Top News

ടൈറ്റന്‍ ദുരന്തമായി മാറി; പേടകത്തിലുണ്ടായിരുന്ന അഞ്ചുപേരും മരിച്ചതായി നിഗമനം

ബോസ്റ്റണ്‍: ഒരുനൂറ്റാണ്ടുമുമ്പ് കടലില്‍ മുങ്ങിയ ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടം കാണാന്‍ അഞ്ചുപേരുമായി പോയ 'ടൈറ്റന്‍' ജലപേടകത്തിന്റെ യാത്ര ദുരന്തമായി അവസാനിച്ചതായി സ്ഥിരീകരണം. പേടകത്തിലുണ്ടായിരുന്ന അഞ്ചു പേരും മരിച്ചതായി കണക്കാക്കുന്നതായി യുഎസ് കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു. ഒരു സ്‌ഫോടനത്തിന് സമാനമായ ദുരന്തമാണ് സംഭവിച്ചതെന്ന നിഗമനത്തിലാണ് അധികൃതര്‍.[www.malabarflash.com]


ബ്രിട്ടീഷ് കോടീശ്വരന്‍ ഹാമിഷ് ഹാര്‍ഡിങ്, ബ്രിട്ടീഷ്-പാകിസ്താനി ബിസിനസുകാരന്‍ ഷെഹ്സാദ ദാവൂദ്, മകന്‍ സുലേമാന്‍ എന്നിവരും ടൈറ്റന്‍ ജലപേടകത്തിന്റെ ഉടമകളായ ഓഷന്‍ഗേറ്റ് എക്‌സ്പെഡീഷന്‍സിന്റെ സി.ഇ.ഒ. സ്റ്റോക്ടന്‍ റഷ്, മുങ്ങല്‍വിദഗ്ധന്‍ പോള്‍ ഹെന്റി നാര്‍ജിയോലെ എന്നിവരാണ് പേടകത്തിലുണ്ടായിരുന്നവര്‍.

മുങ്ങി കിടക്കുന്ന ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങളുടെ സമീപത്ത് നിന്ന് കണ്ടെത്തിയ യന്ത്രഭാഗങ്ങള്‍ കാണാതായ ടൈറ്റനിന്റേതാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് പേടകം പൊട്ടിത്തെറിച്ചതാണെന്ന് യുഎസ് കോസ്റ്റ്ഗാര്‍ഡ് അറിയിച്ചത്. ടൈറ്റനിന്റെ പിന്‍ഭാഗത്തുള്ള കോണാകൃതിയിലുള്ള ഭാഗമാണ് ആദ്യം കണ്ടെത്തിയത്. പിന്നീട് കൂടുതല്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തി. മൃതദേഹങ്ങള്‍ കണ്ടെടുക്കാനാകുമോ എന്നത് പറയാന്‍ കഴിയില്ലെന്ന് കോസ്റ്റ്ഗാര്‍ഡ് റിയര്‍ അഡ്മിറല്‍ അറിയിച്ചു.

കനേഡിയന്‍ റിമോര്‍ട്ട് നിയന്ത്രിത പേടകം (ROV) ആണ് യന്ത്രഭാഗങ്ങള്‍ കണ്ടെത്തിയത്. ഇവ പരിശോധിച്ചതില്‍ നിന്നാണ് ഒരു പൊട്ടിത്തെറി നടന്നതായുള്ള അനുമാനത്തില്‍ വിദഗദ്ധര്‍ എത്തിയത്.

ടൈറ്റന്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ ROV പരിശോധന നടത്തുന്നത് തുടരുമെന്നും കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു.

ടൈറ്റനിലെ യാത്രക്കാര്‍: ഹാമിഷ് ഹാര്‍ഡിങ് ആക്ഷന്‍ ഏവിയേഷന്‍ എന്ന വിമാനക്കമ്പനിയുടെ ചെയര്‍മാന്‍. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തനം. നമീബിയയില്‍നിന്ന് ഇന്ത്യയിലേക്ക് എട്ട് ചീറ്റകളെ എത്തിച്ച ബോയിങ് വിമാനം ഏര്‍പ്പെടുത്തിയത് ഹാര്‍ഡിങ്ങാണ്. സാഹസികപര്യടനങ്ങളില്‍ തത്പരനായ ഇദ്ദേഹത്തിന്റെപേരില്‍ മൂന്നു ഗിന്നസ് റെക്കോഡുകളുണ്ട്. മരിയാന കിടങ്ങിന്റെ ഏറ്റവും ആഴത്തില്‍കഴിഞ്ഞതിനുള്‍പ്പെടെയുള്ള റെക്കോഡുകളാണിത്. പലതവണ ദക്ഷിണധ്രുവത്തിലേക്ക് സഞ്ചരിച്ചു. കഴിഞ്ഞവര്‍ഷം ബ്ലൂ ഓറിജന്‍ പേടകത്തില്‍ ബഹിരാകാശത്തും പോയി.

