NEWS UPDATE

6/recent/ticker-posts

ഒന്നര കിലോമീറ്റര്‍ അകലെ ആംബുലന്‍സ് എത്തിയാല്‍ നമ്മുടെ വണ്ടി അറിയും; പരീക്ഷണവുമായി യുവാവ്

പരപ്പനങ്ങാടി: സാധാരണഗതിയില്‍ നമ്മുടെ വാഹനത്തിനുപിറകേ ഒരു ആംബുലന്‍സ് വരുമ്പോള്‍ അതിന്റെ സൈറണ്‍ ദൂരെനിന്നുതന്നെ കേള്‍ക്കാം. എന്നാല്‍ നല്ല മഴയും കാറ്റുമുള്ളപ്പോള്‍, ഗ്ലാസെല്ലാം അടച്ച്, പാട്ടുകേട്ടുകൊണ്ടാണ് പോകുന്നതെങ്കിലോ? ആംബുലന്‍സ് തൊട്ടുപിന്നിലെത്തിയാല്‍പ്പോലും സൈറണ്‍ കേട്ടെന്നുവരില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ രക്ഷയ്‌ക്കെത്തുന്ന സംവിധാനവുമായി ഇതാ ഒരു ഇരുപത്തിനാലുകാരന്‍.[www.malabarflash.com]

പരപ്പനങ്ങാടി പുത്തന്‍പീടിക കൊളക്കുന്നത്തുവീട്ടിലെ കെ. ശ്രീരാഗ് ആണ് ഒന്നരക്കിലോമീറ്റര്‍ അകലെ ഒരു ആംബുലന്‍സ് എത്തിയാല്‍ ശബ്ദമുണ്ടാക്കുന്ന 'ഓട്ടോ ഓട്ടോമാറ്റിക് സിസ്റ്റം' രൂപകല്പന ചെയ്തത്. ആംബുലന്‍സ് ഒന്നരക്കിലോമീറ്റര്‍ അടുത്തെത്തുമ്പോള്‍ നമ്മുടെ വണ്ടിക്കകത്ത് ചുവന്ന വെളിച്ചം തെളിയും. ഒപ്പം ബസറിന്റെ ശബ്ദം മുഴങ്ങും. ആംബുലന്‍സ് അരക്കിലോമീറ്റര്‍ ദൂരെയെത്തിയാല്‍ നീലവെളിച്ചവും ബസര്‍ ശബ്ദവുമാണ് ഉണ്ടാവുക. അസാധാരണ സന്ദര്‍ഭങ്ങളില്‍ അസാധാരണവേഗത്തില്‍ പോകേണ്ടിവരുന്ന ആംബുലന്‍സുകളെ ഉദ്ദേശിച്ചാണിത്.

'എട്ടോ ഒന്‍പതോ വര്‍ഷം മുന്‍പാണ് ഇങ്ങനെയൊരു ആശയം തോന്നിയത്', ശ്രീരാഗ് പറയുന്നു: നാലുമണിക്കൂര്‍ കൊണ്ട് കാസര്‍കോട്ടുനിന്ന് കൊച്ചിയിലേക്ക് ആംബുലന്‍സില്‍ ഹൃദയമെത്തിച്ച വാര്‍ത്ത കണ്ടപ്പോഴാണത്. വലിയ മുന്നൊരുക്കത്തോടെ പോലീസും സന്നദ്ധപ്രവര്‍ത്തകരും വഴികളിലുടനീളം നിലയുറപ്പിച്ചാണല്ലോ അതിന് തടസ്സമില്ലാത്ത യാത്രയൊരുക്കിയത്. അത്ര ആളും പരിശ്രമവുമില്ലാതെ എങ്ങനെ ആംബുലന്‍സിന് വഴിയൊരുക്കാം എന്ന ചിന്തയില്‍നിന്നാണ് ഈ സംവിധാനമുണ്ടായത്.

അതിവേഗ ആംബുലന്‍സുകള്‍ 45 സെക്കന്‍ഡിനകം ഒരുകിലോമീറ്റര്‍ സഞ്ചരിക്കും. ഈ സമയത്തിനുമുന്‍പേതന്നെ അറിഞ്ഞാലേ മറ്റു വാഹനങ്ങള്‍ക്ക് വഴിമാറാന്‍ സമയംകിട്ടൂ. ഇതിനായി ആംബുലന്‍സില്‍ ട്രാന്‍സ്മിറ്റര്‍ ചിപ്പ് ഘടിപ്പിക്കണം. ഇതിന് 1500 രൂപയോളമേ ചെലവുവരൂ. ഇതില്‍നിന്നുള്ള റേഡിയോ തരംഗങ്ങള്‍ സ്വീകരിക്കാനുള്ള റിസീവറുകള്‍ റോഡിലോടുന്ന മറ്റെല്ലാ വാഹനങ്ങളിലും വേണം. ഇത്തരമൊരു റിസീവര്‍ 2000 രൂപയ്ക്ക് ഘടിപ്പിക്കാം. ഇതിനു പേറ്റന്റ് എടുക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ശ്രീരാഗ് പറഞ്ഞു.

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സി. അയ്യപ്പന്‍, പരപ്പനങ്ങാടിയിലെ ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് എം.പി. സന്ദീപ് കുമാര്‍, കൊടുവള്ളിയിലെ എം.വി.ഐ. സി.കെ. അജില്‍കുമാര്‍ തുടങ്ങിയവര്‍ ശ്രീരാഗിന് പ്രോത്സാഹനം നല്‍കി. വെള്ളം കൂടുന്നതിനനുസരിച്ച് നദീതീരത്തെ ആളുകള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന ഒരു ടവര്‍ ബസര്‍ എട്ടാംക്ലാസില്‍ പഠിക്കുമ്പോള്‍ ശ്രീരാഗ് രൂപകല്പന ചെയ്തിരുന്നു. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന്റെ വെളിച്ചത്തിലായിരുന്നു അത്.

മോഷണംതടയാന്‍ ബൈക്ക്, ഓട്ടോറിക്ഷ എന്നീ വാഹനങ്ങളില്‍ സിം ഇന്‍സ്റ്റാള്‍ ചെയ്യുന്ന സംവിധാനവും കണ്ടെത്തി. മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങില്‍ ഡിപ്ലോമ നേടിയിട്ടുള്ള ശ്രീരാഗ് ഇപ്പോള്‍ ഒരു വാഹനവിപണന സ്ഥാപനത്തില്‍ ജോലിചെയ്യുന്നു. ബിസിനസ്സുകാരനായ സദാശിവന്റെയും ആശാവര്‍ക്കര്‍ മഞ്ജുളയുടെയും മകനാണ്. സഹോദരങ്ങള്‍: മൃദുല, നിയ.

Post a Comment

0 Comments