NEWS UPDATE

6/recent/ticker-posts

എലിവേറ്റിനെ ഇന്ത്യയിൽ ഔദ്യോഗികമായി അവതരിപ്പിച്ച് ഹോണ്ട

വാഹനലോകം ഏറെനാളായി കാത്തിരുന്ന എലിവേറ്റ് മിഡ് സൈസ് എസ്‌യുവിയെ ജാപ്പനീസ് വാഹന ബ്രാൻഡായ ഹോണ്ട ഔദ്യോഗികമായി ഇന്ത്യയിൽ അവതരിപ്പിച്ചു. 10.99 ലക്ഷം രൂപ പ്രാരംഭ എക്സ് ഷോറൂം വിലയിൽ ആണ് ഹോണ്ട എലിവേറ്റ് എത്തുന്നത്. വാഹനത്തിന്റെ ഏറ്റവും ഉയർന്ന പതിപ്പിന്റെ എക്സ്-ഷോറൂം വില 16 ലക്ഷം രൂപയാണ്.[www.malabarflash.com]

ഹോണ്ടയുടെ ഏറ്റവും പുതിയ ഈ മോഡല്‍ സെഗ്‌മെന്റിലെ മുൻനിരയിലുള്ള ഹ്യുണ്ടായ് ക്രെറ്റയോടും ഒപ്പം ശക്തരായ മറ്റ് എതിരാളികളായ മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, കിയ സെൽറ്റോസ്, ഫോക്‌സ്‌വാഗൺ ടൈഗൺ, സ്‌കോഡ കുഷാക്ക് തുടങ്ങിവയോടും മത്സരിക്കുന്നു. ജൂലൈ മുതൽ എലിവേറ്റിനുള്ള ബുക്കിംഗ് ഹോണ്ട കാര്‍സ് ആരംഭിച്ചിരുന്നു. ഇന്ന് മുതൽ ഉപഭോക്താക്കൾക്കുള്ള ഡെലിവറിയും കമ്പനി ആരംഭിക്കും.

SV, V, VX, ZX എന്നിങ്ങനെ നാല് വ്യത്യസ്‍ത ട്രിമ്മുകളിലായി ഹോണ്ട എലിവേറ്റ് വൈവിധ്യമാർന്ന ലൈനപ്പ് വാഗ്‍ദാനം ചെയ്യുന്നു. ഈ ട്രിമ്മുകൾക്കെല്ലാം 1.5 ലിറ്റർ DOHC i-VTEC പെട്രോൾ എഞ്ചിനാണ് ഹൃദയം. ഹോണ്ട സിറ്റി ജനപ്രിയ സെഡാനിലെ അതേ യൂണിറ്റ് ആണിത്. ഈ എഞ്ചിന് പരമാവധി 119 bhp കരുത്തും 145.1 Nm ടോര്‍ക്കും സൃഷ്‍ടിക്കാൻ കഴിയും. ആറ് സ്പീഡ് മാനുവൽ ഗിയർബോക്സും അഡ്വാൻസ്ഡ് സിവിടി ഗിയർബോക്സുമായി എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നു. മാനുവൽ വേരിയന്റുകളിൽ എലിവേറ്റ് എസ്‌യുവിക്ക് ലിറ്ററിന് 15.31 കിലോമീറ്റർ മൈലേജ് ലഭിക്കുമ്പോൾ സിവിടി പതിപ്പുകൾ 16.92 കിലോമീറ്റർ മൈലേജ് നൽകുമെന്ന് ഹോണ്ട പറയുന്നു.

ഏഴ് സിംഗിൾ എക്സ്റ്റീരിയർ കളർ ഓപ്ഷനുകളിൽ എലിവേറ്റ് എസ്‌യുവി ലഭ്യമാണ്. പ്ലാറ്റിനം വൈറ്റ് പേൾ, ലൂണാർ സിൽവർ മെറ്റാലിക്, ഒബ്സിഡിയൻ ബ്ലൂ പേൾ, റേഡിയന്റ് റെഡ് മെറ്റാലിക്, ഗോൾഡൻ ബ്രൗൺ മെറ്റാലിക്, മെറ്റിറോയിഡ് ഗ്രേ മെറ്റാലിക്, ഫീനിക്സ് ഓറഞ്ച് പേൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ടോപ്പ് എൻഡ് വേരിയന്റുകളിൽ ക്രിസ്റ്റൽ ബ്ലാക്ക് പേൾ റൂഫുള്ള ഫീനിക്സ് ഓറഞ്ച് പേൾ, ക്രിസ്റ്റൽ ബ്ലാക്ക് പേൾ റൂഫുള്ള പ്ലാറ്റിനം വൈറ്റ് പേൾ, ക്രിസ്റ്റൽ ബ്ലാക്ക് പേൾ റൂഫുള്ള റേഡിയന്റ് റെഡ് മെറ്റാലിക് എന്നിങ്ങനെ മൂന്ന് ഡ്യുവൽ-ടോൺ ഓപ്ഷനുകളും ലഭ്യമാണ്.

