Top News

അബ്ദുല്‍ ഖാദിര്‍ സഅദി ചുള്ളിക്കാനത്തിന് മികച്ച അധ്യാപകനുള്ള അവാർഡ്

കാസർകോട്: സമസ്ത കേരള സുന്നീ വിദ്യാഭ്യാസ ബോര്‍ഡ് സംസ്ഥാനത്തെ മികച്ച മുഅല്ലിംകൾക്ക് നൽകുന്ന അവാര്‍ഡിന് പുത്തിഗെ മുഹിമ്മാത്തിന് കീഴിലെ മുഹിമ്മാത്തുദ്ധീന്‍ മദ്‌റസ സ്വദ്ര്‍ മുഅല്ലിം അബ്ദുല്‍ ഖാദിര്‍ സഅദി ചുള്ളിക്കാനത്തെ തെരഞ്ഞെടുത്തു. കാരന്തൂര്‍ മര്‍കസില്‍ നടന്ന ചടങ്ങില്‍ സുല്‍ത്താനുല്‍ ഉലമ കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലിയാരില്‍ നിന്ന് ചുള്ളിക്കാനം സഅദി അവാര്‍ഡ് ഏറ്റു വാങ്ങി.[www.malabarflash.com]

കാസറകോട് റെയിൽവേ സ്റ്റേഷനിലെത്തിയ എ കെ സഅദിയെ മുഹിമ്മാത്ത് ട്രഷർ ഹാജി അമീറലി ചൂരി,സെക്രട്ടറി സയ്യിദ് ഹാമിദ് അൻവർ അഹ്ദൽ തങ്ങൾ, മൂസ സഖാഫി കളത്തൂർ, ഇബ്രാഹിം സഖാഫി അർളടുക്ക,നാഷണൽ അബ്ദുല്ല,അബ്ദുൽ റഹ്മാൻ സാരി കളത്തൂർ തുടങ്ങിയ നേതാക്കൾ സ്വീകരിച്ചു.

മുഹിമ്മാത്തിലെത്തിയ എ കെ സഅദിയെ മുഹിമ്മാത്ത് കമ്മിറ്റി ഭാരവാഹികളും ,അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് സ്വീകരിച്ചു. മുഹിമ്മാത്ത് വൈ പ്രസിഡന്റ് അബ്ദുൽ ഖാദിർ സഖാഫി മൊഗ്രാൽ,അബ്ബാസ് സഖാഫി കാവുംപുറം,ജമാൽ സഖാഫി പെർവാഡ് ,അബ്ദുൽ അസീസ് ഹിമമി ,ബഷീർ സഅദി ഉപ്പിന ,മുഹമ്മദ് മുസ്‌ലിയാർ തുപ്പക്കൽ ,ഉമർ ഹിമമി കോളിയൂർ തുങ്ങിയവർ സംബന്ധിച്ചു.

സംസ്ഥാനത്തെ നാല് മികച്ച മദ്‌റസകളും നാല് അധ്യാപകരുമാണ് ഈ വർഷം അവാര്‍ഡിന് അര്‍ഹത നേടിയത്. ജില്ലയിലെ കളത്തൂര്‍ മദീന മഖ്ദൂം മദ്‌റസത്തുല്‍ ബദ് രിയ്യ മികച്ച മദ്‌റസക്കുള്ള അവാര്‍ഡ് നേടി.

