Top News

ക്യാൻസർ രോഗിയായ സ്ത്രീയില്‍ നിന്ന് കൈക്കൂലി; പഞ്ചായത്ത് സെക്രട്ടറി പിടിയിൽ

തിരുവനന്തപുരം: ക്യാൻസർ രോഗിയായ സ്ത്രീ, നൽകിയ അപേക്ഷയിൽ പതിനായിരം രൂപ കൈക്കൂലി വാങ്ങിയ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പിടിയിൽ. ലൈഫ് പദ്ധതിപ്രകാരം അനുവദിച്ച വീടിന്റെ നിര്‍മ്മാണത്തിനുവേണ്ടി വസ്തുവിലെ മണ്ണ് നീക്കം ചെയ്യാൻ അനുമതിക്കായി നൽകിയ അപേക്ഷയിലാണ് കൈക്കൂലി വാങ്ങിയത്. പണവും വാങ്ങി കാറിൽ മടങ്ങവെ വെള്ളനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി ജി ഗോപകുമാറിനെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തു.​[www.malabarflash.com]


കാന്‍സര്‍ രോഗിയായ വെള്ളനാട് മുണ്ടേലയിലെ സ്ത്രീയ്ക്ക് ലൈഫ് പദ്ധതിപ്രകാരം അനുവദിച്ച വീടിന്റെ നിര്‍മ്മാണത്തിനുവേണ്ടി വസ്തുവിലെ മണ്ണ് നീക്കം ചെയ്യാനായിരുന്നു അപേക്ഷ നൽകിയത്. വസ്തു വന്ന് പരിശോധിക്കാൻ 10,000 രൂപ പഞ്ചായത്ത് സെക്രട്ടറി കൈക്കൂലി ചോദിച്ചു. പണം നൽകാൻ തയ്യാറാകാത്തതിനാൽ അപേക്ഷകയെ പല തവണ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഗോപകുമാർ നടത്തിച്ചു. 

സഹികെട്ട് അപേക്ഷക ഈ വിവരം വിജിലൻസിനെ അറിയിച്ചു. വിജിലന്‍സ് സംഘം പരാതി നൽകിയവരുടെ കൈവശം പതിനായിരം കൊടുത്തുവിട്ട് കെണിയൊരുക്കി. ചൊവാഴ്ച വൈകിട്ട് 5 മണിയോടെ മുണ്ടേലയ്ക്കടുത്തായി സെക്രട്ടറിയുടെ കാറിനുള്ളില്‍ വച്ച് തുക കൈമാറി. പണവുമായി മടങ്ങുന്ന ഗോപകുമാറിനെ പിൻതുടർന്ന വിജിലൻസ് സംഘം കാട്ടാക്കട ജംഗ്ഷനിൽ വച്ച് ഇയാളെ പിടികൂടി.

പരിശോധനയില്‍ വിജിലന്‍സ് കൈമാറിയ അഞ്ഞൂറിന്‍റെ നോട്ടുകളൾക്കൊപ്പം മറ്റൊരു പതിനായിരം രൂപയും കണ്ടെത്തി. ഇയാളുടെ വീട്ടിൽ വിജിലൻസ് സംഘം വിശദമായ പരിശോധന നടത്തി. മലയിന്‍കീഴ് മച്ചേല്‍ സ്വദേശിയായ വിജി ഗോപകുമാറിനെതിരെ മുമ്പും കൈക്കൂലി ആരോപണം ഉയർന്നിരുന്നു.

Post a Comment

Previous Post Next Post