NEWS UPDATE

6/recent/ticker-posts

മാനന്തവാടി അപകടം: കണ്ണീർപ്പുഴ; രക്ഷാപ്രവർത്തനത്തിനിടെ കരളലിയിക്കുന്ന രംഗങ്ങൾ

വയനാട്: എന്റെ കൈയിൽ പിടിക്കരുതേ.. ജീവൻ പോകുന്ന വേദനയാണ്... കണ്ണോത്തുമലയിൽ കൊക്കയിലെ അരുവിയിലേക്കു പതിച്ച ജീപ്പിൽ നിന്ന് രക്ഷാപ്രവർത്തനം നടത്തവേ പരുക്കറ്റവരിലൊരാൾ വിളിച്ചു പറ‍ഞ്ഞു. ആർക്കും കണ്ടുനിൽക്കാനാകുന്ന കാഴ്ചയായിരുന്നില്ല അത്. കല്ലിലിടിച്ചു തല പിളർന്നും മുഖമാകെ ചോരയിൽ കുളിച്ചും പരുക്കേറ്റവർ കിടന്നു. ഇനിയുള്ള ദിവസങ്ങളിൽ എങ്ങനെ ഉറങ്ങുമെന്നറിയില്ല. അപകടത്തിൽപെട്ടവരുടെ നിലവിളിയും ഞരക്കവും മൂളലും പരുക്കേറ്റ മുഖങ്ങളും ആ കരളലിയിക്കുന്ന രംഗവും മനസ്സിൽനിന്നു മായില്ല- രക്ഷാപ്രവർത്തകർ പറ‍ഞ്ഞു.[www.malabarflash.com]


പരുക്കേറ്റവരെ 25 മീറ്റർ താഴെ നിന്ന് മുകളിലെത്തിക്കാനും തുടർന്ന് ആശുപത്രിയിലേക്കു മാറ്റാനും പോലീസും അഗ്നിരക്ഷാ സേനാംഗങ്ങളും നാട്ടുകാരും ഏറെ പണിപ്പെട്ടു. അതിനിടെ, മറിഞ്ഞു കിടന്ന ജീപ്പ് തനിയെ സ്റ്റാർട്ട് ആയതും പരിഭ്രാന്തി പരത്തി. ജീപ്പിൽ നിന്നു താക്കോൽ തെറിച്ചു പോയിരുന്നില്ല. രക്ഷാപ്രവർത്തകർ ജീപ്പിൽ നിന്നു പരുക്കേറ്റവരെ പുറത്തേക്കെടുക്കുന്നതിനിടയിൽ താക്കോൽ തനിയെ തിരിഞ്ഞതാവാം സ്റ്റാർട്ട് ആയതിനു കാരണമെന്നു നാട്ടുകാർ പറഞ്ഞു. പിന്നീട് ഏറെ പണിപെട്ടാണ് ജീപ്പിന്റെ എൻജിൻ ഓഫാക്കിയത്. 

എത്ര പേർ ജീപ്പിൽ ഉണ്ടെന്നതിൽ കൃത്യമായ വിവരമില്ലാത്തതിനാൽ ഇരുട്ടു പരന്നിട്ടും തിരച്ചിൽ തുടർന്നു. പിന്നീടാണ് 14 പേരാണ് അപകടത്തിൽപെട്ടതെന്ന വിവരം ലഭിക്കുന്നത്. അതോടെ, രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു. എങ്കിലും അപകടവാർത്തയറിഞ്ഞ് നാടൊന്നാകെ കണ്ണോത്തുമലയിലേക്ക് ഒഴുകിയെത്തി.

ജീപ്പിൽ തേയിലത്തോട്ടം തൊഴിലാളികളെ കുത്തിനിറച്ചു കൊണ്ടുപോകുന്നത് അപകടസാധ്യതയുണ്ടാക്കുമെന്ന മുന്നറിയിപ്പ് നേരത്തെയുള്ളതാണെങ്കിലും പലപ്പോഴും പാലിക്കപ്പെടുന്നില്ലെന്നതാണ് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചത്. 

റോഡിന്റെ അപകടാവസ്ഥയും മുന്നറിയിപ്പ് സംവിധാനങ്ങളുടെ അപര്യാപ്തതയും വാഹനമോടിക്കുന്നതിൽ ഉണ്ടായേക്കാവുന്ന അശ്രദ്ധയും അപകടത്തിനു പ്രധാന കാരണങ്ങളാണെങ്കിലും തൊഴിലാളികളെ കുത്തിനിറച്ചു കൊണ്ടുപോയെന്നതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ആർക്കും കൈകഴുകാനാകില്ലെന്നു നാട്ടുകാർ ആരോപിക്കുന്നു.

വയനാട്ടിലെ മിക്ക തോട്ടങ്ങളിൽ നിന്നും ജീപ്പിലാണ് തൊഴിലാളികളെ കൊണ്ടുപോകുന്നത്. സീറ്റിൽ ഉൾക്കൊള്ളാനാകുന്നതിലുമധികം പേരെ കുത്തി നിറയ്ക്കുന്നുവെന്നതു മാത്രമല്ല, ചിലർ ചവിട്ടുപടിയിൽ തൂങ്ങിപ്പോകുന്നതും സ്ഥിരം കാഴ്ച. പരമാവധി 11 പേർക്കാണ് ജീപ്പിൽ താരതമ്യേന സുരക്ഷിതമായി യാത്ര ചെയ്യാനാകുക. സീറ്റ് ബെൽറ്റ് ഉൾപ്പെടെയുള്ള സുരക്ഷാസംവിധാനമൊന്നുമില്ലാത്ത വാഹനമാണെന്നതും അപകടസാധ്യത വർധിപ്പിക്കുന്നു.