ഡിസൈനിന്റെ കാര്യത്തിൽ, എലിവേറ്റ് എസ്‌യുവി ബോക്‌സി ഫ്രണ്ട് പ്രൊഫൈലിലാണ് വരുന്നത്. വലിയ കറുത്ത റേഡിയേറ്റർ ഗ്രിൽ, എൽഇഡി ഹെഡ്‌ലൈറ്റുകൾ, ഇന്റഗ്രേറ്റഡ് എൽഇഡി ഡിആർഎൽ, എൽഇഡി ടെയിൽലൈറ്റുകൾ, ബ്ലാക്ക് ഫോഗ് ലാമ്പ് ഹൗസിംഗ്, വലിയ വീൽ ആർച്ച് ഹൗസിംഗ് സ്പോർട്ടി 17 ഇഞ്ച് അലോയ് വീലുകൾ എന്നിവയും ഉണ്ട്. വശങ്ങളിലെ ക്യാരക്ടർ ലൈനുകൾ, കറുപ്പ് ക്ലാഡിംഗുകൾ എന്നിവ അതിന്റെ കാഴ്‍ചയിലെ ആകർഷണം വർദ്ധിപ്പിക്കുന്നു. ഈ എസ്‌യുവിക്ക് 220 എംഎം ഗ്രൗണ്ട് ക്ലിയറൻസ് ലഭിക്കുന്നു. സെഗ്‌മെന്റിലെ ഏറ്റവും ഉയർന്നതാണ് ഈ ഗ്രൌണ്ട് ക്ലിയറൻസ്.

എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ടെയിൽലൈറ്റുകൾ തുടങ്ങിയവയോടൊപ്പം 16 ഇഞ്ച് വീൽ കവറുകൾ, ഓട്ടോമാറ്റിക് എയർ കണ്ടീഷനിംഗ്, പുഷ്-ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ്, സുഖപ്രദമായ ഫാബ്രിക് അപ്‌ഹോൾസ്റ്ററി, PM2.5 എയർ ഫിൽട്ടറേഷൻ എന്നിവയുൾപ്പെടെ എലിവേറ്റിനെ സമ്പന്നമാക്കുന്നു. പാർക്കിംഗ് സെൻസറുകൾ,60:40 മടക്കാവുന്ന പിൻ സീറ്റുകൾ എന്നിവയും ലഭിക്കുന്നു. സ്റ്റാൻഡേർഡ് സേഫ്റ്റി കിറ്റിന്റെ ഭാഗമായി ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, വെഹിക്കിൾ സ്റ്റെബിലിറ്റി അസിസ്റ്റ്, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് എന്നിവയ്ക്കൊപ്പം യാത്രികരുടെ സുരക്ഷയ്ക്കും ഹോണ്ട മുൻഗണന നല്‍കുന്നു. വയർലെസ് ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയും ഉൾക്കൊള്ളുന്ന 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം പോലുള്ള ചില അധിക ഫീച്ചറുകളും ഉയര്‍ന്ന ട്രിമ്മുകളില്‍ ഉണ്ട്. നാല് സ്പീക്കർ സൗണ്ട് സിസ്റ്റം, കണക്റ്റഡ് കാർ സാങ്കേതികവിദ്യ, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, റിവേഴ്‌സിംഗ് ക്യാമറ തുടങ്ങിയവ യാത്രികരുടെ വിനോദവും സൗകര്യവും വർദ്ധിപ്പിക്കുന്നു.

ഉപഭോക്താക്കൾക്ക് മനസമാധാനം പ്രദാനം ചെയ്യുന്ന മൂന്ന് വർഷത്തെ അൺലിമിറ്റഡ് കിലോമീറ്റർ വാറന്റിയോടെയാണ് എലിവേറ്റ് വരുന്നതെന്ന് ഹോണ്ട പറയുന്നു. കൂടാതെ അഞ്ച് വർഷം വരെ വിപുലീകൃത വാറന്റി കവറേജ് വാങ്ങാനുള്ള ഓപ്ഷനും ഉണ്ട്. കൂടാതെ, എപ്പോൾ വേണമെങ്കിലും വാറന്റി എന്ന ഓപ്‌ഷനും ലഭ്യമാണ്. ഇതനുസരിച്ച് കാർ വാങ്ങിയ തീയതി മുതൽ 10 വർഷം വരെ കവറേജ് നീട്ടാൻ കഴിയും എന്നാണ് റിപ്പോര്‍ട്ടുകള്‍.

Post a Comment

0 Comments