NEWS UPDATE

6/recent/ticker-posts

പ്രൊഫ. എം. എ. റഹ്മാൻ തൊട്ടറിഞ്ഞ ബേപ്പൂര്‍ സുല്‍ത്താന്‍

എഴുത്തും വായനയും ഒപ്പം കോളേജ് അധ്യാപക മോഹവും തലയ്ക്ക് പിടിച്ച ഉദുമയിലെ ഒരു യുവാവ് 1982 ൽ ബേപ്പൂർ സുൽത്താന്റെ കൊട്ടാരത്തിലേക്ക് വണ്ടി കയറുന്നു. അക്ഷരങ്ങൾ കൂട്ടിവായിക്കാൻ തുടങ്ങിയപ്പോൾ മുതൽ വൈക്കം മുഹമ്മദ് ബഷീറിനെ വായിക്കാൻ തുടങ്ങിയ ഈ യുവാവിനെ വിശ്വസാഹിത്യകാരന് പരിചയം ഉണ്ട്. കൈയ്യിലുണ്ടായിരുന്ന സർക്കാരുദ്യോഗം കളഞ്ഞ് കാര്യവട്ടത്ത് എം.ഫിൽ ചെയ്യാൻ പോകുന്നുവെന്ന് പറയാനാണ്, ഇപ്പോള്‍ പ്രൊഫ.എം.എ.റഹ്മാൻ എന്നറിയപ്പെടുന്ന മൂലയിൽ അബ്ദുൾ റഹ്മാൻ ബേപ്പൂരിന് വണ്ടി കയറിയത്.[www.malabarflash.com]


തന്റെ ഗ്രാമഫോണിൽ സൂഫി സംഗീതവുമാസ്വദിച്ച് മാഞ്ചുവട്ടിലെ ചാരു കസേരയിൽ "ഭാര്‍ഗവീനിലയ"ത്തിന്‍റെ ഉടമ കിടക്കുന്നുണ്ട്.അതിഥിയെ കണ്ടതോടെ ഫാബി ബഷീര്‍ രണ്ട് പേർക്കും സുലൈമാനിയുമായെത്തി. അടുത്തുണ്ടായിരുന്ന സ്റ്റുളിൽ ഇരിക്കാൻ റഹ്മാനോട് കണ്ണ് കാണിച്ചട്ട് 
കട്ടൻ ചായ കുടിക്കാന്‍ സുല്‍ത്താന്‍ ആംഗ്യം നല്‍കി. 

ചായ കുടിച്ചു കഴിഞ്ഞപ്പോൾ ഒഴിഞ്ഞ ഗ്ലാസ് കമിഴ്ത്തിവയ്ക്കാൻ പറഞ്ഞു. പിറകെ കഥാകാരൻ അതിന്റെ വിശദീകരണം നല്‍കി. ഗ്ലാസിൽ ബാക്കിയുള്ള ചായയിലേക്ക് ഈച്ചയും പ്രാണികളും വീഴും. അവ അവിടെ ചാവും. ഈ ലോകത്ത് ഒന്നിനേയും ഇല്ലാതാക്കാന്‍ നമുക്ക് അവകാശമില്ല. അതോർത്തിരിക്കണം. യാത്ര പറഞ്ഞ് രാത്രി വണ്ടിക്ക് യുവാവ് കാര്യവട്ടത്തേക്ക് പോയി .റഹ്മാന്‍റെ ഈ യാത്രയിൽ നിന്നാണ് ലോകം മുഴുവനുമുള്ള സാഹിത്യ പ്രേമികൾക്കു റഫറൻസ് ഗ്രന്ഥം പോലെ സൂക്ഷിക്കാവുന്ന "ബഷീർ ദ മാൻ" എന്ന ഡോക്യൂമെന്ററിയുടെ ജനനം.

ജോൺ അബ്രഹാമിനെ കണ്ടുമുട്ടുന്നു
കാര്യവട്ടത്തെ ഗ്രന്ഥപ്പുരകളില്‍ പുസ്തകങ്ങളുമായി മല്ലടിച്ചു കൊണ്ടിരുന്നതിനിടയിൽ ഒരു ദിവസം റഹ്‌മാനെ അന്വേഷിച്ച് സംവിധായകൻ ജോൺ അബ്രഹാമെത്തി.

