Top News

തമിഴ് സിനിമ നിർമാതാവ് രവീന്ദർ ചന്ദ്രശേഖരൻ തട്ടിപ്പുകേസിൽ അറസ്റ്റിൽ

ചെന്നൈ: തമിഴ് സിനിമ നിർമാതാവ് രവീന്ദർ ചന്ദ്രശേഖരൻ തട്ടിപ്പുകേസിൽ അറസ്റ്റിൽ. വ്യവസായിയിൽനിന്ന് 16 കോടി തട്ടിയെടുത്ത കേസിൽ സെൻട്രൽ ക്രൈം ബ്രാഞ്ചാണ് അറസ്റ്റ് ചെയ്തത്.[www.malabarflash.com]

സുട്ട കഥൈ, നളനും നന്ദിനിയും, മുരുങ്ങക്കായ് ചിപ്സ്, കൊലൈ നോക്കു പാർവൈ, നട്ട്പുന എന്നാണ് തെരിയുമാ തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവാണ് രവീന്ദർ ചന്ദ്രശേഖരൻ. ലിബ്ര പ്രൊഡക്ഷൻസ് എന്ന ചലച്ചിത്ര നിർമാണ കമ്പനിയുടെ ബാനറിൽലായിരുന്നു ചിത്രങ്ങൾ നിർമിച്ചിരുന്നത്.

ചെന്നൈ സ്വദേശിയായ ബാലാജിയുടെ പരാതിയിലാണ് അറസ്റ്റ്. 2020ലായിരുന്നു പരാതിക്കിടയായ സംഭവം. മുനിസിപ്പൽ ഖരമാലിന്യം ഊർജമാക്കി മാറ്റുന്ന പവർ പ്രോജക്ടിന്റെ പേരിലാണ് ഇരുവരും ബന്ധപ്പെടുന്നത്. 2020 സെപ്റ്റംബറിൽ ഇരുകക്ഷികളും നിക്ഷേപ കരാറിൽ ഏർപ്പെടുകയും 15,83,20,000 രൂപ കൈമാറുകയും ചെയ്തു. തുക കൈപ്പറ്റിയ ശേഷം രവിന്ദർ ബിസിനസ് ആരംഭിക്കുകയോ പണം തിരികെ നൽകുകയോ ചെയ്തില്ലെന്നാണ് പരാതിയിൽ പറയുന്നത്.

ബാലാജിയിൽനിന്ന് നിക്ഷേപം നേടിയെടുക്കാൻ രവീന്ദർ വ്യാജരേഖ കാണിച്ചതായി പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഒളിവിൽ പോയ പ്രതിയെ ചെന്നൈയിൽനിന്ന് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയായിരുന്നു. പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

Post a Comment

Previous Post Next Post