Top News

മൂന്ന് വർഷമായി കാണാതായ യുവതിയുടെ അസ്ഥികൂടം സെപ്റ്റിക് ടാങ്കിൽ; കൊലപ്പെടുത്തിയത് ഭർത്താവ്

കൊൽക്കത്ത: കാണാതായ യുവതിയുടെ മൃതദേഹം സെപ്റ്റിക് ടാങ്കിൽ കണ്ടെത്തി. ക്രിമിനൽ ഇൻവസ്റ്റിഗേഷൻ ഡിപ്പാർട്മെന്റ് ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ പിതാവ് നൽകിയ പരാതിയിലായിരുന്നു അന്വേഷണം.[www.malabarflash.com]


സംഭവത്തിൽ യുവതിയുടെ ഭർത്താവിനെ അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാൾ സ്വദേശിയായ യുവതിയാണ് കൊല്ലപ്പെട്ടത്. 2020 മാർച്ച് മുതലാണ് തുമ്പ മണ്ടൽ കാണാതായത്. ഇതുസംബന്ധിച്ച് യുവതിയുടെ പിതാവ് ലക്ഷ്മൺ ഹൽദർ പോലീസിൽ പരാതി നൽകിയിരുന്നു.

തുമ്പയുടെ ഭർത്താവിനെതിരെയായിരുന്നു പിതാവിന്റെ പരാതി. 2020 ഏപ്രിലിൽ തുമ്പയുടെ ഭർത്താവ് ബോംപാൽ മണ്ടലിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, ബോംപാലിനെതിരെ തെളിവുകളൊന്നും ലഭിക്കാത്തതിനെ തുടർന്ന് ഇയാൾക്ക് പിന്നീട് ജാമ്യം ലഭിച്ചു.

ഇതിനെ തുടർന്ന് ലക്ഷ്മൺ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് കൊൽക്കത്ത ഹൈക്കോടതിയെ സമീപിച്ചു. ആവശ്യം അംഗീകരിച്ച കോടതി സിഐഡി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

ജൂൺ 13 നാണ് സിഐഡി കേസ് ഏറ്റെടുത്തത്. ബോംപാലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

2020 ൽ തുമ്പയും ബോംപാലും താമസിച്ചിരുന്ന വാടക വീട്ടിലെ സെപ്റ്റിക് ടാങ്കിലാണ് മൃതദേഹം ഉപേക്ഷിച്ചത്. ഭാര്യയ്ക്ക് മറ്റ് ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നായിരുന്നു കൊലപാതകമെന്ന് ഇയാൾ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.

തലയണ കൊണ്ട് ശ്വാസം മുട്ടിച്ചാണ് കൊല നടത്തിയതെന്നും ഇയാൾ വെളിപ്പെടുത്തി. വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ വീട്ടിലെ സെപ്റ്റിക് ടാങ്കിൽ നടത്തിയ തിരച്ചിലിലാണ് അസ്ഥികൂടം കണ്ടെത്തിയത്.

Post a Comment

Previous Post Next Post