ഉരുളക്കിഴങ്ങ് ചിപ്സിനോട് ഏറെ പ്രിയമുള്ള നിരവധി പേരുണ്ട്. കഴിച്ചുതുടങ്ങിയാൽ പിന്നെ നിർത്താനേ തോന്നില്ലെന്നു പറയുന്നവർ. അതുപോലെ തന്നെ ഐസ്ക്രീമിനോടും കടുത്ത ഇഷ്ടമുള്ളവരുണ്ട്. ഇവരണ്ടും കഴിച്ചുതുടങ്ങിയാൽ എന്തുകൊണ്ടാണ് നിർത്താൻ കഴിയാത്തതെന്ന് പലരും ചിന്തിച്ചുകാണും. എന്നാൽ അതിനുള്ള ഉത്തരമാവുകയാണ് പുതിയൊരു പഠനം. ഉരുളക്കിഴങ്ങ് ചിപ്സും ഐസ്ക്രീമും കൊക്കെയ്ൻ പോലുള്ള ലഹരിപദാർഥങ്ങൾക്ക് സമാനമായ ആസക്തിക്കിടയാക്കുമെന്നാണ് പഠനം പറയുന്നത്.[www.malabarflash.com]
അൾട്രാ പ്രൊസസ്ഡ് ഫുഡ് അഥവാ സംസ്കരിച്ച ഭക്ഷ്യവസ്തുക്കൾ എന്ന വിഭാഗത്തിൽപ്പെടുന്ന ഇവ നിക്കോട്ടിൻ, കൊക്കെയ്ൻ, ഹെറോയിൻ എന്നിവയ്ക്ക് സമാനമായ അഡിക്ഷനുണ്ടാക്കുമെന്നാണ് പഠനം പറയുന്നത്. പത്തുപേരിൽ ഒരാൾ എന്നനിലയ്ക്ക് ഈ അഡിക്ഷൻ കണ്ടുവരുന്നുണ്ടെന്നും പഠനം പറയുന്നു.
ബ്രിട്ടീഷ് മെഡിക്കൽ ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം പുറത്തുവന്നിരിക്കുന്നത്. മുപ്പത്തിയാറ് വിവിധ രാജ്യങ്ങളിൽ നിന്നുള്ള 281 പഠനങ്ങളെ കേന്ദ്രീകരിച്ചാണ് ഗവേഷണം നടത്തിയത്. ഇതിൽ നിന്നാണ് പതിനാലുശതമാനത്തോളം പേർ ഇത്തരം വസ്തുക്കളിൽ അടിമകളാണെന്ന് കണ്ടെത്തിയത്. മിഷിഗൺ സർവകലാശാലയിലെ പ്രൊഫസറായ ആഷ്ലി ഗെരാർഹാർഡിന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്.
മേൽപ്പറഞ്ഞ വസ്തുക്കളോടുള്ള അടങ്ങാത്ത അഭിനിവേശവും അവയുടെ ഉപയോഗവും ആരോഗ്യത്തെ എപ്രകാരം ദോഷമായി ബാധിക്കുന്നു എന്നു കണക്കിലെടുക്കാതെ അവയ്ക്ക് അടിമപ്പെടുന്നതിന്റെ തോതുമൊക്കെ പരിശോധിച്ചാണ് ഗവേഷണം നടത്തിയത്. ഇത്തരം ഭക്ഷണവസ്തുക്കളിലടങ്ങിയിരിക്കുന്ന സംസ്കരിച്ച കാർബോഹൈഡ്രേറ്റ്സും കൊഴുപ്പുമാണ് കൂടുതൽ അഡിക്ഷനുണ്ടാക്കുന്നതെന്നാണ് ഗവേഷകർ കണ്ടെത്തിയത്. പ്രകൃതിദത്തമായ ഭക്ഷണവസ്തുക്കളിൽ കാർബോഹൈഡ്രേറ്റും കൊഴുപ്പും അടങ്ങിയിട്ടുണ്ടെങ്കിലും അവയുടെ അളവ് സന്തുലിതമായിരിക്കും. എന്നാൽ അൾട്രാ പ്രൊസസ്ഡ് ഭക്ഷണവസ്തുക്കളിൽ ഇവയുടെ അളവ് വളരെ കൂടുതലായിരിക്കുമെന്നും ഗവേഷകർ പറയുന്നു.