കഴിഞ്ഞ 20 വര്‍ഷത്തിലേറെയായി മുഹിമ്മാത്തുദ്ധീന്‍ മദ്‌റസയില്‍ സേവനം ചെയ്യുന്ന അബ്ദുല്‍ ഖാദര്‍ സഅദി മദ്‌റസ മീലാദ് പാരിപാടികള്‍ ഡിജിറ്റലായി ക്രമീകരിക്കുന്നതിനുളള സോഫ്റ്റ് വെയര്‍ പുറത്തിറക്കി ശ്രദ്ധേയനായിരുന്നു.
പൊതു പരീക്ഷയില്‍ അഖിലേന്ത്യ തലത്തില്‍ തന്റെ വിദ്യാര്‍ത്ഥികള്‍ക്ക് നേടിക്കൊടുത്ത മികച്ച വിജയങ്ങള്‍, കുട്ടികള്‍ക്കായുള്ള മദ്‌റസ ബ്ലോഗ്, വിദ്യാര്‍ത്ഥികളുടെ സ്‌കില്‍ ഡെവലെപ്പ് ചെയ്യുന്നതിനു വേണ്ടി മാസ്റ്റര്‍ ടാലന്റ്, ലുഗത്തുല്‍ ജന്ന, റെറ്റിംഗ് ഫോറം, സംഘാടനം തുടങ്ങി പത്തിലേറെ സംവിധാനങ്ങള്‍, ഐ ടി പരിശീലന ക്ലാസുകള്‍, റൈഞ്ച് മോഡല്‍ ക്ലാസ് മാതൃകയില്‍ മദ്‌റസയില്‍ നടത്തുന്ന മാതൃകാ ക്ലാസുകള്‍ തുടങ്ങി മദ്‌റസയില്‍ നടപ്പിലാക്കിയ വിവിധ പദ്ധതികളാണ് മുഅല്ലിം അവാര്‍ഡിന് അര്‍ഹനാക്കിയത്.

നബിദിന മല്‍സരങ്ങളുടെ സുഗമമായ പ്രവര്‍ത്തനത്തിന് സഹായകരമാകുന്ന സോഫ്റ്റ് വെയര്‍ നിര്‍മിച്ച് 13 വര്‍ഷങ്ങളായി നിരവധി മദ്‌റസകളില്‍ ഉപയോഗപ്പെടുത്തി വരുന്നു. മീലാദ് സോഫ്റ്റ് വെയര്‍ രംഗത്തെ മികവും അവാര്‍ഡ് നേടാന്‍ സഹായകമായി.

ബദിയഡുക്ക പഞ്ചായത്തിലെ പരേതരായ ചുള്ളിക്കാനം മുഹമ്മദ് – ബീഫാത്തിമ ദമ്പതികളുടെ മകനാണ് അബ്ദുല്‍ ഖാദര്‍ സഅദി. കേരള മുസ്ലിം ജമാഅത്ത് കന്യാന യൂണിറ്റ് സെക്രട്ടറിയും എസ് ജെ എം സറഗോഡ് ജില്ലാ ട്രൈനിംഗ് സെക്രട്ടറിയുമാണ്.

2002 ല്‍ ദേളി സഅദിയ്യയിൽ നിന്ന് സഅദി ബിരുദവും തളിപ്പറമ്പ് അല്‍ മഖറില്‍ നിന്ന് ബിരുദാനന്തര ബിരുദവും കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ഡിപ്ലോമയും നേടിയിട്ടുണ്ട്. നൂറുല്‍ ഉലമ എം.എ. ഉസ്താദ്, നിബ്രാസുല്‍ ഉലമ എ.കെ. ഉസ്താദ്, കന്‍സുല്‍ ഉലമ ചിത്താരി ഉസ്താദ്, കുമ്പോല്‍ പാപ്പം കോയ നഗറില്‍ മുദരിസായിരുന്ന അലി ഹസന്‍ ഫൈസി പാലാഴി, കാനക്കോട് അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ തുടങ്ങിയവര്‍ പ്രധാന ഉസ്താദുമാരാണ്.
മഹിമ്മാത്ത് ഓൺലൈൻ പോർട്ടലിൻ്റെ സംവിധാനത്തിലും സഅദിക്ക് പ്രധാന റോളുണ്ട്.

സംസ്ഥാന മുഅല്ലിം അവാര്‍ഡ് നേടിയ അബ്ദുല്‍ ഖാദര്‍ സഅദിയെ മുഹിമ്മാത്ത് ഭാരവാഹികള്‍ അഭിനന്ദിച്ചു.

Post a Comment

Previous Post Next Post