Top News

എം എ യൂസുഫലിയുടെ കോഴിക്കോട്ടെ വീട്ടില്‍ മോഷണം നടത്തിയയാള്‍ പിടിയില്‍

കോഴിക്കോട്: എം എ യൂസുഫലിയുടെ കോഴിക്കോട്ടെ വീട്ടില്‍ മോഷണം നടത്തിയയാളെ നടക്കാവ് പോലീസ് പിടികൂടി. നടക്കാവ് പണിക്കര്‍ റോഡ് രഞ്ജിത്തി(39) നെയാണ് നടക്കാവ് ഇന്‍സ്‌പെക്ടര്‍ പി കെ ജിജീഷിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.[www.malabarflash.com]


കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിന് സമീപത്തുള്ള ആള്‍ താമസമില്ലാത്ത വീട്ടിലാണ് മോഷണം നടന്നത്. 16,000 സ്‌ക്വയര്‍ ഫീറ്റിലുള്ള ഈ പഴയ വീട്ടില്‍ ആള്‍ താമസമില്ല. ഈ മാസം പത്തിനാണ് മോഷണം നടന്നതെന്നാണ് പോലീസ് കരുതുന്നത്. പൂട്ടിയിട്ട വീട്ടില്‍ പൂട്ട് തകര്‍ത്ത് അകത്ത് കയറി കവര്‍ച്ച നടത്തുകയായിരുന്നു. സഊദിയില്‍ നിന്നുള്ള വിലപിടിപ്പുള്ള കാര്‍പ്പെറ്റ് ഉള്‍പ്പെടെയുള്ള വസ്തുക്കളാണ് മോഷ്ടിച്ചത്.

മോഷണം നടന്നത് ദിവസങ്ങള്‍ക്ക് ശേഷമാണ് അറിയുന്നത്. യൂസുഫലിയുടെ കോഴിക്കോട് മാനേജര്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. വിവിധ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പോലീസിനെ കബളിപ്പിച്ച് കറങ്ങി നടന്ന പ്രതിയെ തന്ത്രപൂര്‍വം വലയില്‍ വീഴ്ത്തി നടക്കാവ് ഇന്‍സ്‌പെക്ടര്‍ ജിജീഷ് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്ത് കോഴിക്കോട് ജില്ലാ ജയിലിലേക്കയച്ചു.

മോഷണം നടത്തിയത് പ്രതി ഒറ്റക്കല്ലെന്ന് പോലീസ് പറഞ്ഞു. കൂട്ടുപ്രതികളുണ്ടെന്ന് പ്രതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. 1947ല്‍ പണി കഴിപ്പിച്ച വീട് മുന്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ താമസിച്ച വീടാണ്. പിന്നീട് എം എ യൂസുഫലിക്ക് കൈമാറുകയായിരുന്നു. സബ് ഇന്‍സ്‌പെക്ടര്‍മാരായ കൈലാസ് നാഥ് എസ് ബി, എ എസ് ഐ ഷൈജു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ എം വി ശ്രീകാന്ത്, സി ഹരീഷ് കുമാര്‍, ബബിത്ത് കുറി മണ്ണില്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

Post a Comment

Previous Post Next Post