Top News

ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേസിൽ വ്യാജരേഖ: അഡ്വ. ഷുക്കൂറിനെതിരെ കേസ്

കാസർകോട്: ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേസിൽ പ്രതിപ്പട്ടികയിലുള്ള കളനാട് സ്വദേശിയുടെ ഹർജിയിൽ മുൻ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ സി.ഷുക്കൂർ ഉൾപ്പെടെ 4 പേർക്കെതിരെ മേൽപറമ്പ് പോലീസ് കേസെടുത്തു.[www.malabarflash.com

ഫാഷൻ ഗോൾഡ് മാനേജിങ് ഡയറക്ടർ ടി.കെ.പൂക്കോയ തങ്ങൾ, അഞ്ചരപ്പാട്ടിൽ ഹിഷാം, സി.ഷുക്കൂർ, ഫാഷൻ ഗോൾഡ് സെക്രട്ടറി സന്ദീപ് സതീഷ് എന്നിങ്ങനെ 4 പേർക്കെതിരെയാണു കേസെടുത്തത്. മേൽപറമ്പ് സിഐ ഉത്തംദാസിന്റെ നേതൃത്വത്തിലാകും കേസ് അന്വേഷിക്കുക.]

ഫാഷൻ ഗോൾഡിന്റെ ഡയറക്ടറായി കാണിച്ച് വ്യാജരേഖയുണ്ടാക്കിയെന്ന് കളനാട് സ്വദേശി എസ്.കെ.മുഹമ്മദ് കുഞ്ഞി ഹൊസ്ദുർഗ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (2) കോടതിയിൽ നൽകിയ ഹർജിയെ തുടർന്നാണു നടപടി. കോടതി നിർദേശത്തെ തുടർന്നാണു കേസെടുത്തത്. നിക്ഷേപത്തട്ടിപ്പ് കേസിൽ 11–ാം പ്രതിയാണ് മുഹമ്മദ് കുഞ്ഞി.

ഫാഷൻ ഗോൾഡിന്റെ ഡയറക്ടർമാരുടെ പട്ടികയിൽ 2013ൽ തന്റെ പേരുൾപ്പെടുത്തിയത് തന്റെ അറിവോടെയല്ലെന്നാണ് ഹർജി. കേസിൽ പ്രതിയാക്കിയപ്പോളാണ് ഇക്കാര്യം അറിഞ്ഞതെന്നാണ് മുഹമ്മദ് കുഞ്ഞിയുടെ വാദം. സ്ഥാപനത്തിൽ പണം നിക്ഷേപിച്ചെങ്കിലും ഡയറക്ടറാക്കിയത് അറിഞ്ഞിരുന്നില്ലെന്നാണ് ഇദ്ദേഹത്തിന്റെ വാദം. തന്റെ പേരിൽ അപേക്ഷ നൽകിയ സമയത്ത് വിദേശത്തായിരുന്നു എന്നു തെളിയിക്കുന്ന രേഖകളും ഇദ്ദേഹം കോടതിയിൽ ഹാജരാക്കി.

ഡയറക്ടറാകാനുള്ള സത്യവാങ്മൂലം സാക്ഷ്യപ്പെടുത്തിയത് നോട്ടറിയായിരുന്ന ഷുക്കൂറാണ്. ആ രേഖകളിലെ ഒപ്പ് വ്യാജമാണെന്നും ഹർജിയിൽ പറയുന്നു. 2017ൽ മുഹമ്മദ് കുഞ്ഞിയെ ഡയറക്ടർ സ്ഥാനത്തു നിന്ന് നീക്കിയിരുന്നു.

Post a Comment

Previous Post Next Post