പ്രദേശത്തെ തെ‍ാഴിലാളികളെ സ്ഥിരമായി ജോലി സ്ഥലത്തും തിരിച്ച് താമസസ്ഥലത്തേക്കും എത്തിച്ചിരുന്ന ജീപ്പാണ് ഇന്നലെ അപകടത്തിൽപെട്ടത്. റോഡിൽ നിന്ന് നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് തെറിച്ച് വീണപ്പോൾ, ആദ്യം നിലംപതിച്ചത് ജീപ്പിന്റെ പിറകുവശമാണ്.

കൂടുതൽ പേർ ഇരുന്ന് യാത്ര ചെയ്തത് ജീപ്പിന്റെ പുറകിലായിരുന്നു. മരിച്ചവരിലധികവും ജീപ്പിന്റെ പിൻവശത്തെ സീറ്റുകളിൽ ഇരുന്നവരും. 

വാളാട്ടിലെയും തൊണ്ടർനാട്, തവിഞ്ഞാൽ പഞ്ചായത്തുകളിലെയും വിവിധ തോട്ടങ്ങളിലാണ് ജോലി. സ്വകാര്യ വ്യക്തി പാട്ടത്തിനെടുത്ത തോട്ടത്തിലായിരിക്കും മിക്കപ്പോഴും ജോലി. അപകടം നടന്ന സ്ഥലത്തേക്ക് കൂടുതൽ ആളുകളെത്തിയതോടെ പെ‍ാലീസ് പ്രദേശം കെട്ടിത്തിരിച്ചു.

കൂടുതലാളുകളും വാഹനങ്ങളും ഒഴുകിയെത്തിയതോടെ വാഹനം വീണ ഭാഗത്തേക്ക് ആളുകളെ കടത്തി വിടാതെ പോലീസ് തടഞ്ഞു. ജില്ലാ പോലീസ് മേധാവി അടക്കമുള്ളവർ രാത്രിയും വരെ സ്ഥലത്ത് സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി എത്തിയിരുന്നു. അപകടസ്ഥലത്തിന്റെ വിവരങ്ങൾ ശേഖരിക്കുന്നതും പ്രാഥമിക പഠനത്തിനുമായി മോട്ടോർ വാഹന വകുപ്പ് അധികൃതരും സ്ഥലത്തെത്തിയിരുന്നു.

അപകടത്തിൽ പെട്ടവരുമായി വാഹനങ്ങൾ മെഡിക്കൽ കോളജിലേക്ക് കുതിച്ചെതിയതിന് പിന്നാലെ വിവരമറിഞ്ഞ് വൻ ജനമാണ് ആശുപത്രിക്കു മുൻപിൽ തടിച്ചുകൂടിയത്. സമീപകാലത്തൊന്നും ഉണ്ടാകാത്ത തരത്തിലുള്ള വൻ അപകടം കൈകാര്യം ചെയ്യാൻ മെഡിക്കൽ കോളജ് ആശുപത്രിയിലെ സംവിധാനങ്ങൾ ആകെ സജീവമായി. ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ ഡോക്ടർമാരും നഴ്സുമാരും തിരിച്ചെത്തി രക്ഷാ ദൗത്യത്തിൽ പങ്കാളികളായി. 

സബ് കലക്ടർ ആർ. ശ്രീലക്ഷ്മിയുടെയും ഡിവൈഎസ്പി പി.എൽ. ഷൈജുവിന്റെയും തഹസിൽദാർമാരുടെയും നേതൃത്വത്തിലുള്ള ടീം ജനത്തിരക്ക് നിയന്ത്രിച്ച് പരുക്കേറ്റവർക്ക് മികച്ച ചികിത്സ നൽകുന്നതിന് വേണ്ട സാഹചര്യം ഒരുക്കി.

ഒ.ആർ. കേളു എംഎൽഎയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും പൊതുപ്രവർത്തകരും ആശുപത്രിയിലെത്തിയിരുന്നു. അത്യാഹിത വിഭാഗത്തിന് മുന്നിൽ നിന്നിരുന്ന ജനക്കൂട്ടം പ്രധാന കവാടവും കടന്ന് വ്യാപിച്ചതോടെ കൂടുതൽ പോലീസ് സ്ഥലത്തെത്തി. ഉറ്റവരെ നഷ്ടമായവരുടെ നിലവിളി കണ്ടുനിന്നവരുടെ കണ്ണുകളെ ഈറനണിയിച്ചു. 

അപ്രതീക്ഷിതമായി ഉണ്ടായ വൻ ദുരന്തത്തെ പരിമിതികൾക്കിടയിലും സമചിത്തതയോടെ സമീപിക്കാൻ ആശുപത്രി അധികൃതർക്കായി. നിയന്ത്രണം വിട്ട ജീപ്പ് കൊക്കയിലേക്കു പതിച്ചപ്പോൾ ഒന്നും ചെയ്യാനായില്ലെന്ന് ഡ്രൈവർ പറഞ്ഞതായി ജനപ്രതിനിധികൾ പറഞ്ഞു. ദുരന്തത്തിൽ അനുശോചിച്ച് മാനന്തവാടി താലൂക്കിലെ ഓണാഘോഷ പരിപാടികളും തവിഞ്ഞാൽ പഞ്ചായത്തിലെ എല്ലാ പൊതുപരിപാടികളും മാറ്റിവച്ചു.

കടപ്പാട്: മനോരമ 

Post a Comment

0 Comments