NEWS UPDATE

6/recent/ticker-posts

നാട്ടിൽ പോകാതെ 31 വർഷം റിയാദിൽ; തങ്ങളെ മറന്നുജീവിച്ചയാളെ വേണ്ടെന്ന്​​​ കുടുംബം; നിരാലംബനായ ബാലചന്ദ്രന്​​ അഭയമൊരുക്കാൻ കേളി പ്രവർത്തകർ

റിയാദ്: കൊല്ലം പുനലൂർ സ്വദേശി ബാലചന്ദ്രൻ പിള്ള​ ഉപജീവനം തേടി സൗദി അറേബ്യയിൽ വന്നിട്ട് 31 വർഷമായി. ഈ കാലത്തിനിടയിൽ നാട്ടിൽ പോയിട്ടില്ല. നിയമകുരുക്ക്​, രോഗം, പ്രായത്തി​ന്റെ അവശത. ഒരുപറ്റം മനുഷ്യസ്​നേഹികളുടെ തുണയിൽ ഒടുവിൽ നാടണയാനൊരുങ്ങുമ്പോൾ ചെന്നുചേരാനൊരു ചേക്കയില്ലെന്നറിവ്​ കൂടുതൽ തളർത്തുന്നു.[www.malabarflash.com]


ഇത്രയുംകാലം തങ്ങളെ മറന്നു ജീവിച്ചയാൾ ഇങ്ങോട്ട്​ വരേണ്ടെന്ന്​​ നാട്ടിലെ കുടുംബം. കേരള സർക്കാരിന്​ കീഴിൽ ഏതെങ്കിലും വൃദ്ധസദനത്തിൽ അഭയമൊരുക്കാനുള്ള ശ്രമത്തിലാണ്​ ഇയാളെ നാട്ടിലേക്ക്​ അയക്കാൻ രംഗത്തുള്ള റിയാദിലെ കേളി കലാസാംസ്​കാരിക വേദി പ്രവർത്തകർ.

ഇലക്ട്രിക്കൽ-പ്ലംബിങ് ജോലിക്കായി 1992 ൽ റിയാദിന്​ സമീപം അൽഖർജിലെത്തിയ ബാലചന്ദ്രൻ പിന്നീട് നാട്ടിൽ പോയിട്ടില്ല. ആദ്യ കുറച്ചു വർഷങ്ങളിൽ അൽഖർജിൽ ആയിരുന്നു ജോലി. അതിനുശേഷം റിയാദിലെത്തിയെങ്കിലും ആദ്യ മൂന്ന് വർഷം പിന്നിട്ടപ്പോൾ സ്പോൺസർ മരിച്ചതോടെ ആശ്രയമറ്റു. പാസ്പോർട്ട് സ്​പോൺസറുടെ കൈയ്യിലായിരുന്നു. അത്​ കിട്ടിയില്ല. അതിനിടയിൽ ഇഖാമയുടെ (റെസിഡൻറ്​ പെർമിറ്റ്​) കാലാവധിയും കഴിഞ്ഞു. പിന്നീട് പാസ്‌പോർട്ടിനോ ഇഖാമ​ക്കൊ വേണ്ടി ശ്രമിച്ചില്ല. തുടർന്നിങ്ങോട്ട്​​ 20 വർഷത്തോളം റിയാദിൽ പല ഭാഗങ്ങളിലായി ജോലി ചെയ്തു. നീണ്ടകാലം ഒരിടത്തു തന്നെ ജോലി ചെയ്യുന്ന പ്രകൃതമായിരുന്നില്ല. അതുകൊണ്ട്​ തന്നെ ഇയാളെ കുറിച്ച്​ സുഹൃത്തുക്കൾക്ക്​ പോലും കൂടുതൽ വിവരങ്ങൾ അറിയില്ലായിരുന്നു.

കോവിഡ് കാലത്താണ് നിയമകുരുക്കിൽ പെടുന്നത്. കോവിഡ് പിടിപെട്ടപ്പോൾ രേഖകളില്ലാത്തത് കാരണം ശരിയായ ചികിത്സ തേടാനായില്ല. സ്വയം ചികിത്സയും ഫാർമസികളിൽ നിന്നും മറ്റും മരുന്നുകൾ തരപ്പെടുത്തി കഴിച്ചും കോവിഡിനെ അതിജീവിച്ചു. എങ്കിലും ആരോഗ്യം വീണ്ടെടുക്കാനായില്ല. ഇതോടെ നാട്ടിൽ പോകുന്നതിനുള്ള ആലോചന തുടങ്ങി.

