തിരുവനന്തപുരം: 'ഇന്ന് മരിച്ചു പോയ രാഖിമോളുടെ പിറന്നാളാണ്. അന്നേദിവസം കേസിൽ വിധി വന്നു, അവൾക്ക് നീതി ലഭിച്ചു'- കേസിൽ വിധി കേട്ട ശേഷം സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മാധ്യമങ്ങളോട് പ്രതികരിച്ചത് ഇപ്രകാരമായിരുന്നു.[www.malabarflash.com]
2019-ൽ കേരളത്തെ നടുക്കിയ കൊലപാതകമായിരുന്നു അമ്പൂരി രാഖി വധം. ഈ കേസിലാണ് ഇപ്പോൾ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി വിധി പറഞ്ഞത്. തിരുവനന്തപുരം നെയ്യാറ്റിൻകര തിരുപുറം പുത്തൻകട സ്വദേശിനി രാഖിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി മറവുചെയ്ത കേസിലെ പ്രതികളായ സഹോദരന്മാർക്കും സുഹൃത്തിനും ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചത്. 4 ലക്ഷം രൂപ വീതം പിഴ അടക്കുകയും വേണം. രാഖിയുടെ സുഹൃത്ത് അഖിൽ, സഹോദരൻ രാഹുൽ, സുഹൃത്ത് ആദർശ് എന്നിവരേയാണ് കോടതി ശിക്ഷിച്ചത്.
നാലുവര്‍ഷം മുന്‍പ് കേരളത്തെ നടുക്കിയ ക്രൂരമായ കൊലപാതകമായിരുന്നു അമ്പൂരിയിലെ രാഖിയുടേത്. വീട്ടില്‍നിന്ന് എറണാകുളത്തെ ജോലിസ്ഥലത്തേക്ക് പോയ യുവതിയെ പിന്നീട് കാണാതായെന്ന പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണമാണ് ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ ചുരുളഴിച്ചത്. കൃത്യം നടന്ന് ഒരുമാസത്തിന് ശേഷമാണ് രാഖിയുടെ ജീര്‍ണിച്ച മൃതദേഹം കാമുകന്റെ വീട്ടുവളപ്പില്‍നിന്ന് കണ്ടെടുത്തത്. സൈനികനായ അഖില്‍ എസ്.നായര്‍, സഹോദരന്‍ രാഹുല്‍ എസ്.നായര്‍, ഇവരുടെ സുഹൃത്ത് ആദര്‍ശ് എന്നിവരായിരുന്നു കേസിലെ പ്രതികള്‍. നാലുവര്‍ഷങ്ങള്‍ക്കിപ്പുറം കേസിലെ മൂന്നുപ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരിക്കുകയാണ്. കൊലപാതകം, തെളിവ് നശിപ്പിക്കല്‍ അടക്കമുള്ള കുറ്റങ്ങളാണ് തെളിഞ്ഞത്.
സൈനികനായ അഖിലും രാഖിയും ആറുവര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു. മിസ്ഡ്‌കോള്‍ വഴിയാണ് അഖിലും രാഖിയും ആദ്യമായി പരിചയപ്പെട്ടത്. പിന്നീട് ഇത് പ്രണയമായി വളര്‍ന്നു. രാഖിയെ കാണാനായി അഖില്‍ എറണാകുളത്ത് ഇടയ്ക്കിടെ വരുന്നതും പതിവായി. ഇതിനിടെ അഖില്‍ രഹസ്യമായി രാഖിയെ താലി ചാര്‍ത്തിയിരുന്നു. രാഖിയുടെ മൃതദേഹത്തില്‍നിന്ന് താലിച്ചരട് കണ്ടെടുത്തതോടെയാണ് ഇക്കാര്യം പുറത്തറിഞ്ഞത്. 2019 ഫെബ്രുവരി 15-ന് എറണാകുളത്തെ ഒരു ക്ഷേത്രത്തില്‍വെച്ച് രാഖിയെ താലിച്ചാര്‍ത്തിയെന്നും തുടര്‍ന്ന് ഇരുവരും ഭാര്യാഭര്‍ത്താക്കന്മാരെപ്പോലെ ജീവിച്ചെന്നുമായിരുന്നു മൂന്നാംപ്രതി ആദര്‍ശിന്റെ മൊഴി. പക്ഷേ, പോലീസിന്റെ ചോദ്യംചെയ്യലില്‍ അഖില്‍ ഇക്കാര്യം നിഷേധിച്ചിരുന്നു.