വടക്കൻ കേരളത്തിലെ തെയ്യങ്ങളെക്കുറിച്ച് ജോൺ ഒരു ഹൃസ്വചിത്രമെടുത്തിട്ടുണ്ട്. അതിനാവശ്യമായ വിശദാംശങ്ങൾ നല്‍കണം. ഇതായിരുന്നു ആ സന്ദര്‍ശനത്തിന്‍റെ ഉദ്ദേശം. ( ആ കാലത്ത് റഹ്മൻ തെയ്യങ്ങളെ ക്കുറിച്ച് കലാകൗമുദിയിൽ എഴുതിയിരുന്നു.) ഈജോലി പൂര്‍ത്തിയാക്കി തിരുവനന്തപുരത്തെ പത്രപ്രവർത്തകൻ വേലപ്പനൊപ്പം മൂന്നാം നാൾ ചിത്രാഞ്ജലിയിൽ നിന്നിറങ്ങുമ്പോൾ മനസ്സിൽ രൂപം കൊണ്ട ആശയമാണ് ബഷീർ ദ മാൻ എന്ന ഡോക്യുമെന്ററി .

മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെ ചിത്രീകരണ വിവരം
യൂണിവേഴ്സിറ്റി കാമ്പസ്സിലെത്തിയ ശേഷം തന്റെ വകുപ്പ് മേധാവിക്ക് 
മുന്നിൽ ആശയം ഈ അവതരിപ്പിച്ചു. വേണ്ട മുന്നൊരുക്കങ്ങൾക്കായി 15 ദിവസം അനുവദിക്കാമെന്ന് വകുപ്പ് മേധാവി സന്തോഷത്തോടെ സമ്മതിച്ചു.

റഹ്മാന്റെ ചെറുകഥ സിനിമയാക്കുന്നുവെങ്കിൽ പണം മുടക്കാമെന്ന് സമ്മതിച്ചിരുന്ന പ്രവാസിയായ ഉദുമയിലെ കണ്ണംകുളം അബ്ദുളള നിർമാതാവിന്‍റെ സ്ഥാനമേറ്റു. ചിത്രീകരണം തുടങ്ങുന്ന വിവരം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ കത്തുകളുടെ രൂപത്തിൽ പ്രസിദ്ധീകരിക്കുകയും ബഷീറിന്റെ കത്തുകളും അറിയപ്പെടാത്ത എന്തെങ്കിലും മറ്റു രേഖകള്‍ കൈവശമുള്ളവർ ഈ സംരംഭ സഹകരിക്കണമെന്നും അഭ്യർഥിച്ചു.

ദമ്പതികളെ അനുഗ്രഹിക്കാന്‍ സുല്‍ത്താനും കുടുംബവും ഉദുമ മൂലയില്‍ വീട്ടില്‍
1982-ൽ തുടങ്ങി 1987-ൽ പൂർത്തിയാക്കിയ ചിത്രീകരണത്തിനിടയിൽ വിശ്വസാഹിത്യകാരനെ അടുത്തറിഞ്ഞുവെന്ന് റഹ്മാന്‍ പറഞ്ഞു. കുട്ടിയുടെ ശാഠ്യവും ഗൃഹനാഥന്റെ കരുതലും, ഒരു കാരണവരുടെ കർക്കശവുമുള്ള ഒരാളായി നിമിഷങ്ങൾക്കുള്ളിൽ മാറുന്ന ഒരു സാധാരണക്കാരന്‍ കൂടിയാണ് ഈ വലിയ മനുഷ്യനെന്ന് റഹ്മാന്‍ ഓര്‍മിച്ചുകൊണ്ടേയിരിക്കുന്നു. 

