Top News

അറസ്റ്റിനെത്തിയ പോലീസിനെ ആക്രമിച്ചു; വെടിവെപ്പിൽ പ്രതിക്ക് പരിക്ക്

മംഗളൂരു: ശിവമോഗ ദൊഡ്ഡ ദനന്തിയിൽ പോലീസ് നടത്തിയ വെടിവെപ്പിൽ പരിക്കേറ്റ് യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സൈഫുല്ല ഖാൻ എന്ന ഷാഫിക്കാണ് (36) വെടിയേറ്റത്. അറസ്റ്റ് നടപടികൾക്ക് വഴങ്ങാതെ പോലീസിനെ അക്രമിച്ചപ്പോൾ സബ് ഇൻസ്പെക്ടർ ആത്മരക്ഷാർത്ഥം വെടിവെച്ചതാണെന്നാണ് ജില്ല പോലീസ് സൂപ്രണ്ട് പറയുന്നത്.[www.malabarflash.com]


കൊടുംകുറ്റവാളിയായ യുവാവിനെ ഒരു കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യാൻ ജയനഗർ എസ്.ഐ എൻ. നവീന്റെ നേതൃത്വത്തിൽ ദൊഡ്ഡ ദനന്തി അയനൂരിൽ ചെന്നതായിരുന്നു പോലീസ് സംഘം. നാഗരാജ് എന്ന പോലീസുകാരനെ അക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ മുട്ടിന് താഴെ വെടിവെച്ച് വീഴ്ത്തുകയായിരുന്നു. ആദ്യം ആകാശത്തേക്ക് വെടിവെച്ച് കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും വഴങ്ങാതെ രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണിത്. ഷാഫിക്കെതിരെ ശിവമോഗ ദൊഡ്ഡപ്പേട്ട സ്റ്റേഷനിൽ മാത്രം 16 കേസുകൾ ഉണ്ടെന്ന് ജില്ല പോലീസ് സൂപ്രണ്ട് ജി.കെ മിഥുൻ കുമാർ പറഞ്ഞു.

തുംഗനഗർ, ജയനഗർ, കുംസി പോലീസ് സ്റ്റേഷനുകളിലും കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. കവർച്ച, മയക്കുമരുന്ന് തുടങ്ങിയവയാണ് കേസുകൾ. പ്രതിയുടെ ജീവന് ഭീഷണിയില്ലെന്നും എസ്.പി അവകാശപ്പെട്ടു.

ശിവമോഗ ആശുപത്രിയിലാണ് ഷാഫിയെ പ്രവേശിപ്പിച്ചത്. പോലീസ് ഉദ്യോഗസ്ഥൻ നാഗരാജ് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

Post a Comment

Previous Post Next Post