Top News

താനൂർ കസ്റ്റഡി മരണം; പോലീസുകാർക്കെതിരെ കൊലക്കുറ്റം ചുമത്തി ക്രൈം ബ്രാഞ്ചിന്റെ പ്രതിപ്പട്ടിക

മലപ്പുറം: താനൂരിൽ താമിർ ജിഫ്രി എന്ന യുവാവ് കസ്റ്റഡിയിൽ മരണപ്പെട്ട കേസിൽ പോലീസുകാരെ പ്രതി ചേർത്ത് ക്രൈം ബ്രാഞ്ച്. നാല് ഡാൻസാഫ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റം ചുമത്തിയ ആദ്യ പ്രതിപ്പട്ടിക പരപ്പനങ്ങാടി ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിലാണ് സമർപ്പിച്ചത്.[www.malabarflash.com]


കേസിൽ ആഗസ്റ്റ് രണ്ടിന് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതികളെ കണ്ടെത്തുകയോ പോലീസുകാരെ പ്രതിചേർക്കുകയോ ചെയ്തിരുന്നില്ല. ഇതുവരെ സി.ബി.ഐ അന്വേഷണം തുടങ്ങിയിട്ടില്ല.

കേസിലെ ഒന്നാം പ്രതി താനൂർ പോലീസ് സ്റ്റേഷനിലെ സീനിയർ സിപിഒ ജിനേഷ്, രണ്ടാം പ്രതി പരപ്പനങ്ങാടി സ്റ്റേഷനിലെ സിപിഒ ആൽബിൻ അഗസ്റ്റിൻ, മൂന്നാം പ്രതി കൽപ്പകഞ്ചേരി സ്റ്റേഷനിലെ സിപിഒ അഭിമന്യു, നാലാം പ്രതി തിരൂരങ്ങാടി സ്റ്റേഷനിലെ സിപിഒ വിപിൻ എന്നിവർക്കെതിരെയാണ് കൊലക്കുറ്റം ചുമത്തിയത്. വരും ദിവസങ്ങളിൽ കൂടുതൽ പേർ പ്രതി ചേർക്കപ്പെടുമെന്നാണ് സൂചന.

കോഴിക്കോട് തേഞ്ഞിപ്പലം പോലീസ് സ്റ്റേഷൻ പരിധിയിലെ ചേളാരിയിൽ നിന്ന് കഴിഞ്ഞ ജൂലായ് 31ന് രാത്രിയിലാണ് താമിർ ഉൾപ്പെടെയുള്ളവരെ പൊലീസ് പിടികൂടിയത്. ലഹരിമരുന്ന് കൈവശമുണ്ടെന്ന് സംശയിച്ച് പിടികൂടിയ താമിറിനെ പോലീസ് ക്രൂരമായി മർദ്ദിച്ചെന്നും ആഗസ്റ്റ് ഒന്നിന് രാവിലെ കസ്റ്റഡിയിൽ മരിച്ചെന്നും താമിറിന്റെ സഹോദരൻ ഹാരിസ് ജിഫ്രി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പോലീസിനെ പ്രതിക്കൂട്ടിലാക്കുന്നതാണെന്നും ഹർജിയിൽ പറയുന്നു. ഹർജി പരിഗണിച്ച കോടതി കേസ് ഡയറി ഹാജരാക്കാനും അന്വേഷണ പുരോഗതി അറിയിക്കാനും ഉത്തരവിട്ടിരുന്നു.

Post a Comment

Previous Post Next Post