അഞ്ച് വർഷക്കാലം ബഷീറിന്റെ ജീവിതം ചിത്രീകരിക്കാൻ പിറകെ കൂടിയതോടെ രണ്ട് പേർക്കുമിടയിൽ ഒരാത്മ ബന്ധം വളർന്നു വന്നു. 
1987 മാർച്ച് എട്ടിന് എം.എ. റഹ്മാനും സാഹിറയും വിവാഹിതരായപ്പോൾ ബേപ്പൂർ സുൽത്താനും ഫാബിയും മകളും ഉദുമ മൂലയിൽ വീട്ടിലെത്തിയത് ഇതിന്‍റെ ദൃഷ്ടാന്തമാണ്. നിരവധി രോഗങ്ങൾ വലച്ചു കൊണ്ടിരുന്നപ്പോഴാണ് സുൽത്താന്‍റെ അന്നത്തെ ഉദുമ യാത്ര. കോഴിക്കോട്ടെ മാതൃഭൂമി റിപ്പോർട്ടർ പി.കെ. സുരേന്ദ്രനും, ഗൃഹലക്ഷമി എഡിറ്റർ മോൻ സി ജോസഫും ബഷീറിനൊപ്പമുണ്ടായിരുന്നു. തൂശനിലയിൽ പച്ചക്കറി സദ്യയുമുണ്ട് വധൂവരന്മാരെ ആനുഗ്രഹിച്ച് നാല് മണിയോടെയാണ് ബേപ്പൂര്‍സുല്‍ത്താന്‍ കോഴിക്കോട്ടേക്ക് മടങ്ങിയത്.
റഹ്മാന്റെ പിതാവ് മൂലയില്‍ മൊയ്തീന്‍ കുഞ്ഞിയും മാതാവ് ഉമ്മാലി ഉമ്മയും ചേര്‍ന്ന് ഉദുമയിലെ സ്വന്തം വയലിൽ വിളഞ്ഞ നെല്ലും, നാടൻ കുത്തരിയും, ചക്കയും, മാങ്ങയും, തേങ്ങയുമെല്ലാം ആ കാറിൽ കോഴിക്കോട്ടേക്ക് കൊടുത്തുവിടുകയും ചെയ്തു.

വിശ്വസാഹിത്യകാരനെ കാണാനും അദ്ദേഹം പറയുന്നത് കേൾക്കാനുമായി ഉദുമയിലും പരിസരങ്ങളിലുമുള്ള സ്കൂളുകളിലെ കുട്ടികളും നാട്ടുകാരും കന്നഡ അധ്യാപകൻ പ്രൊഫസർ മൂഡിത്തായും, നമ്പൂതിരിയും, പ്രൊ.എം.എന്‍.വിജയനുമെല്ലാം അന്ന് എത്തിയിരുന്നു.

പുരസ്ക്കാരനിറവില്‍ ബഷീർ ദ മാൻ
ഈ ഹൃസ്വചിത്ര മെരുക്കുന്നതിനിടയിൽ ചന്ദ്രഗിരിപ്പുഴയിലൂടെ വെള്ളം ഏറെ ഒഴുകിപ്പോയി. കോഴിക്കോട് പ്രവേശനം നല്‍കാതെ തിരിച്ചയച്ച എം.ഫില്ല് തിരുവനന്തപുരത്തു നിന്ന് ഒന്നാം റാങ്കോടെ റഹ്മാന്‍ നേടിയെടുത്തു.

ഫറൂഖ് കോളേജിൽ അധ്യാപകനായി. സിനിമാ പിടിക്കാൻ നടക്കുന്നയാൾ എന്ന ചീത്തപ്പേര് ചാർത്തി അവിടത്തെ സ്ഥാപന മേധവി വിശദീകരണം ചോദിച്ചു. എങ്കില്‍ ആപണി വേണ്ടെന്ന് വെച്ച് കാസർകോട്ടെക്ക് തിരിച്ചു വന്ന് ഒരു സമാന്തര കോളേജിൽ കുറച്ചു കാലം അധ്യാപകനായി. അതിനിടയിൽ പി.എസ്.സി. കിട്ടി തലശ്ശേരി ബ്രണ്ണൻ കോളേജിൽ എം.എൻ. വിജയന്‍റെ പിൻഗാമിയായി പഠിപ്പിക്കാൻ ചേർന്നു. ചിത്രാഞ്ജലിയിലെ കുഴപ്പം മൂലം ചിത്രം തന്നെ വെള്ളത്തിലാവുമെന്ന ഘട്ടത്തില്‍ അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരന്‍ ഇടപെട്ട് പരിഹാരമുണ്ടാക്കി. ( രണ്ടു പേരും സ്വാതന്ത്യസമരസേനാനികളായിരുന്നല്ലോ)

ബേപ്പൂർ സുൽത്താന്റെ വീട്ടിലെ ഒരു മുറി സൗണ്ട് പ്രൂഫാക്കി
സ്റ്റുഡിയോ രൂപപ്പെടുത്തി ബഷീർ തന്നെ ശബ്ദം കൊടുത്തു. ക്യാമറ മാൻ ദിവാകര മേനാനും, എഡിറ്റർ രാമൻ നായരും, പ്രതിസന്ധി ഘട്ടങ്ങളില്‍ ഒപ്പം നിന്നു.