2019 മേയ് മാസത്തോടെ മറ്റൊരു യുവതിയുമായി അഖിലിന്റെ വിവാഹം ഉറപ്പിച്ചു. ഇതോടെ രാഖിയെ ഒഴിവാക്കാനായിരുന്നു ഇയാളുടെ ശ്രമം. പക്ഷേ, അഖിലുമായി വിവാഹമുറപ്പിച്ച പെണ്‍കുട്ടിയുടെ വീട്ടിലെത്തി രാഖി തങ്ങളുടെ പ്രണയത്തെക്കുറിച്ച് വെളിപ്പെടുത്തി. ഇതോടെ വിവാഹം മുടങ്ങി. തുടര്‍ന്നാണ് രാഖിയെ വകവരുത്താന്‍ അഖിലും സഹോദരനും തീരുമാനമെടുത്തത്.
എല്ലാം പ്ലാൻ ചെയ്തത ശേഷമാണ് മൂന്നുപേരും രാഖിയെ കാണാൻ ചെല്ലുന്നത്. ജൂൺ 21-ന് വീട് കാണിക്കാമെന്ന് പറഞ്ഞ് അഖില്‍ രാഖിയെ കാറില്‍ കയറ്റി നിര്‍മാണത്തിലിരിക്കുന്ന വീടിന് സമീപമെത്തിച്ചു. തുടര്‍ന്ന് കാറില്‍വെച്ച് അഖിലും രാഹുലും ചേര്‍ന്ന് രാഖിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ആദ്യം കാറിന്റെ സീറ്റ് ബെല്‍റ്റാണ് രാഖിയുടെ കഴുത്തില്‍ മുറുക്കിയത്. തുടര്‍ന്ന് കൈയിലുണ്ടായിരുന്ന പ്ലാസ്റ്റിക് കയര്‍ കഴുത്തില്‍ മുറുക്കി മരണം ഉറപ്പിക്കുകയായിരുന്നു.
'എന്റെ അനുജന്റെ വിവാഹം മുടക്കിയ നീ ജീവിച്ചിരിക്കേണ്ടേടി' എന്നുപറഞ്ഞ് രാഹുലാണ് രാഖിയുടെ കഴുത്തില്‍ ആദ്യം സീറ്റ് ബെല്‍റ്റ് മുറുക്കിയതെന്നാണ് പ്രതികളുടെ മൊഴി. ഈ സമയം യുവതിയുടെ നിലവിളി ആരും കേള്‍ക്കാതിരിക്കാന്‍ അഖില്‍ കാറിന്റെ ആക്‌സിലേറ്ററില്‍ കാലമര്‍ത്തി ശബ്ദമുണ്ടാക്കി. രാഖി മരിച്ചെന്ന് ഉറപ്പിച്ചതോടെ വസ്ത്രങ്ങളെല്ലാം അഴിച്ചുമാറ്റി പൂര്‍ണനഗ്നയായാണ് മൃതദേഹം കുഴിച്ചിട്ടത്. മൃതദേഹം വേഗത്തില്‍ അഴുകാനായി വന്‍തോതില്‍ ഉപ്പും വിതറിയിരുന്നു. മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് രണ്ട് കമുകിന്‍ തൈകളും നട്ടു.
കൊലപാതകം നടന്ന് ഒരുമാസത്തിന് ശേഷമാണ് രാഖിയുടെ മൃതദേഹം കണ്ടെടുത്തത്. കുഴിയില്‍ വന്‍തോതില്‍ ഉപ്പ് വിതറിയതിനാല്‍ മൃതദേഹം അഴുകിയനിലയിലായിരുന്നു.
രാഖിയെ കൊന്ന് കുഴിച്ചിട്ടശേഷം ലഡാക്കിലെ ജോലിസ്ഥലത്തേക്കെന്ന് പറഞ്ഞ് നാട്ടില്‍നിന്ന് പോയ അഖില്‍ ഡല്‍ഹിയിലാണ് തങ്ങിയിരുന്നത്. കൊലപാതകം പുറത്തറിഞ്ഞതോടെ രഹസ്യമായി നാട്ടിലേക്ക് മടങ്ങിയ ഇയാളെ തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൊലയ്ക്ക് ശേഷം പാലക്കാട് ശ്രീകൃഷ്ണപുരത്താണ് പ്രതികള്‍ രാഖിയുടെ വസ്ത്രങ്ങള്‍ ഉപേക്ഷിച്ചത്. രാഖിയുടെ ബാഗ് മണ്ണാര്‍ക്കാട്ട് കെ.എസ്.ആര്‍.ടി.സി. ബസിലും ഉപേക്ഷിക്കുകയായിരുന്നു. പ്രതികളുമായി നടത്തിയ തെളിവെടുപ്പില്‍ ഇവയെല്ലാം പിന്നീട് കണ്ടെടുത്തു.
0 Comments