NEWS UPDATE

6/recent/ticker-posts

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; 'നടന്നത് 90 കോടിയുടെ കള്ളപ്പണ ഇടപാട്'; ഇഡി ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ചു

തൃശൂർ: കരുവന്നൂർ ബാങ്ക് കള്ളപ്പണ കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റ് 55 പ്രതികളുടെ ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ചു. സിപിഎം കൗൺസിലർ പി ആർ അരവിനാക്ഷൻ കേസിൽ പതിനാലാം പ്രതിയാണ്. കള്ളപ്പണ കേസിലെ ഉന്നത ഇടപെടലിൽ അന്വേഷണം തുടരുകയാണെന്ന് കുറ്റപത്രത്തിൽ ഇഡി വ്യക്തമാക്കി.[www.malabarflash.com]


കരുവന്നൂർ കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന്‍റെ ആദ്യ അറസ്റ്റ് നടന്ന് 60 ദിവസം പൂർത്തിയാകാനിരിക്കെ ആണ് പ്രതികളുടെ സ്വാഭാവിക ജാമ്യത്തിനുള്ള വഴിയടച്ച് ഇഡി കോടതിയിൽ ആദ്യഘട്ടകുറ്റപത്രം സമർപ്പിച്ചത്. 90 കോടി രൂപയുടെ കള്ളപ്പണ ഇടപാടിലാണ് 12,000 പേജുള്ള പ്രാഥമിക കുറ്റപത്രം. 50 പ്രതികളും 5 കമ്പനികളുമാണ് പ്രതിപ്പട്ടികയിൽ.പതിനഞ്ച് കോടിയിലേറെ രൂപ ബാങ്കിൽ നിന്ന് തട്ടിയ റബ്കോ കമ്മീഷൻ ഏജന്‍റ് കൂടിയായി എ കെ ബിജോയാണ് കേസിൽ ഒന്നാം പ്രതി.

ഇയാളുടെ ഉടമസ്ഥതയിലുള്ള മൂന്ന് കമ്പനികളും മറ്റൊരു പ്രതിയായി പി പി കിരണിന്‍റെ ഉടമസ്ഥയിലുള്ള രണ്ട് കമ്പനികളും പ്രതിപ്പട്ടികയിലുണ്ട്. ക്രൈം ബ്രാഞ്ചിന്‍റെ പ്രതിപ്പട്ടികയിലുള്ള 1 മുതൽ 12 വരെയുള്ള പ്രതികളാണ് ഇഡിയുടെ കുറ്റപത്രത്തിലും. കള്ളപ്പണ കേസിന്‍റെ മുഖ്യആസൂത്രകൻ സതീഷ്കുമാറാണ് 13 ആം പ്രതി. സിപിഎം ലോക്കൽ കമ്മിറ്റി അംഗവും വടക്കാഞ്ചേരി നഗരസഭ കൗൺസിലറുമായി പി ആർ അരവിന്ദാക്ഷനാണ് 14 ആം പ്രതി.

ഉന്നത ബന്ധങ്ങളും ഉന്നത ഇടപെടലും നടന്ന കേസിൽ കൂടുതൽ ആളുകളിലേക്ക് അന്വേഷണം തുടരുന്നതായി ഇഡി വ്യക്തമാക്കുന്നു. ഇക്കാര്യം വ്യക്തമാക്കിയാകും ഇനി തുടരന്വേഷണ റിപ്പോർട്ട് ഇഡി കോടതിയിൽ ഹാജരാക്കുക.ആദ്യഘട്ട കുറ്റപത്രം പരിശോധിച്ച ശേഷമാകും ഇത് സ്വീകരിക്കേണ്ടതുണ്ടോ എന്ന കാര്യത്തിൽ കൊച്ചിയിലെ സാന്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതി തീരുമാനം അറിയിക്കുക. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം കെ കണ്ണൻ, മുൻ മന്ത്രി എ സി മൊയ്തീൻ എന്നിവരെ ഇഡി കേസിൽ ചോദ്യം ചെയ്തിരുന്നു.

Post a Comment

0 Comments