അഞ്ച് വർഷം ചിത്രീകരിച്ചതെല്ലാം വെട്ടിച്ചുരുക്കി 33 മിനിട്ടിലേക്ക് ചുരുക്കി സുന്ദര കാവ്യം പോലെ ബഷീര്‍ ദ മാന്‍ നാടിന് സമ്മാനിച്ചു. ജോലികള്‍ പൂര്‍ത്തിയാക്കി ചിത്രം ജോൺ അബ്രഹാമിനെ കാണിക്കാനായി ചെന്നൈയില്‍ നിന്നും കോഴിക്കോട്ടെക്ക് വരുമ്പോള്‍ (87 ലെ ബലി പെരുന്നാൾ തലേന്ന്) ജോൺ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചുവെന്ന വാര്‍ത്ത വണ്ടി ഇറങ്ങുന്നതിന് മുന്‍പ് കിട്ടിയത് വേദനയായി.
1987 ൽ ബഷീർ ദ മാൻ മികച്ച ഡോക്യൂമെന്ററിക്കുള്ള ദേശീയ -സംസ്ഥാന പുരസ്ക്കാരങ്ങള്‍ നേടി. നിരവധി അന്തർ ദേശീയ പ്രദർശന വേദികളിലൂടെ പ്രേക്ഷകരുടെ കൈയ്യടി നേടിയെടുത്തു. പുരസ്കാരങ്ങള്‍ ലഭിച്ചതറിയാക്കാനെത്തിയപ്പോൾ സന്തോഷത്താൽ മതിമറന്ന ആ സൂഫിവര്യന്‍ ഓര്‍മപ്പെടുത്തിയത് തന്‍റെ തന്നെ പുസ്തകത്തിലെ ഈ വാചകമായിരുന്നു. "ഇല്ല ജീവിതം താറു മാറായി പോകാന്‍ ഞാന്‍ സമ്മതിക്കുകയില്ല, സര്‍വശക്തിയും സംഭരിച്ച് വീണ്ടും ശ്രമിക്കുക" തുടക്കം മുതല്‍ ഇത് മനസ്സില്‍ ഉറപ്പിച്ചിരുന്ന റഹ്മാന്റേതായി കോവിലൻ എന്റെ അച്ഛാച്ചൻ, കുമരനല്ലൂരിലെ കുളങ്ങൾ (എം.ടി.യെക്കുറിച്ച്) ,  അരജീവിതങ്ങൾക്കൊരു സ്വർഗ്ഗം (എന്‍ഡോസള്‍ഫാന്‍ ദുരന്തങ്ങള്‍), ഗോത്രസ്മൃതി, ഇശൽഗ്രാമം വിളിക്കുന്നു, ഖത്തർ കായികതാരത്തെകുറിച്ച് തയ്യാറാക്കിയ തലാൽ മൻസൂർ തുടങ്ങി ശ്രദ്ധേയമായ ഒരു ഡസൻ ചിത്രങ്ങൾ പ്രേക്ഷകർക്ക് മുന്നിലെത്തിച്ചു.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ അവകാശപ്പോരാട്ടങ്ങള്‍ ക്ക്മുന്‍നിരയിലുള്ള എം.എ.റഹ്മാന്‍ സെർവിന്റെ രക്ഷാധികാരിയാണ്. കാസര്‍കോട് കാരുടെ റഹ്മാൻ മാഷ് പൊതു വേദികളില്‍ ഇപ്പോഴും സജീവമാണ്. കോളേജ് അധ്യാപികയായിരുന്ന ഭാര്യ സാഹിറ അറിയപ്പെടുന്ന ചിത്രകാരിയാണ്. മകന്‍ ഈസയും മരുമകള്‍ ഷെറിനും ബoഗ്ലുരുവില്‍ ജോലിചെയ്യുന്നു.

Post a Comment

0 Comments