NEWS UPDATE

6/recent/ticker-posts

ആണ്‍സുഹൃത്തിനെ മര്‍ദിച്ച് കൊള്ളയടിച്ചു, മുളകുപൊടി വിതറി നഗ്നനാക്കി റോഡില്‍ തള്ളി

മുംബൈ: കൊള്ളയടിച്ചശേഷം ആണ്‍സുഹൃത്തിനെ മര്‍ദിച്ച് അവശനാക്കി റോഡില്‍ ഉപേക്ഷിച്ചെന്ന പരാതിയില്‍ യുവതിക്കെതിരേ പോലീസ് കേസെടുത്തു. മഹാരാഷ്ട്രയിലെ ഷഹാപുര്‍ സ്വദേശിയായ ഭാവിക(30)യ്‌ക്കെതിരേയാണ് പോലീസ് കേസെടുത്തത്. ഇവരുടെ കൂട്ടാളികളായ നാലുയുവാക്കളും കേസില്‍ പ്രതികളാണ്.[www.malabarflash.com]


സുഹൃത്തായ ഭാവികയും മറ്റുനാലുപേരും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ച് പണവും ആഭരണങ്ങളും തട്ടിയെടുത്ത് ആരോപിച്ച് ഷഹാപുര്‍ സ്വദേശിയായ യുവാവ് കഴിഞ്ഞദിവസമാണ് പരാതി നല്‍കിയത്. ഹാഠ്ഗാവ് ഹൈവേയിലേക്ക് വിളിച്ചുവരുത്തിയ യുവതി, പിന്നീട് മറ്റുനാലുപേര്‍ക്കൊപ്പം ചേര്‍ന്ന് തന്നെ മര്‍ദിച്ചെന്നാണ് പരാതിക്കാരന്റെ ആരോപണം. ജൂണ്‍ 28-ാം തീയതിയായിരുന്നു സംഭവം.

ഭാവികയും പരാതിക്കാരനായ ആണ്‍സുഹൃത്തും കഴിഞ്ഞ അഞ്ചുവര്‍ഷമായി അടുപ്പത്തിലാണ്. ജൂണ്‍ 28-ന് വൈകിട്ട് നാലരയോടെ ഭാവിക ആണ്‍സുഹൃത്തിനെ ഹൈവേയിലേക്ക് വിളിച്ചുവരുത്തി. ഇരുവരും യുവാവിന്റെ കാറിലിരുന്ന് സംസാരിക്കുന്നതിനിടെ ഭാവികയുടെ കൂട്ടാളികളായ നാലുയുവാക്കള്‍ കാറിനടുത്തെത്തി. ഇവര്‍ പിന്നീട് കാറിനുള്ളില്‍ അതിക്രമിച്ചുകയറുകയും യുവാവിനെ മര്‍ദിക്കുകയുമായിരുന്നു.

വെട്ടുകത്തി ഉപയോഗിച്ചാണ് പ്രതികള്‍ ആദ്യം യുവാവിനെ ആക്രമിച്ചത്. തുടര്‍ന്ന് അക്രമിസംഘത്തിലൊരാള്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് മറ്റൊരിടത്തേക്ക് കൊണ്ടുപോയി. ഇവിടെവെച്ച് പിറ്റേദിവസം രാവിലെ വരെ മര്‍ദനം തുടര്‍ന്നു. ഇതിനിടെ യുവാവിനെ വിവസ്ത്രനാക്കി വീഡിയോ ചിത്രീകരിക്കുകയും പണവും രണ്ട് സ്വര്‍ണമാലകളും കൈക്കലാക്കുകയും ചെയ്തു. ഏഴ് മോതിരങ്ങളും കവര്‍ന്നു. പിന്നാലെ കണ്ണില്‍ മുളകുപൊടി വിതറി നഗ്നനായനിലയില്‍ യുവാവിനെ റോഡില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞെന്നാണ് പരാതിയില്‍ പറയുന്നത്.

ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന യുവാവ് ഞെട്ടലോടെയാണ് സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ''അവള്‍ക്കുവേണ്ടി ഞാന്‍ എല്ലാം ചെയ്തു. അവളുടെ ആഗ്രഹം അനുസരിച്ച് ഒരു ചെറിയ വീട് പണിതു, അവള്‍ക്ക് വേണ്ടി എല്ലാം വാങ്ങിനല്‍കി. അവള്‍ പറയുന്നതെല്ലാം ചെയ്തുകൊടുത്തു. പക്ഷേ, മറ്റൊരാള്‍ക്ക് വേണ്ടി അവള്‍ എന്നെ വഞ്ചിക്കുകയായിരുന്നു. ക്രൂരമായി മര്‍ദിക്കുകയും ചെയ്തു'', യുവാവ് പറഞ്ഞു.

സംഭവദിവസം നിരവധി സമ്മാനങ്ങളുമായാണ് ഭാവികയെ കാണാന്‍പോയതെന്നാണ് പരാതിക്കാരന്റെ മൊഴി. കാണാന്‍ വരുമ്പോള്‍ സാരിയും സ്വര്‍ണ കമ്മലുകളും പാദസരവും കൊണ്ടുവരാന്‍ ഭാവിക ആവശ്യപ്പെട്ടിരുന്നു. മഴക്കാലത്ത് ഉപയോഗിക്കാന്‍ പുതിയ ചെരിപ്പും കുടയും ആവശ്യപ്പെട്ടു. ഇതെല്ലാം വാങ്ങിയാണ് ഭാവികയെ കാണാന്‍ പോയത്. തുടര്‍ന്ന് ഈ സമ്മാനങ്ങളെല്ലാം വാങ്ങി തന്റെ ക്രെറ്റ കാറിലിരുന്ന് സംസാരിക്കുന്നതിനിടെയാണ് നാലംഗസംഘം ഇരച്ചെത്തി അക്രമം നടത്തിയതെന്നും യുവാവ് പറഞ്ഞു.

Post a Comment

0 Comments