Top News

സി.പി.എമ്മിനൊപ്പം സഹകരണം; രണ്ട് ലീഗുകാർക്ക് സസ്​പെൻഷൻ

ശ്രീകണ്ഠപുരം: നടുവില്‍ ക്ഷീരോല്‍പ്പാദക സഹകരണസംഘം തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിനൊപ്പം ചേര്‍ന്ന് മല്‍സരിക്കുന്ന രണ്ട് മുസ്ലിം ലീഗുകാർക്ക് സസ്​പെൻഷൻ. നടുവില്‍ കളരിക്കുന്നില്‍ അബൂബക്കര്‍, പി.എ. സുബൈര്‍ എന്നിവർക്കെതിരെയാണ് നടപടി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനാണ് നടപടിയെന്ന് ലീഗ് നടുവില്‍ പഞ്ചായത്ത് പ്രസിഡന്റ്​ വി.പി. മുഹമ്മദ് കുഞ്ഞിയും സെക്രട്ടറി കെ. മൊയ്തീനും അറിയിച്ചു.[www.malabarflash.com]


ചൊവ്വാഴ്ചയാണ് ക്ഷീര സംഘം തെരഞ്ഞെടുപ്പ്. കോണ്‍ഗ്രസ് ഔദ്യോഗിക വിഭാഗവും കോണ്‍ഗ്രസ് എ ഗ്രൂപ്പ്, സി.പി.എം ഉള്‍പ്പെട്ട ക്ഷീര കര്‍ഷക സംരക്ഷണ മുന്നണിയും തമ്മിലാണ് പ്രധാന മല്‍സരം. കോണ്‍ഗ്രസിലെ ഇരുപക്ഷങ്ങള്‍ക്കുമൊപ്പം ചേരാതെ നാല് സീറ്റുകളിലേക്ക് ഒറ്റക്ക് മല്‍സരിക്കാനായിരുന്നു ലീഗ് തീരുമാനം.

ലീഗിന്റെ നാല് സ്ഥാനാര്‍ഥികള്‍ പത്രികകള്‍ നല്‍കുകയും ചെയ്തു. ഇതിനിടയിലാണ് അബൂബക്കറും സുബൈറും സി.പി.എമ്മിന്റെ പാനലില്‍ ചേര്‍ന്നത്. ഇവരുടെ മുന്നണിയുടെ പേരില്‍ ലീഗുകാരുടെ ഉള്‍പ്പെടെയുള്ള സ്ഥാനാര്‍ഥികളുടെ ഫോട്ടോ അടക്കമുള്ള പ്രചാരണ ബോര്‍ഡുകളും സ്ഥാപിച്ചു. ഇതോടെയാണ് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയുമായി ലീഗ് നേതൃത്വം രംഗത്തുവന്നത്.

Post a Comment

Previous Post Next Post