Top News

ബൈക്കപകടത്തിൽ അമ്മ മരിച്ചു; വിവരമറിഞ്ഞ് നാട്ടിലേക്ക് പുറപ്പെട്ട മകനും വാഹനാപകടത്തിൽ മരിച്ചു

ഭോപ്പാല്‍: ബൈക്കപകടത്തില്‍ അമ്മ മരിച്ച വിവരമറിഞ്ഞ് വീട്ടിലേക്ക് തിരിച്ച മകനും വാഹനാപകടത്തില്‍ മരിച്ചു. മധ്യപ്രദേശിലാണ് സംഭവം. മധ്യപ്രദേശ് രേവ ജില്ലക്കാരായ റാണി ദേവി(55) മകന്‍ സൂരജ് സിങ്(22) എന്നിവരാണ് മരിച്ചത്. ഇരുവരുടേയും മൃതദേഹങ്ങള്‍ ഒന്നിച്ചു സംസ്‌കരിച്ചു.[www.malabarflash.com]

മൂന്ന് ആണ്‍ മക്കളും മൂന്ന് പെണ്‍ മക്കളുമാണ് റാണി ദേവിയ്ക്ക്. റാണി ദേവിയുടെ ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചിരുന്നു. മൂത്ത മകനായ പ്രകാശിനും ഇളയമകന്‍ സണ്ണിയ്ക്കുമൊപ്പമായിരുന്നു റാണി ദേവിയുടെ താമസം. രണ്ടാമത്തെ മകനായ സൂരജ് ഇന്ദോറിലായിരുന്നു. 

ഇളയമകനൊപ്പം ബൈക്കില്‍ ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെയാണ് ഇരുവരും സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുന്നത്. സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ നിന്ന് മറ്റൊരാശുപത്രിയിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ റാണി ദേവി മരണപ്പെടുകയായിരുന്നു. മകൻ സണ്ണി പരിക്കുകളോടെ രക്ഷപ്പെട്ടു.

റാണി ദേവി മരിച്ച വിവരമറിഞ്ഞ് ഇന്ദോറില്‍ നിന്നും സുഹൃത്തിനൊപ്പം പുറപ്പെട്ടതാണ് സൂരജ്. യാത്രാമധ്യേ ടയര്‍ പൊട്ടി കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് വഴിയില്‍ പാര്‍ക്ക് ചെയ്ത ട്രക്കില്‍ ഇടിച്ചു. സൂരജ് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. സുഹൃത്തും ഡ്രൈവറും ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. അമ്മയുടെയും മകന്റെയും മരണത്തിന്റെ നടുക്കത്തിലാണ് ഗ്രാമം.

Post a Comment

Previous Post Next Post