുരക്ഷാ ജീവനക്കാരനെ അറിയിച്ചിരുന്നത്.

അക്ഷയ എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്പാ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നു. സംഘത്തിന് ഹണി ട്രാപ്പുമായി ബന്ധപ്പെട്ട മറ്റു കേസുകള്‍ ഉണ്ടോ എന്ന് അന്വേഷിക്കുന്നുണ്ടെന്ന് ഡിവൈ.എസ്.പി. ടി.ബി. വിജയന്‍ പറഞ്ഞു.

Post a Comment

0 Comments