Top News

മൊറോക്കോ ഭൂചലനം: മരണം 1,000 കടന്നു; സഹായ വാഗ്ദാനവുമായി ലോകരാഷ്ട്രങ്ങള്‍

വാഷിങ്ടണ്‍: മൊറോക്കോയിലെ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം ആയിരംകടന്നു. മൊറോക്കന്‍ ആഭ്യന്തരമന്ത്രാലയം ഇക്കാര്യം അറിയിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റവരുടെ എണ്ണം 1200 ആയി. പരിക്കേറ്റ് ചികിത്സക്കായി എത്തുന്നവരുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ കൂടുതല്‍ പേര്‍ രക്തദാനത്തിന് തയ്യാറാകണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു.[www.malabarflash.com] 

ആശുപത്രികളിലെ ബ്ലഡ് ബാങ്കുകളില്‍ സംഭരിച്ചിട്ടുള്ള ബാഗുകളുടെ എണ്ണം കുറയുന്ന സാഹചര്യത്തിലാണിത്. ആരോഗ്യവിദഗ്ധരും ആശുപത്രികളിലെ വിവിധ വകുപ്പുകളും സജ്ജമാണെന്ന് മെഡിക്കല്‍ സംഘം അറിയിച്ചു.

വെള്ളിയാഴ്ച രാത്രി 11.11 ഓടെയുണ്ടായ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രതയാണ് രേഖപ്പെടുത്തിയത്. തുടര്‍ചലനങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും പ്രധാനചലനത്തേക്കാള്‍ തീവ്രത കുറവായിരുന്നുവെന്നും പ്രകമ്പനങ്ങളുടെ തീവ്രത കുറഞ്ഞ് അവസാനിക്കാനാണ് സാധ്യതയെന്നും മൊറോക്കോയുടെ ഭൂകമ്പനിരീക്ഷണകേന്ദ്രത്തിന്റെ മേധാവി ലാഹ്‌സെന്‍ മാന്നി പറഞ്ഞു. അതേസമയം സുനാമി സാധ്യത നിലനില്‍ക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഭൂകമ്പത്തിന് പിന്നാലെ പലയിടങ്ങളിലും വൈദ്യുതിബന്ധം നിലച്ചു. മൊറോക്കന്‍ നഗരമായ മാറാകേഷിലാണ് ഭൂകമ്പം ഏറ്റവുമധികം ബാധിക്കപ്പെട്ടത്. നിരവധി കെട്ടിടങ്ങള്‍ ഇവിടെ തകര്‍ന്നു. പൗരാണികപ്രൗഢിയുള്ള കെട്ടിടങ്ങള്‍ പലതും പൂര്‍ണമായോ ഭാഗികമായോ തകര്‍ന്നു. എങ്ങും ഭൂകമ്പം ബാധിക്കപ്പെട്ടവരുടെ കാഴ്ചകള്‍ മാത്രമാണ് നഗരത്തില്‍. വീടിനുള്ളില്‍ കിടന്നാല്‍ തകര്‍ന്നുവീഴുമെന്ന ഭയമുള്ളതിനാല്‍ പലരും തെരുവുകളിലാണ് കിടന്നുറങ്ങുന്നത്.

വിവിധ രാഷ്ട്രത്തലവന്‍മാര്‍ മൊറോക്കോയുടെ ദുരന്തത്തില്‍ ദുഃഖം രേഖപ്പെടുത്തി. രാഷ്ട്രങ്ങള്‍ സഹായം വാഗ്ദാനം ചെയ്തു. ഭൂകമ്പത്തിരയായവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി സാമൂഹികമാധ്യമത്തിലൂടെ അറിയിച്ചു.

യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, സ്പാനിഷ് പ്രധാനമന്ത്രി പെദ്രോ സാഞ്ചെസ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍, തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാന്‍ യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കി, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, ഫ്രാന്‍സിസ് മാര്‍പാപ എന്നിവരും അഗാധദുഃഖം അറിയിച്ചു.

ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് സ്‌കോള്‍സ് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ അനുശോചനം രേഖപ്പെടുത്തി. മൊറോക്കോയ്ക്ക് സഹായവുമായി ഇസ്രയേലില്‍ നിന്ന് വലിയൊരു സംഘത്തെ അയക്കുമെന്നാണ് റിപ്പോര്‍ട്ട്. യുകെയും സഹായദൗത്യത്തിന് സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post