ഷെഹ്സാദ ദാവൂദ്, മകന്‍ സുലേമാന്‍ പാകിസ്താനിലെ ഏറ്റവും വലിയ വ്യവസായസ്ഥാപനമായ എന്‍ഗ്രോ കോര്‍പ്പറേഷന്റെ വൈസ് ചെയര്‍മാനാണ് ഷെഹ്‌സാദ. കുടുംബസമേതം ബ്രിട്ടനില്‍ താമസം. അന്യഗ്രഹജീവികളെ തിരയുന്ന കാലിഫോര്‍ണിയ ആസ്ഥാനമായുള്ള ഗവേഷണസ്ഥാപനമായ സെറ്റി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ട്രസ്റ്റി.

സ്റ്റോക്ടണ്‍ റഷ് ടൈറ്റന്‍ പര്യടനത്തിനു ചുക്കാന്‍പിടിക്കുന്ന ഓഷന്‍ഗേറ്റ് കമ്പനിയുടെ സ്ഥാപകനും സി.ഇ.ഒ.യും

പോള്‍ ഹെന്റി നാര്‍ജിയോലെ 77 വയസ്സുള്ള ഫ്രഞ്ച് മുങ്ങല്‍ വിദഗ്ധന്‍. ഫ്രഞ്ച് നാവികസേനാ മുന്‍ കമാന്‍ഡറായ ഇദ്ദേഹം ടൈറ്റാനിക് അവശിഷ്ടത്തെയും അതുള്ള സ്ഥലത്തെയുംകുറിച്ച് വിദഗ്ധനാണ്. 1987-ല്‍ ടൈറ്റാനിക് അവശിഷ്ടംകാണാന്‍ പുറപ്പെട്ട ആദ്യസംഘത്തില്‍ അംഗമായിരുന്നു.

ടൈറ്റന്‍: യു.എസ്. ആസ്ഥാനമായുള്ള ഓഷന്‍ഗേറ്റ് എക്‌സ്പെഡീഷന്‍സ് സമുദ്രപര്യവേക്ഷണത്തിനായി നിര്‍മിച്ച പേടകം. അഞ്ചുപേര്‍ക്കിരിക്കാം. കടലില്‍ 4000 മീറ്റര്‍ ആഴംവരെ പോകും. നീളം ആറര മീറ്റര്‍. അഞ്ചുപേര്‍ക്ക് 96 മണിക്കൂര്‍ കഴിയാന്‍വേണ്ട ഓക്‌സിജന്‍. മണിക്കൂറില്‍ 5.6 കിലോമീറ്റര്‍വേഗം. സാഹസികയാത്രികരെ ടൈറ്റാനിക് അവശിഷ്ടം കാണാന്‍ കൊണ്ടുപോകാനും കടലിനടിയിലെ സര്‍വേകള്‍ക്കും ഗവേഷണത്തിനും വിവരശേഖരണത്തിനും സിനിമാചിത്രീകരണത്തിനുമെല്ലാം ഉപയോഗിക്കാം. എട്ടുദിവസത്തെ ടൈറ്റാനിക് പര്യടനത്തിന് ഒരാളില്‍നിന്ന് രണ്ടരലക്ഷം ഡോളറാണ് (രണ്ടുകോടി രൂപ) ഓഷന്‍ഗേറ്റ് ഈടാക്കിയത്..

ടൈറ്റാനിക്: കാനഡയുടെ ന്യൂഫൗണ്ട്ലാന്‍ഡ് തീരത്തുനിന്ന് 600 കിലോമീറ്റര്‍ അകലെ അറ്റ്ലാന്റിക് സമുദ്രോപരിതലത്തില്‍നിന്ന് 3800 മീറ്റര്‍ ആഴത്തിലാണ് ടൈറ്റാനിക് ഉറച്ചിരിക്കുന്നത്. 1912-ല്‍ ബ്രിട്ടനിലെ സതാംപ്ടണില്‍നിന്ന് യു.എസിലെ ന്യൂയോര്‍ക്കിലേക്ക് 2200 പേരുമായി നടത്തിയ കന്നിയാത്രയില്‍ ടൈറ്റാനിക് മഞ്ഞുമലയിലിടിച്ച് മുങ്ങുകയായിരുന്നു. യാത്രക്കാരില്‍ 1500-ലേറെപ്പേര്‍ മരിച്ചു. 1985-ല്‍ കപ്പലിന്റെ അവശിഷ്ടം കണ്ടെത്തിയതുമുതല്‍ ഒട്ടേറെ പര്യവേക്ഷണങ്ങള്‍ നടക്കുന്നുണ്ട്.

Post a Comment

Previous Post Next Post