മലയാളി സംഘടനകളെയൊക്കെ സമീപിച്ചുനോക്കി. പക്ഷെ 30 വർഷം മുമ്പ് റിയാദിൽ എത്തിയതായി തെളിയിക്കുന്ന ഒരു രേഖയും ഹാജരാക്കാൻ സാധിക്കാത്തതിനാൽ ആർക്കും സഹായിക്കാൻ കഴിഞ്ഞില്ല. അതിനിടയിൽ അസുഖ ബാധിതനാവുക കൂടി ചെയ്​​തതോടെ കൂടുതൽ ശ്രമങ്ങൾ നടത്താനുമായില്ല. ഇൻഷൂറൻസ് ഇല്ലാത്തതിനാൽ രോഗിയായിട്ടും ശരിയായ ചികിത്സ തേടാനും കഴിഞ്ഞില്ല.

എന്ത്​ ചെയ്യണമെന്നറിയാതെ കഴിയു​േമ്പാൾ സുഹൃത്തുക്കളാണ്​ ദയനീയ സ്ഥിതി കേളി കലാ സാംസ്കാരിക വേദി പ്രവർത്തകരെ അറിയിക്കുന്നത്. അവർ ഉടൻ റിയാദിലെ ഹയാത്ത് നാഷനൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഇന്ത്യൻ എംബസിയിൽ വിവരം ധരിപ്പിക്കുകയും ചെയ്തു. എംബസിയുടെ ഇടപെടലിൽ പൂർണമായ ചികിത്സ ഉറപ്പുവരുത്തുകയും കൂടുതൽ ഉയർന്ന ചികിത്സക്കയി ശുമൈസിയിലെ കിങ് സഊദ് മെഡിക്കൽ സിറ്റിയിലേക്ക് മാറ്റുകയും ചെയ്തു.

കേളി ജീവകാരുണ്യ വിഭാഗം ഇദ്ദേഹത്തിന്റെ രേഖകൾ ശരിയാക്കുന്നതിനായി ലേബർ കോടതി, തർഹീൽ (നാടുകടത്തൽ കേന്ദ്രം) എന്നിവിടങ്ങളിൽ അപേക്ഷ നൽകി. സൗദിയിലെത്തിയതിന്റെ ഒരു തെളിവും ഹാജരാക്കുന്നതിന് സാധിക്കാത്തതിനാൽ രണ്ടുതവണ ലേബർ കോടതി അപേക്ഷ തള്ളി. തുടർന്ന് തർഹീൽ വഴി വിരലടയാളം എടുക്കാനുള്ള ശ്രമം നടത്തി. മൂന്നാം തവണ നടത്തിയ ശ്രമത്തിലാണ് വിരലടയാളം എടുക്കാൻ കഴിഞ്ഞത്. ആരോഗ്യ സ്ഥിതി വീണ്ടെടുക്കുകയും എംബസിയുടെ നടപടിക്രമങ്ങൾ പൂർത്തിയാകുകയും ചെയ്യുന്ന മുറക്ക് ബാലചന്ദ്രന് നാടണയാൻ സാധിക്കും.

31 വർഷം മുമ്പ് നാട് വിടു​േമ്പാൾ ഭാര്യയും ഒരു പെൺകുട്ടിയുമടങ്ങുന്ന കുടുംബമുണ്ടായിരുന്നു. എന്നാൽ സൗദിയിൽ വന്നശേഷം അവരെ വേണ്ട വിധം ബാലചന്ദ്രൻ സംരക്ഷിച്ചില്ല എന്ന പരാതി കുടുംബത്തിനുണ്ട്​. അതുകൊണ്ട്​ തന്നെ അയാളെ സ്വീകരിക്കാൻ തയ്യാറല്ല എന്ന നിലപാടിലാണ്​ അവർ. ഇതോടെ കേരള സർക്കാരിന് കീഴിലെ ഏതെങ്കിലും വൃദ്ധ സദനത്തിൽ എത്തിക്കാനാണ് കേളി പ്രവർത്തകർ ആലോചിക്കുന്നത്. അതിനായി കേരള പ്രവാസി സംഘം കൊല്ലം ജില്ലാ ഘടകവുമായി ചേർന്ന് വേണ്ട പ്രവർത്തനങ്ങൾ നടത്തി വരുന്നു.

Post a Comment

0 Comments