അതിന് വ്യക്തമായ ഉദാഹരണവും ഗവേഷകർ നൽകുന്നുണ്ട്.ഒരു ആപ്പിളിൽ നിന്നുള്ള കാർബോഹൈഡ്രേറ്റ് 55 കലോറിയും കൊഴുപ്പിൽ ഇത് രണ്ടിൽ കുറവ് കലോറിയുമാണ് അടങ്ങിയിട്ടുള്ളതെങ്കിൽ ഒരു ചോക്കലേറ്റ് ബാറിലെ കാർബോഹൈഡ്രേറ്റിൽ നിന്നുള്ള കലോറി 237-ഉം കൊഴുപ്പിൽ നിന്ന് 266 കലോറിയുമാണ് എന്ന് ഗവേഷകർ പറയുന്നു. അൾട്രാ പ്രൊസസ്ഡ് ഭക്ഷണം കഴിക്കുമ്പോൾ ഡോപമൈൻ എന്ന ഹോർമോൺ അമിതമായി ഉത്പാദിപ്പിക്കപ്പെടുകയും ഉടൻതന്നെ കുറയുകയും ചെയ്യുന്നു, ഇത് ആസക്തി കൂട്ടുകയും മദ്യത്തിനും മയക്കുമരുന്നിനും സമാനമായ അഡിക്ഷൻ ഉണ്ടാക്കുകയും ചെയ്യുമെന്ന് ഗവേഷകർ പറയുന്നു.
എന്നാൽ എല്ലാവരും ഈ വിഭാഗത്തിൽപ്പെടില്ലെന്നും ഗവേഷകർ പറയുന്നുണ്ട്. ചിലർ അൽപം കഴിക്കുമ്പോൾ തന്നെ നിർത്തുന്നവരുമായിരിക്കും. അതായത് എല്ലാവർക്കും ഇത്തരം വസ്തുക്കൾ അഡിക്ഷൻ കൂട്ടുമെന്ന് പറയാനാകില്ലെന്നും പലരിലും പലരീതിയിലായിരിക്കുമെന്നും പറയുകയാണ് ഗവേഷകർ. അൾട്രാപ്രൊസസ് ചെയ്ത ഭക്ഷണസാധനങ്ങളോട് അകലം പാലിക്കാൻ വൈകരുതെന്നും ആരോഗ്യം അവനവന്റെ ഉത്തരവാദിത്തമാണെന്നും ഗവേഷകർ കൂട്ടിച്ചേർക്കുന്നു.
ഒന്നിലധികം വ്യാവസായിക പ്രക്രിയയിലൂടെ ഉത്പാദിക്കുന്നവയാണ് അൾട്രാ പ്രോസസ്ഡ് ഭക്ഷണങ്ങൾ. റെഡിമെയ്ഡ് ഭക്ഷണങ്ങൾ, ഐസ്‌ക്രിം, മിഠായികൾ, എനർജി ബാറുകൾ, പാക്ക് ചെയ്ത സ്‌നാക്കുകൾ, കുക്കി, കേക്ക്, പേസ്ട്രി തുടങ്ങിയവ ഇക്കൂട്ടത്തിൽ ഉൾപ്പെടും. ടൈപ്പ് -2 പ്രമേഹം , പൊണ്ണത്തടി തുടങ്ങിയവയ്ക്കും ഈ ഭക്ഷണ പദാർത്ഥങ്ങൾ കാരണമാവുമെന്ന് നേരത്തേ മറ്റൊരു പഠനത്തിൽ കണ്ടെത്തിയിരുന്നു.
(കടപ്പാട്: മാതൃഭൂമി)
0 Comments