Top News

ആവേശക്കൊടുമുടിയില്‍ കൊട്ടിക്കലാശം; പുതുപ്പള്ളിയില്‍ ഇനി നിശബ്ധ പ്രചാരണം

കോട്ടയം: പുതുപ്പള്ളിയില്‍ പരസ്യപ്രചാരണം അവസാനിച്ചു. ആവേശക്കൊടുമുടിയിലാണ് മൂന്ന് മുന്നണിയുടെയും പ്രവര്‍ത്തകര്‍ പ്രചാരണം അവസാനിപ്പിച്ചത്. റോഡ് ഷോകളും മുദ്രാവാക്യം വിളികളും ആര്‍പ്പുവിളികളുമായാണ് മൂന്ന് മുന്നണികളും പാമ്പാടിയില്‍ എത്തിയത്. മൂന്ന് മുന്നണികളും കൊട്ടിക്കലാശം വലിയ ശക്തിപ്രകടനമാക്കി മാറ്റി. പ്രധാനപാര്‍ട്ടികളുടെയെല്ലാം നേതാക്കന്മാരും ഞായറാഴ്ച  പുതുപ്പള്ളിയിലെത്തിയിരുന്നു.[www.malabarflash.com]


പരസ്യ പ്രചാരണത്തിന്റെ അവസാന ദിനമായ ഞായറാഴ്ച അവസാനവോട്ടും തങ്ങളുടെ പാളയത്തിലെത്തിക്കാനുള്ള പരിശ്രമത്തിലായിരുന്നു സ്ഥാനാര്‍ത്ഥികള്‍. ചൊവ്വാഴ്ചയാണ് വോട്ടെടുപ്പ്. എട്ടിന് വോട്ടെണ്ണല്‍.

പുതുപ്പള്ളി മണ്ഡലത്തില്‍ 48 മണിക്കൂര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ട് ആറ് മുതല്‍ സെപ്റ്റംബര്‍ അഞ്ചിന് വൈകിട്ട് ആറ് വരെയാണ് നിരോധനാജ്ഞ. ആളുകള്‍ ഒത്തുകൂടുന്നതും റാലികളും പ്രകടനങ്ങളും പൊതുസമ്മേളനങ്ങളും നടത്തുന്നതിനും വിലക്കുണ്ട്.

വോട്ടര്‍മാരല്ലാത്ത രാഷ്ട്രീയകക്ഷി പ്രവര്‍ത്തകര്‍ ഞായറാഴ്ച വൈകിട്ട് ആറിന് ശേഷം പുതുപ്പള്ളി മണ്ഡലത്തിന്റെ പരിധിയില്‍ നിന്ന് വിട്ടുപോകണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദേശമുണ്ട്. ഇതുറപ്പാക്കാന്‍ ജില്ലാ ഭരണകൂടത്തിനും ജില്ലാ പോലീസ് മേധാവിക്കും നിര്‍ദേശം നല്‍കി. ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി മൂന്ന്, നാല്, അഞ്ച്, എട്ട് തീയതികളില്‍ പുതുപ്പള്ളി മണ്ഡലത്തിന്റെ പരിധിയില്‍ മദ്യനിരോധനം(ഡ്രൈ ഡേ) ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഞായറാഴ്ച വൈകീട്ട് ആറ് മുതല്‍ ചൊവ്വാഴ്ച വൈകിട്ട് ആറ് വരെയും വോട്ടെണ്ണല്‍ ദിനമായ എട്ടാം തീയതി പുലര്‍ച്ചെ 12 മുതല്‍ അര്‍ധരാത്രി 12 വരെയുമാണ് ഡ്രൈ ഡേ പ്രഖ്യാപിച്ചിട്ടുള്ളത്.

പോളിങ് സ്‌റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാലിനും അഞ്ചിനും അവധി നല്‍കിയിട്ടുണ്ട്. വിതരണ/സ്വീകരണ/വോട്ടെണ്ണല്‍ കേന്ദ്രമായ കോട്ടയം ബസേലിയോസ് കോളേജിന് നാല് മുതല്‍ എട്ട് വരെ അവധിയായിരിക്കും. വോട്ടെടുപ്പ് നടക്കുന്ന അഞ്ചിന് പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ എല്ലാ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ പൊതുഅവധി പ്രഖ്യാപിച്ചു.

Post a Comment

Previous Post Next Post